തോപ്പിൽ കോളനി കുടിവെള്ള പദ്ധതി നടത്തിപ്പിലെ അലംഭാവം ചോദ്യം ചെയ്തു, കരാറുകാരന്‍റെ ഫോണിൽ നിന്ന് വിളിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സമരനേതാവ് സേതു 

By on

കിളിമാനൂർ തോപ്പിൽ കോളനിയിൽ മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം പഞ്ചായത്ത് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയിലെ അലംഭാവം ചോദ്യം ചെയ്ത ക്വാറിവിരുദ്ധ ജനകീയ സമരസമിതി കൺവീനർ സേതുവിന് പഞ്ചായത്ത് പ്രസിഡന്റിന്‍റെ ഭീഷണി. കിളിമാനൂർ പഞ്ചായത്ത് ഐഎസ്ആർഓ ഉദ്യോ​ഗസ്ഥന്‍റെ ഉടമസ്ഥതയിലുള്ള ക്വാറി കഴിഞ്ഞ പന്ത്രണ്ട് വർഷമായി കോളനിയിൽ പ്രവർത്തിക്കുന്നുണ്ട്.

കുടിവെള്ള പദ്ധതിയുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളെ കോളനിവാസികൾ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് മാർച്ച് 17ന് കോൺട്രാക്ടറുടെ നമ്പറിൽ നിന്നും സേതുവിനെ വിളിച്ച് പഞ്ചായത്ത് പ്രസിഡന്റ് രാജമ്മാൾ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
അഴിമതി, പദവി ദുരുപയോ​ഗം ചെയ്യൽ ഇതൊക്കെയാണ് പഞ്ചായത്ത് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് സേതു പറയുന്നു.

“ജനപ്രതിനിധി സംസാരിക്കേണ്ടത് ജനങ്ങൾക്ക് വേണ്ടിയല്ലേ? പഞ്ചായത്ത് പ്രസിഡന്‍റ് ഇപ്പോൾ സംസാരിക്കുന്നത് കോൺട്രാക്ടർക്ക് വേണ്ടിയാണ്. കോൺട്രാക്ടറുടെ അഴിമതി മറച്ചുപിടിക്കാനല്ലേ ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രമിക്കുന്നത്? ഞാൻ ജനങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഇന്ന് അറസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തുന്നവർ നാളെ പട്ടികജാതിക്കാരനായ എന്നെ അവർ കൊന്നേക്കാം. ഞാൻ പരാതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.” സേതു കീബോർഡ് ജേണലിനോട് പറഞ്ഞു.

കഴിഞ്ഞ 780 ദിവസങ്ങളായി സെക്രട്ടേറിയേറ്റിൽ ക്വാറിക്കെതിരെ സമരം ചെയ്യുന്ന സേതു കോളനിനിവാസികൾ ആവശ്യപ്പെട്ടത് പ്രകാരമാണ് കോളനിയിലെത്തി കുടിവെള്ള പദ്ധതി സ്ഥാപിക്കുന്നതിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. കിളിമാനൂർ സബ് ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ സേതു പറയുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും എസ് സി എസ് ടി കമ്മീഷനും ഈ പരാതി നൽകുമെന്നും സേതു പറയുന്നു.


Read More Related Articles