അഞ്ജനയുടെ ആത്മഹത്യയിൽ ഹിന്ദു ഡെമോക്രാറ്റിക് ഫ്രണ്ടിന്റെയും നിയമവിരുദ്ധ മനോരോഗ ചികിത്സകരുടെയും പങ്കെന്ത്?

By on

തലശ്ശേരി ബ്രണ്ണന് കോളജ് വിദ്യാർത്ഥിനി അഞ്ജന ഹരീഷിന്റെ ആത്മഹത്യയെ തുടർന്ന് കേരളത്തിലും മറ്റ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന അനധികൃത മാനസികാരോഗ്യ-പരിവർത്തന ചികിത്സാ ശൃംഖലയില്‍ ഒരു ഹിന്ദു സംഘടനയുടെ പങ്കാളിത്തവും ചർച്ച ചെയ്യപ്പെടുകയാണ്. ഹിന്ദു ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ കൊണ്ടുപോയ ഒരു കേന്ദ്രത്തിൽ തനിക്ക് നിർബന്ധിത മാനസികരോഗ ചികിത്സ ഏൽപ്പിച്ചതിനെക്കുറിച്ച് അഞ്ജന ഹരീഷ് തന്നെ കഴിഞ്ഞ മാർച്ച് 13 ന് ഫെയ്സ്ബുക് ലൈവിൽ സൂചനകള്‍ വെളിപ്പെടുത്തിയിരുന്നു. ക്വീർ വ്യക്തികളുടെ ലൈംഗികത രോഗമാണെന്നും അവർ അതിന് അടിമപ്പെട്ടിരിക്കുകയാണെന്നും മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് ചികിത്സ നടത്തുന്ന ‍ഡോക്റ്റർമാർ  ഈ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.  അരലക്ഷം രൂപ വരെയാണ് ഇവർ പ്രതിഫലം വാങ്ങുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിന്ദു ഡെമോക്രാറ്റിക് ഫ്രണ്ട്.

1992ൽ മാനസിക രോഗങ്ങളുടെ പട്ടികയിൽ നിന്നും ലോക ആരോഗ്യ സംഘടന സ്വവര്‍ഗ ലെെംഗികതയെ പുറത്താക്കിയിട്ടുണ്ടെങ്കിലും ഇന്ത്യൻ ആരോഗ്യമേഖലയിൽ ഇന്നും മാനസികരോഗമായി തന്നെയാണ് സ്വവര്‍ഗ ലെെംഗികത കണക്കാക്കപ്പെടുന്നത്. ആ സമീപനത്തെ നിലനിര്‍ത്തുന്ന, ക്വീര്‍ വ്യക്തികള്‍ക്ക് വലിയ ഭീഷണിയായി നിലനിൽക്കുന്ന, സ്ഥാപനവൽക്കരിക്കപ്പെട്ടുകഴിഞ്ഞ ഒരു വ്യവസായത്തിന്റെ ഇരയാകേണ്ടി വന്ന വ്യക്തിയാണ് ഇരുപത്തൊന്നുകാരിയായ കാസര്‍ഗോഡ് സ്വദേശി അഞ്ജന കെ ഹരീഷ്/ ചിന്നു സുൾഫിക്കർ.

ഹിന്ദു ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ പ്രവര്‍ത്തകനായ കൂത്തുപറമ്പ് സ്വദേശി അക്ഷയ് ആണ് വീട്ടില്‍ നിന്നും തന്നെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയവരില്‍ ഒരാള്‍ എന്ന് നിർബന്ധിത ചികിത്സ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം അഞ്ജന തന്നോട് പറഞ്ഞിരുന്നതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സുഹൃത്ത് പറയുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിന്ദു ഡെമോക്രാറ്റിക് ഫ്രണ്ട്. അഞ്ജനയുടെ കുടുംബമാണ് തങ്ങളെ സമീപിച്ചതെന്നും തങ്ങളെ സമീപിക്കുന്നവരെ ഈ രീതിയില്‍ സഹായിക്കാറുണ്ടെന്നും സംഘടനയുടെ പ്രവര്‍ത്തകനായ അക്ഷയ് പറയുന്നു. കോയമ്പത്തൂരിലെ ഡോ.എന്‍എസ് മോനിയുടെ ക്ലിനിക്കിലേക്കും അതിന് ശേഷം പാലക്കാട് ഷാലോം എന്ന ഡി അഡിക്ഷന്‍ പ്ലസ് മെന്റല്‍ ഹെല്‍ത് സെന്ററിലേക്കും അഞ്ജനയെ കൊണ്ടുപോയത് ഹിന്ദു ഡെമോക്രാറ്റിക് ഫ്രണ്ട് ആണ്.

2020 ജനുവരിയില്‍ ഡോ. എന്‍എസ് മോനിയുടെ ചികിത്സയ്ക്കായി രക്ഷിതാക്കള്‍ കൊണ്ടുപോയ തമിഴ്‌നാട് സ്വദേശി ഗോകുല്‍ പറയുന്നത് ക്വീര്‍ വ്യക്തികളെ ലഹരിക്ക് അടിപ്പെട്ടവരായാണ് ചില മാനസികാരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത് എന്നാണ്. ഗേ ആയ ഗോകുല്‍ പറയുന്നു, “ഞാന്‍ എന്റെ അമ്മയോടാണ് എന്റെ ലൈംഗികത വെളിപ്പെടുത്തിയത്. അമ്മ എന്നെ മോനിയുടെ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. ഞാന്‍ മോനിയോട് കാര്യങ്ങള്‍ പറഞ്ഞു, ഞാന്‍ പുരുഷന്മാരെയാണ് പ്രണയിക്കുന്നത്, അതുകൊണ്ട് എനിക്ക് വിവാഹം കഴിക്കാന്‍ കഴിയില്ല എന്നെല്ലാം, അപ്പോള്‍ ഡോ.മോനി പറഞ്ഞത് “നീ മാറണം എന്നതാണ് എന്റെ ആഗ്രഹം” എന്നാണ്. ഡോ. മോനിയാണ് ജീവിതത്തില്‍ ഞാന്‍ ആദ്യമായി കാണുന്ന സൈക്കോളജിസ്റ്റ്. അതിനാല്‍ തന്നെ ഈ പ്രതികരണം എന്നെ വല്ലാതെ ഞെട്ടിച്ചിരുന്നു. ഇതൊരു രോഗമാണ് എന്ന് തന്നെയാണ് എന്റെ രക്ഷിതാക്കളും കരുതിയിരുന്നത്, ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്നും. ഞാന്‍ വീട്ടില്‍ ഒരു വിധം പ്രശ്‌നങ്ങളെ നേരിട്ട് കൊണ്ട് തുടര്‍ന്നു. പക്ഷേ അപ്പോഴേക്കും ഡോ.മോനി എന്നെ ഒരു ഡിഅഡിക്ഷന്‍ സെന്ററിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ഡോ. മോനി കരുതുന്നത് സ്വവര്‍ഗ ലൈംഗികത ഒരു തരം ലഹരി ആണെന്നാണ്. അത് നോര്‍മല്‍ അല്ലെന്നാണ് ഡോ.മോനി കരുതുന്നത്. ഞാന്‍ പോകില്ല എന്ന് രക്ഷിതാക്കളോട് പറഞ്ഞു. മാറണമെന്ന ഇച്ഛാശക്തിയുള്ളവര്‍ക്ക് മാറാന്‍ കഴിയും എന്നാണ് ഡോ.മോനി വിശ്വസിക്കുന്നത്. അതിന് ശേഷം എന്റെ രക്ഷിതാക്കള്‍ ചികിത്സ തുടരണം എന്നാവശ്യപ്പെട്ട് എന്നെ വല്ലാതെ പീഡിപ്പിക്കാന്‍ തുടങ്ങി.

ഡോ.ശ്രീനിവാസ് എന്ന മറ്റൊരാള്‍ കൂടിയുണ്ട്. കോവൈ മെഡിക്കല്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍. കോയമ്പത്തൂരില്‍ വളരെ പ്രശസ്തനാണ്. ഡോ. ശ്രീനിവാസും ഇത് ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് എന്നാണ് രക്ഷിതാക്കളോട് പറഞ്ഞത്. ഇതൊരു സ്വാഭാവികതയാണെന്ന് അവരെ മനസ്സിലാക്കിക്കാന്‍ ഞാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ന്യൂസ് റിപ്പോര്‍ട്ടുകള്‍ കാണിച്ചുകൊടുത്തു. ഇപ്പോള്‍ ലോക് ഡൗണ്‍ ആയതുകൊണ്ട് അവര്‍ അതേപ്പറ്റി ഒന്നും ചോദിക്കുന്നില്ല. ചെന്നൈയിലെ പ്രശസ്തനായ ഡോക്ടര്‍ കാമരാജ് ഹാപ്പിനെസ് തെറാപിയാണ് ഇതിന് പരിഹാരമായി പറയുന്നത്. ഈ മൂന്ന് ഡോക്ടര്‍മാരും പറയുന്നത്, ഇത്തരം ലൈംഗികതയുമായി ഒരാള്‍ക്ക് വേണമെങ്കില്‍ മുന്നോട്ടുപോകാമെന്നും എങ്കിലും ഇത് ചികിത്സിച്ച് മാറ്റാന്‍ പറ്റാത്തത് അല്ല എന്നുമാണ്. ഡോ.ശ്രീനിവാസുമായുള്ള സെഷനായിരുന്നു ഏറ്റവും മോശം, സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ പത്തോളം പേരെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട് എന്നും അവര്‍ ഇന്ന് വിവാഹിതരാണ് എന്നും ശ്രീനിവാസ് പറഞ്ഞു. ട്രീറ്റ്‌മെന്റിനെ കുറിച്ച് രക്ഷിതാക്കളോട് പറയരുത് എന്ന് ഞാന്‍ ഡോക്ടറോട് പറഞ്ഞിരുന്നു, എന്നാല്‍ ആ സമയത്ത് അമ്മ ഡോക്ടറുടെ മുറിയിലേക്ക് വരികയും ഡോക്ടര്‍ ഞാന്‍ ചികിത്സ ആഗ്രഹിക്കുന്നില്ല എന്നു പറഞ്ഞു എന്ന് അവരോട് പറയുകയും ചെയ്തു. ഡോ. ശ്രീനിവാസ് സ്വവര്‍ഗ ലൈംഗികതയെ കണക്കാക്കുന്നത് മദ്യ ലഹരി പോലെയുള്ള ഒരു ലഹരിയായിട്ടാണ്. “നിങ്ങളുടെ മകന്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് അടിപ്പെട്ടിരിക്കുകയാണ്” എന്നാണ് ഡോക്ടര്‍ എന്റെ രക്ഷിതാക്കളോട് പറഞ്ഞത്. ചികിത്സയ്ക്ക് ശേഷം ജീവിതം മാറും, നിന്റെ രക്ഷിതാക്കളെ കുറിച്ച് ആലോചിക്കൂ, എന്നൊക്കെയാണ് അവര്‍ പറയുന്നത്. ട്രീറ്റ്‌മെന്റിന് മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം രൂപ വരെയാണ് ഇവര്‍ ഫീസ് വാങ്ങിക്കുന്നത്.”

കേരളത്തില്‍ അമൃത ഹോസ്പിറ്റലിലെ ഡോ. എന്‍ ദിനേഷിനെതിരെയും ഇന്‍റര്‍ കാസ്റ്റ്, ഇന്‍റര്‍ഫെയ്ത് പ്രണയബന്ധങ്ങളുള്ള നിരവധി യുവതികളും ക്വീര്‍ വ്യക്തികളും നിര്‍ബന്ധിത ചികിത്സ നടത്തിയതായി പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ഈ പരാതികള്‍ക്കൊന്നും ഫലമുണ്ടായിട്ടില്ല. തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രം ഇത്തരത്തിലുള്ള പീഡനകേന്ദ്രമാണെന്ന് വെളിപ്പെട്ടിട്ടും മൂന്നുവര്‍ഷത്തോളമായി അത് തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നു.

വീടുവിട്ടിറങ്ങിയ ശേഷം അഞ്ജന നടത്തിയ എല്ലാ തെരഞ്ഞെടുപ്പുകളെയും അഞ്ജനയുടെ ആത്മഹത്യയ്ക്ക് ശേഷം ഹിന്ദു ഡെമോക്രാറ്റിക് ഫ്രണ്ട് കുറ്റവല്‍ക്കരിക്കുകയാണ് ചെയ്തത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് അഞ്ജനയുടെ അമ്മ തങ്ങളെ സമീപിക്കുകയായിരുന്നു എന്നും ദൈവവിശ്വാസിയും കുടുംബ സ്‌നേഹിയുമായ അഞ്ജന പെട്ടെന്നൊരു ദിവസം കുടുംബത്തെ മുഴുവന്‍ തള്ളിപ്പറഞ്ഞു എന്നും മൂന്ന് മാസങ്ങളോളം ബന്ധുക്കളുമായി ബന്ധമില്ലാതെ ഇരുന്നു എന്നും എച്ച്ഡിഎഫ് ആരോപിക്കുന്നു. 28 ദിവസം പാലക്കാടുള്ള ഷാലോം ലഹരിവിമോചന കേന്ദ്രത്തിലും 40 ദിവസം തിരുവനന്തപുരത്തെ കരുണ സായ് എന്ന മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സ നേടുകയും നല്ല മാറ്റമുണ്ടായി എന്ന് അവകാശപ്പെടുകയും ചെയ്യുന്നു. അഞ്ജനയെ അന്വേഷിച്ച് ചെന്ന സുഹൃത്തുക്കള്‍ വീട്ടുകാരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം സുഹൃത്തുക്കളുടെ അടുത്തേക്ക് മടങ്ങിപ്പോയ അഞ്ജനയെ സുഹൃത്തുക്കള്‍ ചതിക്കുകയായിരുന്നു എന്നും എച്ച് ഡിഎഫ് ആരോപിക്കുന്നു.

എന്നാല്‍, ജനുവരി 17ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ വെച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അഞ്ജനയെ കണ്ട് സംസാരിക്കണം എന്ന് ആവശ്യമറിയിച്ച സുഹൃത്തുക്കളോട് അതെനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ കഴിയില്ല എന്നായിരുന്നു അമ്മ മിനി പറഞ്ഞത്. ജനുവരി 16ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ അഞ്ജനയെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളോട് പൊലീസ് പറഞ്ഞത് അഞ്ജന ഡ്രഗ് അഡിക്റ്റ് ആണെന്നും ഡീ അഡിക്ഷന്‍ സെന്ററിലാക്കിയിട്ടുണ്ട് എന്നുമാണ്. അഞ്ജനയുടെ വീട്ടിലേക്ക് പോയപ്പോള്‍ കാവിയുടുത്ത ഒരു സംഘം യുവാക്കള്‍ തങ്ങളെ ശാരീരികമായി ആക്രമിക്കാന്‍ എത്തിയെന്നും പൊലീസ് അത് നോക്കിനിന്നു എന്നും ജനുവരി 17ന് സുഹൃത്തുക്കളായ ഗാര്‍ഗിയും നസീമയും ആതിരയും റോസയും ഫേസ്ബുക് ലൈവില്‍ പറഞ്ഞിരുന്നു.

ആര്‍എസ്എസ് അനുകൂലമായ ചില മാധ്യമങ്ങളും പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും അഞ്ജനയുടെ മരണത്തെയും ലൈംഗിക, രാഷ്ട്രീയ സ്വത്വത്തെയും ദുരൂഹവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 13ന് നടത്തിയ ലൈവ് റെക്കോര്‍ഡിങ്ങില്‍ അഞ്ജന പറയുന്ന കാര്യങ്ങള്‍ (മരണമൊഴിയായി പരിഗണിക്കപ്പെടാവുന്ന ചില വസ്തുതകള്‍) കൂടി ശ്രദ്ധിക്കേണ്ടതാണ്.

‘ഹായ്, ഞാന്‍ അഞ്ജന ഹരീഷ്, ഞാന്‍ മിസ്സായതു വരെയുള്ള കാര്യങ്ങളേ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവുകയുള്ളൂ, ബാക്കി കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണ് ലൈവില്‍ വന്നിട്ടുള്ളത്, എന്താണ് ഉണ്ടായത് എന്ന് ചുരുക്കി പറയാം. ഡിസംബര്‍ 24ാം തീയ്യതി രാത്രിയാണ് എന്റെ വീട്ടുകാരും കുറച്ച് ആള്‍ക്കാരും കൂടി കൊണ്ടുപോകുന്നത്. കാറില്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത്. നേരേ കോയമ്പത്തൂരിലേക്ക് അതിന്റെ ഇടയില്‍ എന്റെ കൈ മുറിഞ്ഞിട്ടുണ്ടായിരുന്നു. എന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടായിരുന്നു. ശാരീരികമായി മാത്രമല്ല, മാനസികമായും. എന്നെ കോയമ്പത്തൂര്‍ കൊണ്ടുപോയി, അവിടെ എന്‍എസ് മോനി എന്ന് പേരുള്ള ഒരു ഡോക്ടറിന്റെ അടുത്തേക്കാണ് കൊണ്ടുപോയത്. ഡോക്ടര്‍ സെഡേഷന്‍ വെക്കാന്‍ നോക്കുമ്പോള്‍ ഞാന്‍ മാക്‌സിമം പറയുന്നുണ്ടായിരുന്നു എനിക്ക് ഒന്നും പ്രശ്‌നങ്ങളില്ല, ഞാന്‍ ഓക്കേ ആണ് എന്ന്. അവിടെനിന്ന് സെഡേഷന്‍ വെക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ മാക്‌സിമം എതിര്‍ത്തു. പിന്നെ അത് ചെയ്യാന്‍ വേണ്ടി എന്റെ ചെവിയില്‍ ഒരൊറ്റ അടി. ഞാന്‍ നിലത്ത് വീണു, എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല. പിന്നീട് അവിടെ നിന്ന് എന്നെ കൊണ്ടുപോയത് പാലക്കാട് ഒരു ഡീഅഡിക്ഷന്‍ സെന്ററിലേക്കാണ്. അവിടെ നിന്ന് രാവിലെ എഴുന്നേറ്റ് നോക്കുമ്പോഴാണ് എനിക്ക് ഞാന്‍ എവിടെയാണ് എന്ന് മനസ്സിലാകുന്നത്, ഏത് ജില്ലയാണ്, ഏത് ഭാഷക്കാരാണ് എന്നൊക്കെ അറിയുന്നത്. ഞാന്‍ മാത്രമേ അവിടെ കുറച്ച് യങ് ആയി ഉണ്ടായിരുന്നുള്ളൂ. ബാക്കി ആള്‍ക്കാരൊക്കെ ഹാലൂസിനേറ്റഡും ഷീസോഫ്രീനികും ആയവരും ആരും നോക്കാനില്ലാത്ത അമ്മമാരും ഒക്കെ ആയിരുന്നു. ഒരു മൂന്നാഴ്ച ഞാന്‍ ശരിക്കും ഫിസിക്കലിയും മെന്റലിയും ഒരു സെല്ലിലായിരുന്നു, ഭക്ഷണം കഴിക്കാന്‍ മാത്രമേ എന്നെ പുറത്തിറക്കിയിട്ടുള്ളൂ. ക്രിസ്റ്റ്യന്‍സ് നടത്തുന്ന ഒരു സെന്റര്‍ ആയിരുന്നു അത്. എന്താ പറയുക ഞാന്‍ ഒറ്റയ്ക്ക് ഒരുപാട് രാത്രി കിടന്ന് കരഞ്ഞിട്ടുണ്ട്. ഒറ്റയ്ക്ക്, പരിചയമുള്ള ഒരാള്‍ പോലുമില്ല. അതു കഴിഞ്ഞ് എന്നെ നേരെ അവര്‍ കൊണ്ടുപോയത് തിരുവനന്തപുരത്തുള്ള കരുണാ സായ് എന്ന് പേരുള്ള ഇതുപോലെ തന്നെ ഡീ അഡിക്ഷന്‍ പ്ലസ് മെന്റല്‍ ഹെല്‍ത് സെന്ററിലാണ്. ഏകദേശം നാല്‍പതോളം ഇഞ്ചക്ഷന്‍ അവരെനിക്ക് എടുത്തു. അതിന്റെ കൂടെ മരുന്നും. ഞാനാകെ മെന്റലി ആന്‍ഡ് ഫിസിക്കലി ഭയങ്കര ഡൗണ്‍ ആയി ഇരിക്കുകയായിരുന്നു. തിരിച്ച് വീട്ടില്‍ കൊണ്ടുവന്നപ്പോഴും എന്റെ വീട്ടുകാരാണ് എന്നോടിത് ചെയ്തത് എന്നുള്ളതിലാണ് ഞാന്‍ ഏറ്റവും സങ്കടപ്പെടുന്നത്. എന്നെ പ്രൊട്ടക്റ്റ് ചെയ്യേണ്ട വീട്ടുകാര് ഭയങ്കരമായി എന്നെ ടോര്‍ചര്‍ ചെയ്യുകയും ഒരു മകള്‍ എന്നുള്ള പരിഗണന എനിക്ക് തരാതെ, ഇത്രയും വര്‍ഷമായി കിട്ടിയിട്ടില്ല, ഇപ്പോഴും അത് തന്നിട്ടില്ല. ഇപ്പോഴും അത്രയും പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഞാന്‍ ഹോസ്റ്റലില്‍ പോകുകയാണ് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി വരികയാണ് ചെയ്തത്. ഇനി എന്താണ് പറയേണ്ടത് എന്ന് പോലും എനിക്കറിയില്ല, ഈ മരുന്നും ഇഞ്ചക്ഷനും ഒക്കെയായി അഞ്ജനാ ഹരീഷ് എന്ന് പറയുന്ന സാധനം ഇല്ലാണ്ടാവുകയാണ് ചെയ്തത്. മരുന്ന് കഴിക്കുന്ന സമയത്ത് എനിക്ക് തല കറങ്ങുക, മര്യാദയ്ക്ക് കണ്ണ് കാണാന്‍ പറ്റില്ല, ഇപ്പോഴാണ് കുറച്ചെങ്കിലും സംസാരിക്കാനോ ആളുകളോട് ഇടപെടാനോ തുടങ്ങിയത്. എനിക്ക് ആള്‍ക്കൂട്ടത്തെ നേരിടാന്‍ പറ്റില്ലായിരുന്നു, ഇരുട്ട് ഭയങ്കര പേടിയാണ്, ലൈറ്റിടാതെ ഉറങ്ങാന്‍ പറ്റില്ല. സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഒരു റോബോട്ടിനെ പോലെയായിരുന്നു, എന്റെ ഫ്രണ്ട്‌സിനോട് ചോദിച്ചാല്‍ അറിയാം അവര്‍ ആദ്യമായി എന്നെ പുറത്തിറങ്ങി കാണുന്ന സമയത്ത് റോബോട്ടിനെ പോലെയാണ്. ഇപ്പോള്‍ എന്റെ അമ്മ എന്റെ ഫ്രണ്ട്‌സിനെ വിളിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവരെ കൊല്ലും, അവര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടും ഇങ്ങനെയൊക്കെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്നലെ അമ്മ എന്നെ വിളിച്ചിരുന്നു, വളരെ വൃത്തികെട്ട ഭാഷയിലാണ് സംസാരിച്ചത്. ഇന്നലെ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ അമ്മ മിസ്സിങ് കേസ് കൊടുത്തിട്ടുണ്ട്. അവിടെനിന്ന് വിളിച്ച് ഹാജരാകാന്‍ പറഞ്ഞിരുന്നു. എന്റെ ശാരീരിക അവസ്ഥ കാരണം അവിടേക്ക് എത്താന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ മതി എന്ന് പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ റെഡി ആയിക്കൊണ്ടിരിക്കുകയാണ്, മജിസ്‌ട്രേറ്റിന്‌റെ മുന്നില്‍ ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട് എന്താണ് ബാക്കി ഉണ്ടാവുക എന്നറിയില്ല, ബാക്കി ഇനി പൂട്ടിയിടുമോ, അല്ലെങ്കില്‍ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല.”

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഘര്‍ വാപസി കേന്ദ്രങ്ങളെ സഹായിക്കുന്ന മാനസികാരോഗ്യ ചികിത്സകരുടെ രീതികള്‍ക്ക് സമാനമാണ് ക്വീര്‍ വ്യക്തികള്‍ക്ക് നിര്‍ബന്ധിത കണ്‍വേര്‍ഷന്‍ തെറാപിയും ഡി അഡിക്ഷന്‍ സെന്ററുകളും നിര്‍ദേശിക്കുന്ന സൈക്കോളജിസ്റ്റുകള്‍. അഞ്ജനയുടെ ആത്മഹത്യയെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ മുന്നോട്ട് നീങ്ങുകയാണ്. അഞ്ജനയുടെ ആത്മഹത്യയില്‍ കൂടുതല്‍ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് കേരള ഡിജിപി, മുഖ്യമന്ത്രി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് അഞ്ജനയുടെ കുടുംബം പരാതി നല്‍കുമെന്ന് പറഞ്ഞു.


Read More Related Articles