ഉത്തര്‍പ്രദേശില്‍ എസ്.പി – ബി.എസ്.പി സഖ്യം

By on

ഉത്തര്‍പ്രദേശില്‍ എസ്.പി – ബി.എസ്.പി സഖ്യം പ്രഖ്യാപിച്ച് മായാവതി. ഇതിന് മുമ്പും എസ്.പിയും ബി.എസ്.പിയും സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും മോദിക്കും അമിത് ഷായ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും പ്രഖ്യാപനവേളയില്‍ മായാവതി പറഞ്ഞു.രാജ്യ താല്‍പര്യം പരിഗണിച്ചാണ് സഖ്യമുണ്ടാക്കിയതെന്നും, സഖ്യത്തില്‍ കോണ്‍ഗ്രസ് ഭാഗമല്ലെന്നും മായാവതി വ്യക്തമാക്കി.വര്‍ഷങ്ങളായുള്ള ഇരുപാര്‍ട്ടികളുടെയും ശത്രുതയാണ് പുതിയ സഖ്യത്തിലൂടെ അവസാനിക്കുന്നത്.

മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. ബി.ജെ.പിയുടെ ജാതി രാഷ്ട്രീയത്തിനെതിരെയാണ് പോരാട്ടമെന്നും 2019 പൊതുതെരഞ്ഞെടുപ്പില്‍ എസ്.പി- ബി.എസ്.പി സഖ്യം മത്സരിക്കുമെന്നും പ്രഖ്യാപനവേളയില്‍ മായാവതി പറഞ്ഞു. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

മോദിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്, സഖ്യം പുതുചരിത്രം കുറിയ്ക്കും., ബി.ജെ.പിയെ അധികാരത്തിൽ തുടരാൻ അനുവദിക്കില്ല, ഉത്തർപ്രദേശിൽ നിന്നും ബി.ജെ.പിയെ തുടച്ചുനീക്കും., ബോഫോഴ്സ് അഴിമതിയുടെ കറ കോൺഗ്രസിന് മേലുണ്ട്. ബി.ജെ.പിയും കോൺഗ്രസും അഴിമതി ആരോപണങ്ങളിൽ പെട്ടിരിക്കുന്ന പാർട്ടികളാണ്. അടിയന്തരാവസ്ഥ നടപ്പിലാക്കിയവരാണ് ഇരുവരും. മുമ്പ് കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത് തിരിച്ചടിയായി. 95 ലെ സഖ്യം വിജയമായിരുന്നില്ല. അന്വേഷണങ്ങളിലൂടെ അഖിലേഷിനെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പരാജയഭീതിയാണ് ഇതിന് കാരണമെന്നും മായാവതി പറഞ്ഞു.

2014 ഭൂരിപക്ഷം സീറ്റും നേടിയ ബി.ജെ.പിയെ ഏതുവിധേനയും തടയുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. ഒന്നിച്ച് നിന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഉപതെരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ അടക്കമുള്ള മൂന്ന് ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞിരുന്നു. ഇതാണ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. 37 വീതം സീറ്റുകളില്‍ എസ്.പിയും ബി.എസ്.പിയും മത്സരിക്കുമെന്നതാണ് നിലവിലെ തീരുമാനം. ഒഴിച്ചിട്ടിരിക്കുന്ന ആറ് സീറ്റില്‍ സഖ്യത്തിന് ഒപ്പം ചേരാനിടയുള്ള നിഷാദ് പാര്‍ട്ടിയും ആര്‍.എല്‍.ഡിയും മത്സരിച്ചേക്കും.


Read More Related Articles