സാമ്പത്തിക സംവരണ നിയമം സ്റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സവർണ വിഭാഗങ്ങൾക്ക് 10% സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് കോൺഗ്രസ് നേതാവ് തെഹ്സിൻ പൂനാവാലയുടെ ഹർജി പരിഗണിക്കവെയാണ് സാമ്പത്തിക സംവരണ നിയമം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത്.
ഇത് രണ്ടാമത്തെ തവണയാണ് സുപ്രിം കോടതി സവർണ സാമ്പത്തിക സംവരണം സ്റ്റേ ചെയ്യാൻ വിസമ്മതിക്കുന്നത്. എം നാഗരാജ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസ് അടിസ്ഥാനമാക്കി സംവരണത്തിന്റെ പരിധിയായ 50%ത്തിൽ കൂടുതലാണ് സാമ്പത്തിക സംവരണം സൃഷ്ടിക്കുന്ന പുതിയ പരിധി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തെഹ്സിൻ പൂനാവാലയുടെ അഭിഭാഷകൻ വാദിച്ചത്. ഇടക്കാല ആശ്വാസവും തേടി. ഇടക്കാല ആശ്വാസം നൽകാനും കോടതി വിസമ്മതിച്ചു, പകരം സവർണ സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളെല്ലാം വേഗത്തിൽ പരിഗണിക്കുമെന്ന് സുപ്രിം കോടതി അറിയിച്ചു. രാജ്യത്തെ വിവിധ ഹെെക്കോടതികളിലും സവർണ സാമ്പത്തിക സംവരണത്തിനെതിരെ റിട്ട് പെറ്റിഷനുകൾ സമർപ്പിച്ചിട്ടുണ്ട്.