100% വിവിപാറ്റ് സ്ലിപ്പുകളും വോട്ടിങ് മെഷീനുമായി ഒത്തുനോക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രിം കോടതി തള്ളി
100% വിവിപാറ്റ് സ്ലിപ്പുകളും വോട്ടിങ് മെഷീനുമായി ഒത്തുനോക്കണമെന്ന ഹർജി സുപ്രിം കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി. സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ടെക്4ഓൾ സമർപ്പിച്ച ഹർജിയാണ് സുപ്രിം കോടതി തള്ളിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വസനീയമല്ലെന്നും കൃത്രിമപ്പെടുത്താൻ എളുപ്പമാണെന്നും ചൂണ്ടിക്കാണിച്ച് ഈ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച 100% വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റ് പരിശോധനയും ഹർജി ആവശ്യപ്പെട്ടായിരുന്നു ഹർജി. ഈ പ്രശ്നത്തിനുള്ള ദീർഘകാല പരിഹാരമായി ഒപ്റ്റിക്കൽ ബാലറ്റ് സ്കാൻ മെഷീനുകളാണ് ടെക്4ഓൾ മുന്നോട്ടുവെച്ചത്.
വോട്ടെണ്ണലിന് രണ്ട് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ, രാജ്യത്തെ അതിന്റെ ഭരണകൂടത്തെ തെരഞ്ഞെടുക്കാൻ അനുവദിക്കണം എന്നുമായിരുന്നു ഹർജി പരിഗണിച്ച അവധിക്കാല ബെഞ്ചിന്റെ പ്രതികരണം. ഈ വിഷയത്തിൽ ചീഫ് ജസ്റ്റിസ് തന്നെ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ് എന്നും തങ്ങൾക്ക് ചീഫ് ജസ്റ്റിസിന്റെ ഉത്തരവിനെ മറികടക്കാൻ കഴിയില്ലെന്നും അതിനാൽ ഹർജി തള്ളുന്നു എന്നും അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് ഹർജിയോട് പ്രതികരിച്ചു. ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചു. തെരഞ്ഞെടുപ്പ് ഫലം വരാനുള്ള അന്തിമഘട്ടമെത്തി. രാജ്യം അതിന് വേണ്ടി കാത്തിരിക്കുകയാണ്. ഈ പൊതുതാൽപര്യ ഹർജി അസമയത്തുള്ളതാണ്. അന്തിമഘട്ടത്തിലെത്തിയ തെരഞ്ഞെടുപ്പ് നടപടികൾക്ക് തടസം മാത്രമേ ഈ ഹർജി ഉണ്ടാക്കൂ എന്നും ബെഞ്ച് പ്രതികരിച്ചു.
21 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ഏപ്രിലിൽ ഈ വിഷയത്തിൽ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. വിവിപാറ്റ്- വോട്ടിങ് മെഷീൻ ഒത്തുനോക്കൽ ഓരോ മണ്ഡലത്തിലും ഒന്നിൽ നിന്ന് അഞ്ച് വരെയാക്കി സുപ്രിം കോടതി ഉയർത്തിയിരുന്നു. ഇവിഎം തട്ടിപ്പ് മറികടക്കാൻ ഇത് പര്യാപ്തമല്ലെന്നാണ് ടെക്4ഓൾ പറയുന്നത്. 50% വിവിപാറ്റ്-ഇവിഎം ഒത്തുനോക്കൽ ആവശ്യം സുപ്രിം കോടതി തള്ളിയതിനെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ പുനപരിശോധനാ ഹർജി സമർപ്പിച്ചിരുന്നു. ഇന്ത്യൻ ജനാധിപത്യത്തെ ഇവിഎം പ്രോഗ്രാമർമാരുടെ ദയയിലേക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് പുനപരിശോധനാ ഹർജിയിൽ തീർത്തുപറഞ്ഞിരുന്നു.
ഇവിഎമ്മിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യത്തിലേക്ക് കടക്കാനും കോടതി തയ്യാറായിരുന്നില്ല.