ജാതി കൊലപാതകം വിപണിവൽക്കരിക്കപ്പെട്ടുകഴിഞ്ഞു; രാധിക വെമുല

By on

ജാതി അഭിമാനം സംരക്ഷിക്കാൻ സവർണർ നടപ്പിലാക്കുന്ന ജാതി കൊലപാതകം വിപണിവൽക്കരിക്കപ്പെട്ടു എന്ന് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ കേന്ദ്രമന്ത്രിമാരുടെ ഗൂഡാലോചനയുടെ ഭാഗമായി ജാതികൊല ചെയ്യപ്പെട്ട രോഹിത് വെമുലയുടെ ‘അമ്മ രാധിക വെമുല. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ വെറുപ്പിന്റെ രാഷ്ട്രീയതിനെതിരെ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു രാധിക വെമുല.”തെലങ്കാനയിൽ പ്രണയവിവാഹം ചെയ്തതിനാൽ പ്രണയ്ക്കും അമൃതയ്ക്കും സംഭവിച്ചത് എന്താണെന്നു നിങ്ങൾക്കറിയാം. ഒരു ദളിത് കൃസ്ത്യൻ ആയതുകൊണ്ടാണ് പ്രണയ് കൊല്ലപ്പെട്ടത്. അമൃത ഒരു സവർണ സ്ത്രീ ആണ്. അമൃതയുടെ അച്ഛൻ ഒരു കോടി രൂപ കൊടുത്തിട്ടാണ് പ്രണയ് എന്ന യുവാവിനെ കൊലപ്പെടുത്തിയത്. ജാതി കൊലപാതകം വിപണി വൽക്കരിക്കപ്പെട്ടിരിക്കുകയാണ്. അമൃത ഗർഭിണിയാണ്. ആ കുഞ്ഞിനോട് നമ്മൾ എന്തു മറുപടിയാണ് പറയുക?”രാധിക വെമുല പറയുന്നു.

രോഹിത് എന്നെ ഏല്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തങ്ങളാണ്. ഞാൻ നിറവേറ്റിക്കൊണ്ടിരിക്കുന്നത് ആ ഉത്തരവാദിത്തങ്ങളാണ്. നമ്മൾ വിദ്വേഷത്തെക്കുറിച്ചു സംസാരിക്കാൻ ഒരു യോഗം നടത്തുന്നു എന്നത് തന്നെ സങ്കടകരമാണ്. ഈ വിദ്വേഷത്തിന്റെ ഇരകൾ ദളിതരും മുസ്ലീങ്ങളും കൃസ്ത്യാനികളും ഒക്കെയാണ്. നമുക്ക് കൊല്ലുന്ന സംഘടനകൾ വേണോ?
ഗൗരി ലങ്കേഷ്‌, കൽബുർഗി ഇവരൊന്നും ദളിതർ അല്ല. പ്രൊഫസർ നാഗേശ്വര റാവുവും വരവര റാവുവും ദളിതരല്ല. പക്ഷെ അവരും അപകടത്തിലാണ്. സംഘപരിവാർ ഈ രാജ്യത്തെ ഉടൻ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും. ഈ രാജ്യത്തെ സ്ത്രീകൾ പല പ്രശ്നങ്ങൾ നേരിടുന്നു. സംഘപരിവാർ ഭരണഘടന കത്തിക്കുന്നു. അവർ കോടതിവിധികളെ അംഗീകരിക്കുന്നില്ല.കേരളത്തിൽ ശബരിമലയിൽ തന്നെ സംഭവിക്കുന്നത് എന്താണെന്ന് നോക്കൂ. സുപ്രീം കോടതി യുവതീപ്രവേശനം അനുവദിച്ചെങ്കിലും ബിജെപി ആർഎസ്എസ് ഗുണ്ടകൾ അവരെ പിന്തുടർന്ന് ആക്രമിക്കുകയാണ്. അയ്യപ്പനാണോ സ്ത്രീപ്രവേശനം തടയുന്നത്? 2500 വർഷം മുമ്പ് ഗൗതമ ബുദ്ധൻ ബിക്കുസംഘങ്ങളിലേക്ക് സ്ത്രീകളെ അനുവദിച്ചു. പക്ഷേ 2018ൽ അവർ സ്ത്രീകളെ ക്ഷേത്രത്തിൽ നിന്ന് തടയുകയാണ്. സ്ത്രീകൾ പ്രവേശിച്ചാൽ ക്ഷേത്രം മലിനമാകും എന്നു പറയുന്നു. അത്രമാത്രം മാലിന്യമാണെങ്കിൽ സ്ത്രീകൾ പ്രസവിക്കുന്നില്ല എന്ന് തീരുമാനിച്ചാൽ യോഗത്തിന് എന്ത് സംഭവിക്കും? ” രാധിക വെമുല ചോദിച്ചു.

പരിപാടിയിൽ ജന. കൺവീനർ ടി എം മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കെ കെ ബാബുരാജ്, കമൽ സി നജ്മൽ, അലീന ആകാശമിഠായി, നാസർ മാലിക്ക്, വി പ്രഭാകരൻ, അസ്മ നസ്റിൻ, ഷാഹു അമ്പലത്ത്, മുഹമ്മദ് മിറാഷ് എന്നിവർ പ്രസംഗിച്ചു. രാഷ്ട്രീയ നേതാക്കളായ അനു ചാക്കോ (ആർജെഡി), ഷെമീർ മാഞ്ഞാലി (എസ്ഡിപിഐ), ജ്യോതിവാസ് പറവൂർ, വിഎം അലിയാർ (പിഡിപി), കെഎംഎ ജലീൽ (ഐഎൻഎൽ), സിജികുമാർ (ബിഎസ്പി),
വി എം ഫൈസൽ, ഷിയാസ് ബിൻ ഫരീദ്, മൃദുല ഭവാനി, എൻ എ നജീബ് സംസാരിച്ചു.


Read More Related Articles