പാലാരിവട്ടം മേൽപ്പാലം അഴിമതി അന്വേഷിക്കണം; പിഡിപി
കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കി രണ്ട് വർഷം മുമ്പ് ഗതാഗതത്തിന് തുറന്നുകൊടുത്ത ദേശീയ പാതയിലെ പാലാരിവട്ടം മേൽപ്പാലം അപകടാവസ്ഥയിലാകുകയും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുകയും ചെയ്ത സാഹചര്യത്തിൽ പാലം നിർമാണത്തിലെ അഴിമതി അന്വേഷണത്തിന് നടപടിയുണ്ടാകണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു. പാലം നിർമാണവുമായി ബന്ധപ്പെട്ട അലെെൻമെന്‍റ് തയ്യാറാക്കുന്നത് മുതൽ നിർമാണ പൂർത്തീകരണം വരെ ഗുരുതരമായ ഉദ്യോഗസ്ഥ വീഴ്ചയും ക്രമക്കേടും നടന്നതായിട്ടാണ് തെളിയുന്നത്. സംസ്ഥാനത്ത് നടക്കുന്ന നിർമാണ അഴിമതികൾ പുറത്തുകൊണ്ടുവരുന്നതിൽ വിജിലൻസ് അന്വേഷണം ഫലപ്രദമല്ല. ഉന്നത-അധികാര-ഉദ്യോഗസ്ഥ കരാർ മാഫിയകളുടെ അവിശുദ്ധ ഇടപെടലുകളാണ് അഴിമതിക്ക് വഴിയൊരുക്കുന്നതെന്നും പിഡിപി പ്രസ്താവനയിൽ പറയുന്നു.
മേൽപ്പാലം നിർമാണത്തിലെ അഴിമതി പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു. അഴിമതി നടത്തിയ കരാറുകാരനെക്കൊണ്ട് പാലം പുനർനിർമിക്കാൻ നടപടിയെടുക്കുകയും അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയും ചെയ്യണം. മേൽപ്പാലം അറ്റകുറ്റപ്പണിക്ക് വേണ്ടി റോഡ് അടച്ച് കെട്ടിയത് കാരണം നഗരത്തിലുണ്ടായിട്ടുള്ള ഗതാഗതക്കുരുക്കിന് ശാസ്ത്രീയമായ പരിഹാരമുണ്ടാക്കണമെന്നും മുജീബ് റഹ്മാൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.