“പാകിസ്താനിലേക്ക് പോകൂ”, ഹോളി ദിവസം മുസ്ലിം കുടുംബത്തെ സംഘപരിവാർ ആൾക്കൂട്ടം വീട്ടിലേക്ക് ഇടിച്ചുകയറി ആക്രമിച്ചു; വിഡിയോ

By on

ഗുഡ്ഗാവിലെ ധമാസ്പൂർ ​ഗ്രാമത്തിലെ മുസ്ലിം കുടുംബത്തിന് നേരെ സംഘപരിവാർ ആൾക്കൂട്ട ആക്രമണം. ഹോളി ദിവസം വെെകുന്നേരമാണ് സംഭവം.​ ​നാൽപതോളം പേരടങ്ങുന്ന ആൾ‌ക്കൂട്ടം കുട്ടികൾ ഉൾപ്പെടെയുള്ള എട്ടം​ഗ കുടുംബത്തെയാണ് ആക്രമിച്ചത്. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഈ കുടുംബത്തിലെ കുട്ടികളോട് ബെെക്കിലെത്തിയ ചിലർ പാകിസ്താനിലേക്ക് പോയി കളിക്കാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട സാജിദിനോട് നിനക്ക് ഞങ്ങൾ കാണിച്ചുതരാം എന്നും അക്രമികളിൽ ഒരാൾ പറഞ്ഞതായി സാജിദിന്റെ മരുമകൻ ദിൽഷാദ് ദേശീയമാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നത്തിൽനിന്നും രക്ഷ തേടി കുട്ടികൾ സാജിദിന്റെ വീട്ടിലെത്തി. അക്രമികളും പിന്നാലെയെത്തി.

മുഹമ്മദ് സാജിദും സമീനയും അവരുടെ ആറുമക്കളുമാണ് ആക്രമിക്കപ്പെട്ടത്. കുന്തം, വടി, വാൾ തുടങ്ങിയ ആയുധങ്ങൾ ഉപയോ​ഗിച്ചായിരുന്നു ആക്രമണം. മൂന്ന് വർഷം മുമ്പാണ് ഇവർ ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ താമസം തുടങ്ങിയത്.

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുട്ടികളോട് ബെെക്കിലെത്തിയ ചിലർ പാകിസ്താനിലേക്ക് പോയി കളിക്കൂ എന്ന് പറയുകയായിരുന്നു. തുടർന്ന് കൂടുതൽ ബെെക്കുകളിലായും നടന്നും ഇവർ എത്തി, കുട്ടികൾ വീട്ടിലേക്ക് ഓടി ഒളിച്ചതോടെ അക്രമിസംഘം വീട്ടിലേക്ക് ഇടിച്ചുകയറി ആക്രമിക്കുകയായിരുന്നു.

അവർ നമ്മുടെ ജനാലകൾ തകർത്തു, നമ്മുടെ കാറുകൾ തകർത്തു, വിലപിടിപ്പുളള സാധനങ്ങൾ കൊണ്ടുപോയി, ഒരു സ്വർണ മാല, ഒരു സ്വർണ കമ്മൽ, ഞാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ ഇതെല്ലാം അവർ കൊണ്ടുപോയി. സാജിദിന്റെ ഭാര്യ സമീന പറയുന്നു. ഇവരുടെ ഒരു ബന്ധുവാണ് അക്രമത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. വീട്ടിൽ കയറി വന്നവർ സാധനങ്ങളെല്ലാം എടുത്ത് സ്ഥലം വിട്ടുപോകാനും ഇല്ലെങ്കിൽ ഞങ്ങളെല്ലാം മോഷ്ടിക്കുമെന്നും പറഞ്ഞതായും ദിൽഷാദ് മൊഴിനൽകി.

ഐപിസി 148, 149, 307, 323, 427, 452, 506 എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമികളിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും അറസ്റ്റ് ഉടൻ ഉണ്ടാകും എന്നും പൊലീസ് ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു.


Read More Related Articles