പാ രഞ്ജിത് ഉയർത്തിയ പ്രശ്നം ചർച്ച ചെയ്യണം; ഐക്യദാർഢ്യവുമായി ദലിത് ഇന്റലക്ച്വൽ കലക്ടീവ്
ചോള ചക്രവർത്തിയായ രാജ രാജ ചോളൻ ഒന്നാമന്റെ ഭരണകാലത്ത് തമിഴ്നാട്ടിലെ ദളിതരുടെ ഭൂമി സവർണർ പിടിച്ചെടുത്തു എന്നും ദലിതരെ രാജരാജ ചോളന്റെ ഭരണകാലത്ത് അടിച്ചമര്‍ത്തിയെന്നും പ്രസംഗിച്ചതിന് സംവിധായകൻ പാ രഞ്ജിത്തിനെതിരെ ഹിന്ദു മക്കൾ കക്ഷി നേതാവിന്റെ പരാതിയിൽ കേസെടുത്തതിനെതിരെ ദലിത് ഇന്റലക്ച്വൽ കലക്ടീവ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഐക്യദാർഢ്യമറിയിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പാ രഞ്ജിത് ഉയർത്തിയ വിഷയത്തിൽ ചർച്ചയും സംവാദവുമാകാം എന്നും ദലിത് ഇന്റലക്ച്വൽ കലക്ടീവ് പറയുന്നു.
“ചോള സാമ്രാജ്യത്തിൽ ദളിതർ എത്രത്തോളം കഷ്ടതകൾ അനുഭവിച്ചു എന്നും അവരുടെ ഭൂമി എങ്ങനെ തട്ടിയെടുക്കപ്പെട്ടു എന്നും സംസാരിച്ചതിനാണ് പാ രഞ്ജിത്തിനെതിരെ ജാതി ശത്രുത വളർത്തുന്നു എന്നാരോപിച്ച് കേസെടുത്തിരിക്കുന്നത്. സിനിമാ രംഗത്ത് കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളോടെ നിലയുറപ്പിച്ചിരിക്കുന്ന സംവിധായകനാണ് പാ രഞ്ജിത്. കാസ്റ്റ്ലെസ് കലക്റ്റീവ് സ്ഥാപിച്ച , അധസ്ഥിത വിഭാഗങ്ങളുടെ സാംസ്കാരിക പരിപാടിയായ വാനം സംഘടിപ്പിച്ച, കൂഗെെ എന്ന ലെെബ്രറിയും റീഡിങ് റൂമും ഒരുക്കിയ, സാമൂഹ്യനീതിയെക്കുറിച്ച് നിരവധി ശിൽപശാലകളും സമ്മേളനങ്ങളും എല്ലാം സംഘടിപ്പിച്ച, സിനിമകൾ നിർമിക്കുന്നതടക്കമുള്ള ഇടപെടലുകളാണ് പാ രഞ്ജിത് നടത്തിവരുന്നത്. നീറ്റ്, ജാതി കൊലപാതകങ്ങൾ തുടങ്ങിയവയെ പ്രശ്നവൽക്കരിക്കുന്ന നിലം പാമ്പട്ട് മയ്യം എന്ന സാമൂഹ്യ സാംസ്കാരിക സംഘടനയുടെ സ്ഥാപകൻ കൂടിയാണ് പാ രഞ്ജിത്. അതിനാൽ പാ രഞ്ജിത് ചോള രാജാവിനെ കുറിച്ച് നടത്തിയ പ്രസ്താവനയെ പുരോഗമനപരമായി തന്നെ കാണേണ്ടതുണ്ട്.
ഓരോ പൗരർക്കും അവകാശപ്പെട്ട ഭരണഘടനാപരമായ അവകാശങ്ങൾക്കൊപ്പം ദലിത് ഇന്റലക്ച്വൽസ് കലക്റ്റീവ് നിലകൊള്ളുന്നു. തമിഴ്നാടിന്റേത് തീവ്രപുരോഗമനപരമായ രാഷ്ട്രീയ ചരിത്രമാണ്. അതിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ സർക്കാരിനും ഭരണകക്ഷിക്കും പുരോഗമന ശബ്ദങ്ങളെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്ന ഹിന്ദുത്വ ശക്തികളുടെ ശ്രമങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അതിനപ്പുറം, പാ രഞ്ജിത് ഉന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് ചർച്ചയും സംവാദങ്ങളും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.” കഴിഞ്ഞ ഇരുപതിലേറെ വര്‍ഷങ്ങളായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ദലിത് ഇന്‍റലക്ച്വല്‍ കലക്റ്റീവ് പ്രസ്താവനയില്‍ പറയുന്നു.
ജൂൺ 5ന് കുംഭകോണത്തിനടുത്തെ തിരുപ്പനന്തലിൽ വെച്ചാണ് പാ രഞ്ജിത് ചോളരാജവംശത്തെ പരാമര്‍ശിച്ച് പ്രസംഗിച്ചത്. ബ്ലൂ പാന്തേഴ്സ് പാർട്ടി സ്ഥാപകനായ ഉമർ ഫാറൂഖിന്റെ ചരമവാർഷിക പരിപാടിയിലായിരുന്നു പ്രസംഗം. 153, 153 എ, എന്നീ വകുപ്പുകളാണ് പാ രഞ്ജിത്തിന് മേൽ ചുമത്തിയിരിക്കുന്നത്, ഇതിനെതിരെ മദ്രാസ് ഹെെക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ നിന്നും രഞ്ജിത് മുൻകൂർ ജാമ്യം വാങ്ങി.