”ഈ നാട് നീതിക്ക് വേണ്ടി നിലകൊള്ളുക തന്നെ ചെയ്യും”യുഎപിഎ തടവുകാരായ നാട്ടുകാര്‍ക്ക് ഈരാറ്റുപേട്ടക്കാരുടെ ഐക്യദാര്‍ഢ്യം

By on

“ഈ നാട് നീതിക്ക് വേണ്ടി നിലകൊള്ളുക തന്നെ ചെയ്യും” എന്ന മുദ്രാവാക്യവുമായി നാട്ടുകാരായ നാല് യുഎപിഎ വിചാരണ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഈരാറ്റുപേട്ടക്കാര്‍. ജസ്റ്റിസ് ഫോർ ഷിബിലി ഷാദുലി ഷമ്മാസ് റാസിക് ഫോറം എന്ന ഫെയ്സ്ബുക് കൂട്ടായ്മയും വിവിധ മുസ്ലിം സംഘടനകളും മഹല്ല് കമ്മിറ്റികളും സംയുക്ത ആഭിമുഖ്യത്തിലാണ് ഐക്യദാര്‍ഢ്യസമ്മേളനം നടത്തിയത്.

കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് യുഎപിഎയുടെ ഉപയോ​ഗം തന്നെയാണ്, ദുരുപയോ​ഗം അല്ല, ഈ നിയമം ഇല്ലാതാക്കപ്പെടണം, സമ്മേളനത്തില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ കേരള ഹെെക്കോടതി അഭിഭാഷകന്‍ കെഎസ് മധുസൂദനൻ പറഞ്ഞു. ബുദ്ധിശാലികളായ മുസ്ലിം യുവാക്കളെ വ്യാജകേസുകളിൽ പെടുത്തി തടവറയിലാക്കുകയാണ്. തടവിൽ അവർക്ക് നഷ്ടപ്പെടുന്ന ജീവിതകാലത്തിന് എങ്ങനെ നഷ്ടപരിഹാരം നൽകുമെന്നും അഡ്വക്കേറ്റ് മധുസൂദനൻ ചോദിച്ചു. ടാഡ പോലുള്ള ഭീകരനിയമങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ സമാനമായ വകുപ്പുകള്‍ യുഎപിഎയിലേക്ക് അടക്കം തിരുകിക്കയറ്റുന്നുണ്ട് എന്നും അഡ്വക്കേറ്റ് മധുസൂദനന്‍ പറഞ്ഞു.

ഏറ്റവും കൂടുതൽ തൊഴിൽ നിഷേധിക്കപ്പെടുന്നത് മുസ്ലിം വിഭാ​​ഗത്തിലുള്ളവർക്കാണ്. വിദ്യാഭ്യാസത്തിന്റെ മേൽത്തട്ടിലേക്ക് എത്താൻ കഴിയുന്നില്ല, കേരളത്തിൽ നല്ല മാറ്റമുണ്ട് എന്നാൽ ഹിന്ദി ബെൽറ്റുകളിൽ ഇപ്പോഴും അവസ്ഥ ഇതുതന്നെയാണ്. പശു സംബന്ധമായ ജോലികൾ അവർ ചെയ്യുന്നതിന് ഒരു കാരണം ഇതാണ്. ആ ജോലികൾ പോലും ഓരോന്നോരോന്നായി ഇല്ലാതാക്കിക്കളഞ്ഞ് അഭയാർത്ഥികളെപ്പോലെ ആക്കി മാറ്റുക, റോഹിങ്ക്യൻ മുസ്ലിങ്ങളെപ്പോലെ ആക്കി മാറ്റുക. ഇന്ത്യയിലുള്ള മുസ്ലിങ്ങളെ പാകിസ്താനിലേക്ക് നാടുകടത്തണം, പാകിസ്താനിലുള്ള ഹിന്ദുക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവരണം എന്ന് പറഞ്ഞ് കേസ് കൊടുത്തത് സം​ഗത് സിം​ഗ് ചൗഹാൻ എന്നയാളാണ്. ഇങ്ങനെയൊരു കേസ് കൊടുക്കാനുള്ള ധാർഷ്ട്യം ഈ മനുഷ്യന് എങ്ങനെ ഉണ്ടായി? അഡ്വക്കേറ്റ് മധുസൂദനൻ ചോദിക്കുന്നു.

വെെത്തിരിയിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീലിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഇരിട്ടിയിൽ പോസ്റ്റർ പതിച്ചതിന് ലുഖ്മാൻ പള്ളിക്കണ്ടി എന്ന യുവാവിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് ജനങ്ങളെ ഉദ്ബുദ്ധരാക്കാൻ ശ്രമിച്ചതിനാണ്, ഇതാണോ ഇടതുപക്ഷം ചെയ്യേണ്ടത് എന്നും അഡ്വക്കേറ്റ് മധുസൂദനൻ ചോദിച്ചു.

ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അം​ഗം അബ്ദുൾ ഷുക്കൂർ ഖാസിമി സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ഖുറാനിൽ പടച്ചവൻ ഏറ്റവും ശക്തമായി കൽപിച്ചിട്ടുള്ളതാണ് നീതിയും ന്യായവും. ഈ ലോകത്തുള്ള വിവിധ മതവിഭാ​ഗങ്ങൾക്കിടയിൽ ദെെവിക വിഷയങ്ങളിലും ആരാധനാ കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും എല്ലാ മതങ്ങളും ഏകോപിച്ച സംയുക്തമായി അറിയിക്കുന്ന ചില സന്ദേശങ്ങളുണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ട സന്ദേശമാണ് അക്രമം പാടില്ല എന്നുള്ളത്. ഖുറാനിൽ പടച്ചവൻ അറിയിക്കുന്നു അക്രമത്തിന്റെ പരിണിത ഫലം അക്രമികൾ‍ക്ക് തന്നെ ആയിരിക്കും. അക്രമത്തിന്റെ അനന്തര ഫലം അക്രമികൾക്ക് തന്നെ ആയിരിക്കുമെന്ന് ഖുറാൻ ഉദ്ധരിച്ചുകൊണ്ടാണ് അബ്ദുൽ ഷുക്കൂർ കാസിമി സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഫോറം ചെയർമാൻ മുഹമ്മദ് നദീർ മൗലവി സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. കമൽ സി നജ്മൽ, അബ്ദുൽ മജീദ് നദ്വി (മെെനോറിറ്റി റെെറ്റ്സ് വാച്ച്) എന്നിവർ സംസാരിച്ചു.

വാ​ഗമൺ സിമി ക്യാമ്പ്, പാനായിക്കുളം കേസുകളിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി, ഷാദുലി, ഷമ്മാസ്, റാസിഖ് എന്നിവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമാണ് ഈ സമ്മേളനം എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. കഴിഞ്ഞ 11 വർഷമായി തടവിൽ കഴിയുന്ന ഷിബിലിയും ഷാദുലിയും ഇപ്പോൾ ഭോപ്പാലിലെ ജയിലിലാണ്.


Read More Related Articles