മണിപ്പൂർ വിദ്യാർത്ഥി നേതാവ് വീവോൺ തോക്ചോമിന് ജാമ്യം ലഭിച്ചു

By on

മണിപ്പൂർ സ്റ്റുഡന്റ്സ് അസോസിയേഷൻ ഡൽഹി എന്ന വിദ്യാർത്ഥി സംഘടനയുടെ മുൻ പ്രസിഡന്റും നിലവിലെ ഉപദേഷ്ടാവുമായ വീവോൺ തോക്ചോമിന് ജാമ്യം ലഭിച്ചു. ഇംഫാല്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആണ് ഇന്ന് വെെകുന്നേരം വീവോൺ തോക്ചോമിന് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 15ന് വെെകുന്നേരം ഡല്‍ഹി പൊലീസും മണിപ്പൂര്‍ പൊലീസും ചേര്‍ന്ന് വീവോൺ തോക്ചോമിനെ സൗത്ത് ഡൽഹിയിലെ താമസസ്ഥലത്ത് വെച്ച് അറസ്റ്റ് വാറണ്ടില്ലാതെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. മണിപ്പൂരിന്‍റെ സ്വയം നിര്‍ണയാവകാശത്തെപ്പറ്റിയുള്ള ഫെയ്സ്ബുക് പോസ്റ്റാണ് രാജ്യദ്രോഹപരമായി ആരോപിച്ചത്.

മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാങ്ഖെംചായെ ദേശീയ സുരക്ഷാ നിയമം പ്രകാരം അറസ്റ്റ് ചെയ്തത്, പൗരത്വ ഭേദ​ഗതി ബിൽ എന്നീ പ്രശ്നങ്ങളിൽ മുൻനിരയിൽ നിന്ന് സമരം ചെയ്ത വിദ്യാർത്ഥി നേതാവാണ് വീവോൺ. പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ ഫെയ്സ്ബുക് പോസ്റ്റിന്റെ പേരിൽ വീവോൺ തോക്ചോമിന്റെ പേരിൽ ഐപിസി 124 (എ), ഐപിസി 53 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ശേഷം വീവോണിനെ പൊലീസ് തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് വീവോണിന്റെ സുഹ‍ൃത്തുക്കൾ ആരോപിച്ചിരുന്നു.

വീവോണിനെ അറസ്റ്റ് ചെയ്ത ശേഷം എങ്ങോട്ടേക്കാണ് കൊണ്ടുപോയത് എന്ന് പൊലീസ് സ്റ്റേഷനിലെത്തിയ സഹോദരനെ പോലും അറിയിച്ചിരുന്നില്ല. അറസ്റ്റ് ചെയ്ത ദിവസം മുതൽ തന്നെ വീവോണിന്‍റെ സഹപ്രവർത്തകരായ വിദ്യാർത്ഥികളും ഡൽഹിയിലെ ഹ്യുമൻ റെെറ്റ്സ് ലോ നെറ്റ് വർക്കും മോചനത്തിന് വേണ്ടിയുള്ള ഇടപെടലുകൾ നടത്തിക്കൊണ്ടിരുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി സംഘടനകളും ബാപ്സ, ഐസ തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും വീവോൺ വി​ദ്യാർത്ഥിയായിരുന്ന അംബേദ്കർ യൂണിവേഴ്സിറ്റി ഡൽഹിയിലെ അധ്യാപക സംഘടനയും വീവോൺ തോക്ചോമിന്റെ അറസ്റ്റിൽ പ്രതിഷേധമറിയിച്ച് പ്രസ്താവനകൾ പുറത്തിറക്കിയിരുന്നു.

വീവോൺ തോക്ചോമിന്റെ പേരിൽ ചുമത്തിയ വകുപ്പ് അ നുസരിച്ച് നോക്കുകയാണെങ്കിൽ ഈ രാജ്യം മുഴുവൻ തടവറയിൽ ആകണമല്ലോ എന്ന് ഒരു ഡൽഹി പൊലീസ് പ്രതിനിധി പ്രതികരിച്ചിരുന്നതായി വീവോണിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച വിദ്യാർത്ഥികളിൽ ഒരാൾ ഫെയ്സ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. വീവോണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കണം എന്ന പൊലീസിന്റെ ആവശ്യം വീവോണിന്റെയും പൊലീസിന്റെയും ഭാ​ഗം കേട്ട ശേഷം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാകേഷ് മെയ്ഹോബം തള്ളുകയായിരുന്നു. 60,000 രൂപ ജാമ്യത്തുക അടക്കേണ്ടി വന്നിട്ടുണ്ട്.


Read More Related Articles