ബന്ധു നിയമനത്തിൽ കുടുങ്ങി ജലീൽ; കുറ്റസമ്മതം നടത്തിയ മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ലീഗ്
മൈനോറിറ്റി ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ മന്ത്രിയുടെ പിതൃസഹോദര പുത്രനെ ജനറല്‍ മാനേജറായി നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നായിരുന്നു യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം. ഇതിന് വിശദീകരണം നൽകിയ മന്ത്രി യോഗ്യതയുള്ള ആളെ കിട്ടാത്തതിനാലാണ് ബന്ധുവിനെ നിയോഗിച്ചതെന്ന് വെളിപ്പെടുത്തി. ഇതോടെയാണ് കുറ്റസമ്മതം നടത്തിയ മന്ത്രി ജലീൽ രാജി വെക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തെത്തിയത്.
ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ വേണ്ടിയാണ് 2016 സെപ്തംബർ 17 ന് ശനിയാഴ്ച കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ കോർപ്പറേഷൻ പരസ്യം നൽകി അപേക്ഷ ക്ഷണിച്ചത്. യോഗ്യതയായി പറഞ്ഞത് MBA അല്ലെങ്കിൽ BTech with PGDBA/ CS/ CA/ ICWAI യും മൂന്നുവർഷ പരിചയവുമായിരുന്നു. അതനുസരിച്ച് ഏഴു പേരാണ് അപേക്ഷിച്ചത്. എന്നാൽ ഇതിൽ മൂന്ന് പേർ മാത്രമാണ് അഭിമുഖത്തിന് ഹാജരായത് എന്നും, എന്നാൽ അവർക്ക് വേണ്ടത്ര യോഗ്യത ഇല്ലാത്ത കാരണമാണ് തന്റെ ബന്ധുവിനെ നിയമിച്ചത് എന്നുമാണ് മന്ത്രി നൽകിയ വിശദീകരണം.
യോഗ്യത ഇല്ലാത്തവരെ എങ്ങനെയാണ് അഭിമുഖത്തിലേയ്ക്ക് വിളിക്കുക എന്നതും, വീണ്ടും അപേക്ഷ ക്ഷണിക്കുന്നതിന് പകരം മന്ത്രിയുടെ ഇഷ്ടക്കാർക്ക് എങ്ങനെയാണ് തസ്തിക നീക്കി വെക്കുന്നത് എന്നുമാണ് ലീഗ് ചോദിക്കുന്നത്. ജലീലിനെതിരായ ബന്ധു നിയമന വിവാദത്തിൽ മന്ത്രി തന്നെ കുറ്റസമ്മതം നടത്തിയ സ്ഥിതിയ്ക്ക് മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണ്ണറെ കാണുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് പറഞ്ഞു. അതേസമയം മന്ത്രി കെ.ടി.ജലീലിന് എതിരെയുള്ള ബന്ധു നിയമന ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.