കേരളത്തിലെ ആദിവാസികളുടെ അവസ്ഥ ഉത്തരേന്ത്യയിലേതിൽ നിന്ന് വ്യത്യസ്തമല്ലെന്ന് കഫീൽ ഖാൻ

By on

കേരളത്തിലെ ആദിവാസി ഊരുകളിലെ ആ​രോ​ഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് ഡോക്ടർ കഫീൽ ഖാൻ. ​പ്രളയാനന്തരമുള്ള സന്നദ്ധ സേവന പ്രവർത്തനത്തിന്റെ ഭാ​ഗമായി വയനാട്ടിലെ ആദിവാസി ഉരുകൾ സന്ദർശിച്ച ശേഷമാണ് കേരളത്തിലെ ആദിവാസികളുടെ ആ​രോ​ഗ്യാവസ്ഥയിൽ അദ്ദേ​ഹം ആശങ്ക പ്രകടിപ്പിച്ചത്. ഹൃദയസംബന്ധമായ രോഗങ്ങള്‍, അനീമിയ, ടിബി തുടങ്ങിയ രോഗങ്ങളുടെ വെല്ലുവിളി നേരിടുകയാണ് ആദിവാസി കുഞ്ഞുങ്ങള്‍. ടിബി ആണ് ആദിവാസി ഊരുകളിലെ പ്രധാന വില്ലന്‍ എന്നും അടിസ്ഥാനപരമായ ആരോഗ്യനിലവാരം പോലും പുലര്‍ത്താത്ത കേരളത്തിലെ ആദിവാസി ഊരുകള്‍ നോര്‍ത്ത് ഇന്ത്യയിലെ ആദിവാസി ഗ്രാമങ്ങളില്‍നിന്നും ഒട്ടും വ്യത്യസ്തമല്ലെന്നും ഡോ.കഫീല്‍ ഖാന്‍ വിലയിരുത്തി.

കേരളത്തിലെ ആദിവാസി ഊരുകളില്‍ ദാരിദ്ര്യവും കാലാവസ്ഥാ വ്യതിയാനം കാരണമുള്ള അസ്വസ്ഥതകളും പ്രളയശേഷം കൂടുതലായിരിക്കുകയാണ്, ഒപ്പം തിരിച്ചറിയാന്‍ പറ്റാത്ത പകര്‍ച്ച വ്യാധികളും. പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിന്നും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നിന്നും പല ആദിവാസി ഊരുകളും മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. പ്രളയശേഷമുള്ള ആദിവാസികളുടെ അതീജീവന ശ്രമങ്ങള്‍ക്ക് പരിസര പ്രദേശങ്ങളിലുള്ള യുവാക്കളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ഒറ്റപ്പെട്ട ഇടപെടലുകള്‍ മാത്രമാണ് സഹായമാകുന്നത്.
വയനാട് പനമരത്തെ പരക്കുനി പൊയിലിലെ ആദിവാസി ഊരിലെ കുഞ്ഞുങ്ങളുടെ ആരോഗ്യാവസ്ഥ പരിശോധിച്ച ഡോ.കഫീല്‍ ഖാന്‍ പ്രളയാനന്തരം പുനരധിവാസം സാധ്യമായിട്ടില്ലാത്ത 30% ജനതയെക്കുറിച്ച് സര്‍ക്കാര്‍ ജാഗ്രത പാലിക്കണം എന്നാണ് പറഞ്ഞത്.

”ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു തമ്മില്‍ കൊല്ലുന്ന ഈ രാജ്യത്ത് മനുഷ്യസ്‌നേഹത്തിന്റെ ഉദാഹരണമാണ് കേരളം പ്രളയകാലത്ത് കാണിച്ചത്. ഇത്തരത്തില്‍ ജനങ്ങളെ ദ്രോഹിക്കുന്ന ഈ ഭരണകൂടത്തിന് കീഴില്‍ ജീവിക്കുമ്പോള്‍ നമ്മള്‍ ഓരോരുത്തരും സ്വയം നവീകരിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴും ഒരുപാട് ജനങ്ങള്‍ ക്യാംപ് ജീവിതം തുടരുന്നുണ്ട്. കഷ്ടതകള്‍ അനുഭവിക്കുന്നുണ്ട്, അവരെ സഹായിക്കാന്‍ നമ്മള്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ അനുകൂല വിധിയാണ് പ്രളയ കാരണമെന്നും മലയാളികള്‍ ബീഫ് കഴിക്കുന്നവരായതുകൊണ്ടാണ് പ്രളയം വന്നതെന്നും ചിലര്‍ പറയുന്നത് കണ്ടു. പക്ഷേ ഹിന്ദു എന്നോ മുസ്ലീം എന്നോ കമ്മ്യൂണിസ്റ്റ് എന്നോ കോണ്‍ഗ്രസ് എന്നോ വ്യത്യാസമില്ലാതെ എല്ലാവരുമൊന്നിച്ച് സഹായിച്ചു. തൃശൂരിലും ഞാന്‍ പോയിരുന്നു. പത്തോളം പേര്‍ ഒരുമിച്ച് താമസിക്കുന്ന ചെറിയ വീടുകള്‍ കണ്ടു. ടിവിയും ഫ്രിഡ്ജുമൊക്കെ പോട്ടെ, പുസ്തകങ്ങളും വസ്ത്രങ്ങളും അടക്കമുള്ള അടിസ്ഥാന അവശ്യവസ്തുക്കളെല്ലാം നഷ്ടപ്പെട്ട മനുഷ്യരാണ് അവിടെയുള്ളത്”.

”അടിയന്തര സഹായമായി പ്രഖ്യാപിച്ച 10,000 രൂപകൊണ്ട് വീട് തിരിച്ചുപിടിക്കാന്‍ കഴിയില്ല. നാല്‍പതും അമ്പതും വര്‍ഷത്തെ പ്രയത്‌നം കൊണ്ട് ആളുകള്‍ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും ഒരോ കുടുംബത്തിനും കിട്ടേണ്ടതുണ്ട്. ഒക്ടോബര്‍ ആദ്യവാരം മുതല്‍ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുണ്ട്. മലേറിയ, ചിക്കന്‍ഗുനിയ, ഡെങ്കി, യെല്ലോ ഫീവര്‍, തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ വ്യാപകമായ മലേറിയ, ചിക്കന്‍ ഗുനിയ, ഡെങ്കി എന്നിവയാണ്. ഇവയെ പ്രതിരോധിക്കേണ്ടതുണ്ട്” കഫീൽ ഖാൻ പറഞ്ഞു.

”ഈ ജനങ്ങള്‍ ഭരണകൂടത്തിനാല്‍ നിരസിക്കപ്പെട്ടവരാണ്. അവര്‍ ഭരണകൂടത്തിന് കൂടുതല്‍ വോട്ടുകള്‍ ഉറപ്പുനല്‍കുന്നില്ല. മുഴുവന്‍ രാഷ്ട്രീയവ്യവസ്ഥ തന്നെ വോട്ടില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. എനിക്ക് 50% വോട്ട് കിട്ടിയാല്‍ ഞാന്‍ ഭരിക്കും, അതിനപ്പുറം ഒന്നും ഞാന്‍ ചിന്തിക്കില്ല, അതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അതാണവരുടെ മാനസികാവസ്ഥ. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും അവര്‍ ഓരോ പൗരരെയും സംരക്ഷിക്കേണ്ട കടമയുള്ളവരാണ്. രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും വോട്ടര്‍മാരെ മാത്രം സംരക്ഷിക്കുന്നത് നിര്‍ത്തി പൗരരെ സംരക്ഷിക്കാന്‍ തുടങ്ങിയാല്‍ ഈ അവസ്ഥ മാറും എന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ കോടിക്കണക്കിന് പണത്തെപ്പറ്റി സംസാരിക്കുന്നു, ഫണ്ടുകളെപ്പറ്റി പറയുന്നു പക്ഷേ ആ പണമൊക്കെ എങ്ങോട്ടാണ് പോകുന്നത്… എട്ടും പത്തും പേര്‍ എന്തുകൊണ്ടാണ് ഒരു ചെറിയ വീട്ടില്‍ കഴിഞ്ഞുകൂടുന്നത്…”

”അവര്‍ പറയുന്നു രാജ്യത്തിന്റെ 90% തുറന്ന സ്ഥലത്ത് മലമൂത്രവിസര്‍ജ്ജന നിരോധിതമാണ് എന്ന്. പക്ഷേ ഈ ഊരില്‍ത്തന്നെ കുറഞ്ഞത് ഒന്നോ രണ്ടോ വീടുകളില്‍ മാത്രമേ ഞാന്‍ ടോയ്‌ലറ്റുകള്‍ കണ്ടുള്ളൂ. എന്തുകൊണ്ടാണ് ഈ മനുഷ്യരോട് ഇത്രയേറെ അനാസ്ഥ കാണിക്കുന്നത്? കാരണം അവര്‍ ദരിദ്രരാണ്. അവര്‍ക്ക് പണമോ, അധികാരമോ ഇല്ല. ആരും അവരെപ്പറ്റി ശ്രദ്ധിക്കുന്നില്ല. ശബ്ദവും പണവും ഉള്ളവരെ മാത്രമേ സർക്കാർ കേള്‍ക്കൂ. മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലും ബീഹാറിലും ഒക്കെ ആദിവാസികള്‍ ഇതിനേക്കാള്‍ ദുരിതത്തിലാണ് കഴിയുന്നത്. ഈയവസ്ഥയില്‍ ഇവര്‍ക്ക് കഴിയേണ്ടിവരുന്നത് സർക്കാരിന് അവരെ വോട്ടര്‍മാരായി പോലും പരിഗണിക്കാത്തതുകൊണ്ടാണ്”

ഓരോ വീട്ടിലും ഓരോ ടിബി രോഗിയുണ്ട്. ടിബി അവസാനിച്ചു എന്ന് പറയുന്നു, ഡോട്‌സ് ഏജന്റ് ഓരോ വീടുകളിലും പോയി ടിബി പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നു എന്നൊക്കെ പറയുന്നു പക്ഷേ അവര്‍ എവിടെയാണ്? വളരെ സങ്കടകരമാണ് ഈ അവസ്ഥ. പല കുട്ടികള്‍ക്കും ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നില്ല എന്നും കഫീൽ ഖാൻ പറഞ്ഞു.

എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ആദിവാസി ഊരുകളിലേക്ക് എളുപ്പം എത്തേണ്ടതുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ വോട്ടര്‍മാരെക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നത്, പൗരരെക്കുറിച്ചല്ല. ദരിദ്രരായതിനാല്‍ ഒരു വ്യക്തിയോ ഒരു കുടുംബമോ ഒരു സമുദായമോ അവഗണിക്കപ്പെടുന്നത് വളരെ സങ്കടകരമാണ്. പ്രളയത്തിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം കൊതുകുകളുടെ വളര്‍ച്ച പുനരാരംഭിക്കും. അപ്പോള്‍ ഡങ്കിയും മലേറിയയും ചിക്കന്‍ഗുനിയയും വരും. ഈ രോഗങ്ങളെ നമ്മള്‍ പ്രതിരോധിക്കേണ്ടതുണ്ട്. കൊതുകുകള്‍ പ്രളയത്തില്‍ നശിച്ചുപോയ ശേഷം പുതിയ ബര്‍ത്ത് സൈക്കിള്‍ ആറ് ആഴ്ചകള്‍ക്കകം ഉണ്ടാകും. ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു.

പ്രളയശേഷം ആരോഗ്യമേഖലയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ എന്തെങ്കിലുമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അങ്ങനെ ചെയ്ത് പുതിയ വിവാദം സൃഷ്ടിക്കാന്‍ ഞാനില്ല എന്നായിരുന്നു ഡോ.കഫീല്‍ ഖാന്റെ മറുപടി. നിപ ബാധ സമയത്ത് കേരളത്തില്‍ വരാനാഗ്രഹിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടായി ഡങ്കിയെയും മലേറിയയെയും പ്രതിരോധിക്കാനുള്ള മരുന്നുകളും സൗകര്യങ്ങളും ഇവിടെത്തന്നെ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് നല്ല കാര്യമാണ്. വളരെ വേഗത്തില്‍ ചികിത്സ ലഭ്യമാക്കാം. ഞാനോ ഗവണ്മെന്റൊ അല്ല ഇവിടെ പ്രധാനം, മനുഷ്യരുടെ ജീവനാണ്. ചിലപ്പോള്‍ നിങ്ങളിലൂടെ എനിക്ക് ഭരണകൂടവുമായി സംവദിക്കാന്‍ കഴിഞ്ഞേക്കാം.


Read More Related Articles