ഭാവിയിൽ അംബേദ്കറെക്കുറിച്ച് സംസാരിക്കുന്നവർ ദേശവിരുദ്ധരായി മുദ്രകുത്തപ്പെടും; രാധിക വെമുലയുടെ പ്രസം​ഗത്തിന്റെ പരിഭാഷ

By on

ബ്രാഹ്മണ്യ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ യുനെെറ്റഡ് എ​ഗെയ്ൻസ്റ്റ് ഹേറ്റ് കേരള ചാപ്റ്റർ എറണാകുളത്ത് 23/11/2018ന് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ രാധിക വെമുല നടത്തിയ ഉദ്ഘാടന പ്രസം​ഗത്തിന്റെ പരിഭാഷ

“ഇതെന്നെ സംബന്ധിച്ച് ഒരു പ്രധാന ദിവസമാണ്. ഈയടുത്തായി ഞാൻ പല പൊതുപരിപാടികളിലും പങ്കെടുക്കുന്നുണ്ട്. എന്നാൽ ഇത് അതിപ്രധാനമായ ഒരു ദിവസമാകുന്നത് കേരളത്തി്ലെ ജനങ്ങൾ മറ്റേത് സംസ്ഥാനത്തിലെ ജനങ്ങളെക്കാളും രോഹിത് വെമുലയുടെ മുന്നേറ്റത്തോട് പിന്തുണയറിയിക്കുന്നു എന്നതുകൊണ്ടാണ്.

രോഹിത് ഉണ്ടായിരുന്നപ്പോൾ ഞാൻ ഒരു വീട്ടമ്മയായിരുന്നു. എന്റെ മകന്റെ ത്യാ​ഗത്തിന് ശേഷം ദളിതരും മുസ്ലീങ്ങളും മറ്റ് അടിച്ചമർത്തപ്പെട്ട ജനവിഭാ​ഗങ്ങളും, മുമ്പ് രാഷ്ട്രീയമായി നിർജീവമോ ഉറങ്ങിക്കിടന്നവരോ ആയിരുന്നവർ വല്ലാത്തൊരു ഊർജ്ജത്തിൽ ഉണർന്നത് കാണുന്നു. എല്ലാവരും പറയുന്നത് ഇത് ദ​ളിത് മുന്നേറ്റത്തിന്റെ തേഡ് വേവ് ആണെന്നാണ്. രോഹിത് എന്നെ വിട്ടുപോയത് എന്നിൽ ഒരുപാട് ഉത്തരവാദിത്തങ്ങൾ ഏൽപിച്ചുകൊണ്ടാണ്. അതിനാൽ ഞാനിപ്പോൾ എന്നെ ക്ഷണിക്കുന്ന വേദികളിലേക്ക് പോകുന്നു.

നമ്മൾ വിദ്വേഷത്തെപ്പറ്റി സംസാരിക്കാൻ ഒരു യോ​ഗം നടത്തുന്നു എന്നത് സങ്കടകരമാണ്. ബിജെപി ​ഗവണ്മെന്റ് അധികാരത്തിൽ വന്ന ശേഷം ഒരു വിഭാ​ഗം ജനങ്ങൾ വെറുപ്പ് പടർത്തുകയാണ്, മറ്റുള്ളവരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുകയാണ്. ഈ വിദ്വേഷത്തിന്റെ ഇരകൾ ദളിതരും മുസ്ലീങ്ങളും കൃസ്ത്യാനികളും മറ്റ് മർദ്ദിത ജനവിഭാ​ഗങ്ങളും ഒക്കെയാണ്.

“നമ്മൾ വിദ്വേഷത്തെപ്പറ്റി സംസാരിക്കാൻ ഒരു യോ​ഗം നടത്തുന്നു എന്നത് സങ്കടകരമാണ്”

എനിക്ക് ഒരു ഉദാഹരണം പറയാനുണ്ട്. തെലങ്കാനയിൽ പ്രണയ്, അമൃത എന്നീ ദമ്പതികൾക്ക് സംഭവിച്ചത്. അമൃതയുടെ അച്ഛൻ പ്രണയ് യെ കൊലപ്പെടുത്തിയത് പ്രണയ് ദളിത് കൃസ്ത്യൻ ആയതുകൊണ്ട് മാത്രമാണ്. എല്ലാവരും പറയുന്നത് അതൊരു അഭിമാന കൊലപാതകം ആണെന്നാണ്. എന്തുതരം അഭിമാനമാണിത്? അയാളിപ്പോൾ ജയിലിലാണ്.
അവർ ഒന്നിനൊന്നായി ചേർക്കപ്പെട്ട രണ്ടുപേരാണ്. അവർക്ക് ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. അവർ വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. പക്ഷേ അയാൾ പ്രണയ്നെ കൊന്നു. ഇന്ന് അമൃത ​ഗർഭിണിയാണ്, നാളെ എന്തുത്തരമാണ് നമ്മൾ ആ കുഞ്ഞിന് കൊടുക്കുക? ഒരു കോടി രൂപ കൊടുത്താണ് കൊലയാളികളെ ഏർപ്പെടുത്തിയത്. ജാതികൊലപാതകം ഒരു വിപണി തന്നെ ആയിട്ടുണ്ട് ഇപ്പോൾ.

ആർക്കുമറിയില്ല നജീബിന് എന്ത് സംഭവിച്ചു എന്ന്. അഖ്ലാഖ് ഒരു കാരണവും ഇല്ലാതെ കൊല്ലപ്പെട്ടു. ആസിഫ എട്ടുദിവസം ബലാത്സം​ഗം ചെയ്യപ്പെട്ടു, പരിശുദ്ധം എന്ന് വിളിക്കപ്പെടുന്ന ക്ഷേത്രത്തിനകത്ത് വെച്ച്. ഈയടുത്ത് അവർ ഉമർ ഖാലിദിനെ കൊല്ലാൻ ശ്രമിച്ചു. അങ്ങനെ അവർ എല്ലാവരെയുും ലക്ഷ്യമിടുന്നു. ഭീതിപ്പെടുത്തുന്നു. ഉടൻ അവരീ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും, വലിയ അപകടം നമുക്ക് മുന്നിലുണ്ട്. ഈ അപകടം ദളിതർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും മാത്രമല്ല, ഈ രാജ്യത്ത് മതേതരത്വം സൂക്ഷിക്കാൻ ശ്രമിക്കുന്നവർക്കും അപകടമാണ്. ​ഗൗരി ലങ്കേഷ്, കൽബുർ​ഗി എന്നിവരൊന്നും ദളിതർ അല്ല, പ്രൊഫസർ നാ​ഗേശ്വര റാവുവും വരവര റാവുവും ദളിതരല്ല. പക്ഷേ അവരും അപകടത്തിലാണ്. അത് സൂചിപ്പിക്കുന്നത് മതേതരത്വത്തെപ്പറ്റി സംസാരിക്കുന്നവർ ആരായാലും അവർ വേട്ടയാടപ്പെടും എന്നാണ്.
അവരിപ്പോൾ അംബേദ്കറെെറ്റുകളെ അർബൻ നക്സലുകൾ എന്ന് വിളിക്കുന്നു. ഭാവിയിൽ അംബേദ്കറെക്കുറിച്ച് സംസാരിച്ചാൽ നിങ്ങൾ ദേശവിരുദ്ധരായി മുദ്രകുത്തപ്പെടും.

ഇന്ന് രാജ്യത്തെ സ്ത്രീകൾ പല പ്രശ്നങ്ങൾ അനുഭവിക്കുന്നു. ഭരണപക്ഷത്തിരിക്കുന്നവർ ഭരണഘടന കത്തിക്കുന്നു. പ്രണയിച്ചാൽ നിങ്ങൾ കൊല്ലപ്പെടും. അവർ ജീവിക്കുന്നത് ഇവിടത്തെ നിയമക്രമങ്ങൾക്ക് പുറത്താണ്. അവർ കോടതി വിധികൾ അം​ഗീകരിക്കുന്നേയില്ല. കേരളത്തിൽ ശബരിമല തന്നെ നോക്കൂ. സുപ്രീം കോടതി ശബരിമലയിൽ യുവതീ പ്രവേശനം അനുവ​ദിച്ചു. പക്ഷേ ബിജെപി, ആർഎസ്എസ് ​ഗുണ്ടകൾ അവിടെ പോകാൻ ശ്രമിക്കുന്ന സ്ത്രീകളെ തടയുന്നു, ഉപദ്രവിക്കുന്നു. അയ്യപ്പനാണോ സ്ത്രീ പ്രവേശനം തടയുന്നത്? 2500 വർഷങ്ങൾക്ക് മുമ്പ് ​ഗൗതമ ബുദ്ധൻ ബിക്കു സംഘങ്ങളിലേക്ക് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. പക്ഷേ 2018ൽ സ്ത്രീകളെ ക്ഷേത്രത്തിൽ നിന്ന് മാറ്റിനിർത്തുന്നു.

സ്ത്രീകൾ പ്രവേശിച്ചാൽ ക്ഷേത്രം മലിനമാകുമെന്ന് പറയുന്നു. സ്ത്രീകൾ അത്രമാത്രം മാലിന്യമാണെങ്കിൽ സ്ത്രീകൾ തങ്ങൾ ഇനി പ്രസവിക്കുന്നില്ല എന്ന് തീരുമാനിച്ചാൽ ലോകത്തിന് എന്ത് സംഭവിക്കും? ഹിന്ദു, മുസ്ലീം, കൃസ്ത്യൻ എന്തായാലും സ്ത്രീകൾ തുല്യരായി പരി​ഗണിക്കപ്പെടണം.

“സംഘവിരുദ്ധ പാർട്ടികൾ ഒരു പൊതു പ്ലാറ്റ്ഫോമിൽ വന്ന് ചേർന്ന് നിൽക്കാതെ നമുക്ക് അവരെ നേരിടാൻ കഴിയില്ല. രാജ്യത്തെ ദളിതരും മുസ്ലീങ്ങളും കൃസ്ത്യാനികളും എല്ലാ അടിച്ചമർത്തപ്പെട്ട വിഭാ​ഗങ്ങളും ഒന്നിച്ചുചേർന്ന് 2019 തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.”

ഇവിടെ എെക്യത്തിന്റെ പ്രതീകമായി പട്ടേൽ പ്രതിമ പണിതു. പക്ഷേ അംബേദ്കർ പ്രതിമകൾ ഇവിടെ നിലനിൽക്കില്ല. അംബേദ്കറാണോ പട്ടേലാണോ പ്രധാനം? ഹെെദരാബാദിൽ തെലു​ഗുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ നിന്നും പുറത്തുവന്നു. ആന്ധ്രാപ്രദേശിൽ അതിനാൽ സാഹചര്യങ്ങളൊക്കെ മാറിയിരിക്കുകയാണ്. ഏതെങ്കിലും ബിജെപി നേതാവ് വോട്ട് ചോദിച്ച് ജനങ്ങളുടെ അടുത്ത് പോയാൽ ചൂലെടുത്ത് അടിച്ചോടിക്കാൻ അവർ തയ്യാറാണ്. അവർ ആന്ധ്രപ്രദേശിന് പ്രത്യേക പദവി വാ​ഗ്ദാനം ചെയ്തു അത് പാലിച്ചില്ല. യുവാക്കൾക്ക് തൊഴിൽ വാ​ഗ്ദാനം ചെയ്തു അതും പാലിച്ചില്ല. നരേന്ദ്രമോദി എല്ലാവരെയും ചതിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ബിജെപി നേതാക്കൾ തെരുവിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിട്ടുണ്ട്. ബിജെപി സഖ്യത്തിൽ നിന്ന് പുറത്തുവന്നശേഷം ചന്ദ്രബാബു നായിഡു മോദിയുമായി പോരാട്ടത്തിലാണ്.

പ്രണയ് അമൃത ദമ്പതികൾക്ക് സംഭവിച്ചത് വളരെ സങ്കടകരമാണ്. പ്രണയ് യെ കൊലപ്പെടുത്താൻ അമൃതയുടെ അച്ഛൻ കൊലയാളിക്ക് കൊടുത്തത് ഒരു കോടി രൂപയാണ്. തെലങ്കാനയിലും ആന്ധ്രയിലും അവസ്ഥ വളരെ അപകടകരമാണ്.

സംഘവിരുദ്ധ പാർട്ടികൾ ഒരു പൊതു പ്ലാറ്റ്ഫോമിൽ വന്ന് ചേർന്ന് നിൽക്കാതെ നമുക്ക് അവരെ നേരിടാൻ കഴിയില്ല. രാജ്യത്തെ ദളിതരും മുസ്ലീങ്ങളും കൃസ്ത്യാനികളും എല്ലാ അടിച്ചമർത്തപ്പെട്ട വിഭാ​ഗങ്ങളും ഒന്നിച്ചുചേർന്ന് 2019 തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.”


Read More Related Articles