ന്യൂസിലാൻഡ് പള്ളിയിലെ വെടിവെപ്പ് ലെെവ്സ്ട്രീം ചെയ്ത് ഭീകരവാദി ബ്രെന്‍റണ്‍ റ്റാറന്‍റ്; സാമൂഹ്യമാധ്യമങ്ങള്‍ റ്റാറന്‍റിന്‍റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു

By on

ന്യൂസിലാൻ‍ഡിലെ മുസ്ലിം പള്ളികളിൽ നടന്ന വെടിവെപ്പ് പള്ളിയിലേക്കുള്ള യാത്ര മുതൽ തന്നെ തൽസമയം സംപ്രേഷണം ചെയ്ത് ഭീകരവാദി. തുടർന്ന് പ്രചരിച്ച വീഡിയോകൾ ഫെയ്സ്ബുക്, യൂട്യൂബ്, ട്വിറ്റർ എന്നീ സാമൂഹ്യമാധ്യമ വെബ്സെെറ്റുകൾ നീക്കം ചെയ്തു. ബ്രെന്‍റൺ റ്റാറന്‍റ് എന്ന ഫെയ്സ്ബുക് അക്കൗണ്ട് ആണ് ആക്രമണം തുടക്കം മുതൽ തന്നെ തൽസമയ സംപ്രേഷണം ചെയ്തത്. ബ്രെന്‍റൺ റ്റാറന്‍റ് എന്ന ഫെയ്സ്ബുക് അക്കൗണ്ടാണ് ഫെയ്സ്ബുക് ന്യൂസിലാൻഡ് ഖേദപ്രകടനം അറിയിച്ചുകൊണ്ട് ഡിലീറ്റ് ചെയ്തത്.

“ഞങ്ങൾ കൊല്ലപ്പെട്ടവരെക്കുറിച്ചാണ് ചിന്തിക്കുന്നത്, ഈ ഭീകരാക്രമണം കാരണം വിഷമിക്കുന്ന കുടുംബങ്ങൾക്കും അവരുടെ സമുദായത്തിനും ഒപ്പമാണ് ഞങ്ങൾ. ന്യൂസിലാൻഡ് പൊലീസ് ആണ് ഈ ലെെവ്സ്ട്രീമിനെ കുറിച്ച് ഞങ്ങളെ അറിയിച്ചത്. ഈ ഭീകരവാദിയുടെ ഫേസ്ബുക് അക്കൗണ്ടും വീഡിയോയും ഞങ്ങൾ ഉടനെ ഡിലീറ്റ് ചെയ്തു.” ഫേസ്ബുക് ന്യൂസിലാൻഡിന്റെ വക്താവ് മിയ ​ഗാലിക് പറഞ്ഞു. ഈ ആക്രമണത്തെയോ അക്രമകാരിയെയോ പ്രകീർത്തിക്കുന്ന ഏത് തരം കണ്ടന്റും ഞങ്ങൾ ഡിലീറ്റ് ചെയ്യുമെന്നും മിയ പറഞ്ഞു.


“ഞെട്ടിക്കുന്നതും അക്രമാസക്തവുമായ ഒരു കണ്ടന്റിനും യൂട്യൂബിൽ സ്ഥാനമില്ല. ഇതേപ്പറ്റി അറിഞ്ഞ ഉടൻ തന്നെ ഞങ്ങൾ ആ വീഡിയോ ഡിലീറ്റ് ചെയ്തു” യൂട്യൂബ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

 

ക്രെെസ്റ്റ്ചർച്ചിലെ അൽ നൂർ മോസ്ക്, ലിൻവുഡ് മോസ്ക് എന്നീ രണ്ട് മുസ്ലിം പള്ളികളിലാണ് വെടിവെപ്പ് നടത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 49 മുസ്ലിങ്ങളാണ് വെടിവെപ്പിൽ‍ കൊല്ലപ്പെട്ടത്. മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനങ്ങളിൽ ഘടിപ്പിച്ച സ്ഫോടകവസ്തുക്കളും പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ടവരെ അധിനിവേശക്കാരായി വിശേഷിപ്പിച്ചുകൊണ്ട് വെളുത്ത വർ​ഗ അധീശവാദിയാണ് എന്ന് സ്വയം പ്രഖ്യാപിക്കുന്ന തരത്തിലാണ് അക്രമത്തിന് ശേഷം ഇവരിലൊരാൾ പ്രഖ്യാപിച്ചത്.

ഇത് വളരെ പദ്ധതിയിട്ട ശേഷം നടപ്പിലാക്കിയ ഭീകരാക്രമണം ആണെന്നും ഇവരിലൊരാൾ ഓസ്ട്രേലിയൻ പൗരനാണ് എന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ന്യൂസിലാൻഡ് പ്രധാനമന്ത്രി ജാസിൻഡ ആർഡേൺ പറഞ്ഞു. ഇത്തരത്തിലുള്ളവർക്ക് ന്യൂസിലാൻഡിൽ സ്ഥാനമില്ലെന്നും ന്യൂസിലാൻഡിൽ മാത്രമല്ല ലോകത്തിൽ തന്നെ അവർ ഇടം അർഹിക്കുന്നില്ല എന്നും ജാസിൻഡ പറയുന്നു.

കസ്റ്റഡിയിലായ ഒരു ഭീകരവാദി ഓസ്ട്രേലിയൻ പൗരൻ ആണ് എന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്ഥിരീകരിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ നാല് അക്രമകാരികളാണ് കസ്റ്റഡിയിലുള്ളത്.


Read More Related Articles