ശബരിമല റിട്ട് ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കും
ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള റിട്ട് ഹർജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരായിരിക്കും ഹർജികൾ പരിഗണിക്കുക. ഭരണഘടനയുടെ 32ാം അനുച്ഛേദം അനുസരിച്ചാണ് കോടതിക്ക് മുമ്പാകെ റിട്ട് ഹർജി എത്തിയിട്ടുള്ളത്. നവംബർ 13നാണ് റിട്ട് ഹർജികൾ പരിഗണിക്കുക. ദേശീയ അയ്യപ്പ ഭക്ത അസോസിയേഷനാണ് ഹർജിക്കാർ. ഇതിന് പുറമേ സമാനസ്വഭാവമുള്ള മറ്റൊരു ഹർജി കൂടി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. അതേസമയം, ഭരണഘടന ബെഞ്ചാവും പുന:പരിശോധന ഹർജികൾ പരിഗണിക്കുക.
സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി ലക്ഷകണക്കിന് വരുന്ന അയ്യപ്പ ഭക്തരുടെ വികാരങ്ങൾക്കും ഭരണഘടന അവകാശങ്ങൾക്കും എതിരാണെന്നാണ് റിട്ട് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ് ഭരണഘടന ബെഞ്ച് ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചത്. ഇത് ഭരണഘടന ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.