മോദി ഇന്ത്യയുടെ പ്രധാന വിഭാജകനെന്ന് റ്റൈം മാസികയുടെ ലേഖനം; രൂക്ഷ വിമർശനം കവറിൽ
ഇന്ത്യയെ വിഭജിക്കുന്നവരുടെ തലവനായി മോദിയെ വിശേഷിപ്പിച്ച് ലോകപ്രസിദ്ധ വാർത്താ മാസിക റ്റൈെമിന്റെ കവർ സ്റ്റോറി. ”ലോകത്തെ ഏറ്റും വലിയ ജനാധിപത്യ രാജ്യത്തിന് ഇനിയൊരു അഞ്ച് കൊല്ലം കൂടി മോദി സർക്കാരിനെ താങ്ങാനുള്ള കെൽപ്പുണ്ടോ” എന്ന തലക്കെട്ടിൽ ആതിഷ് തസീർ എഴുതിയ ലേഖനമാണ് അമേരിക്കൻ മാഗസിൻ കവർ സ്റ്റോറിയാക്കിയിരിക്കുന്നത്. ജവഹർ ലാൽ നെഹ്രുവിന്‍റെ ഭരണകാലത്തെ മതേതര അന്തരീക്ഷത്തെയും നിലവിൽ ഇന്ത്യയിലുള്ള സംഘർഷത്തിന്‍റെ അന്തരീക്ഷത്തെയും റ്റൈം താരതമ്യം ചെയ്യുന്നു.
മോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് വംശഹത്യയെക്കുറിച്ചും റ്റൈം ആർട്ടിക്കിൾ പരാമർശിക്കുന്നുണ്ട്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സാഹോദര്യത്തെ വളർത്താൻ മോദിയ്ക്ക് ഒരു താത്പര്യവും ഇല്ല എന്നും റിപ്പോർട്ട് പറയുന്നു. ഇത് ആദ്യമായല്ല റ്റൈം മാഗസിൻ മോദിയെ വിമർശിക്കുന്നത്. 2012 ലും മോദിയെ വിമർശിക്കുന്ന റിപ്പോർട്ട് മാസിക പ്രസിദ്ധീകരിച്ചിരുന്നു. മെസ് 20 ലേക്കുള്ള പതിപ്പിലാണ് മോദി വിമർശന ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാമ്പത്തിക വളർച്ചയിലേക്ക് ഇന്ത്യെ നയിക്കാൻ മോദി പരാജയപ്പെട്ടെന്നും രാജ്യത്ത് നിലനിന്നിരുന്ന വ്യവസ്ഥയെ തകർക്കുന്നതിൽ മോദി വിജയം കണ്ടെന്നും ആതിഷ് ലേഖനത്തിൽ പറയുന്നു.
മോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് മുസ്ലിങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് ലേഖനം പരാമർശിക്കുന്നു. ”മോദിയുടെ സാമ്പത്തിക അത്ഭുതങ്ങൾ സാക്ഷാത്കരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല വിഷമയമായ ഒരു മതാത്മക ദേശീയത രാജ്യത്ത് രൂപപ്പെടാൻ അയാൾ സഹായിക്കുക കൂടി ചെയ്തു” എന്ന് ലേഖനം പറയുന്നു. മോദിയെ ആൾക്കൂട്ടത്തിന്റെ ചങ്ങാതിയായും ലേഖനം വിശേഷിപ്പിക്കുന്നു. പശുവിന്റെ പേരിൽ ആൾക്കൂട്ട കൊലപാതകങ്ങൾ ഭരണകൂടത്തിന്റെ പിന്തുണയോടെ നടപ്പാക്കിയെന്നും ലേഖനം പറയുന്നു. മുസ്ലിങ്ങളെ ആക്രമിച്ച ആൾക്കൂട്ടം ദലിതരെയും ആക്രമിച്ചു. ചത്ത പശുവിന്റെ തോലുരിച്ചതിന് ഗുജറാത്തിലെ ഉനയിൽ ദലിത് യുവാക്കളെ തല്ലിച്ചതച്ചതിനെക്കുറിച്ചും ലേഖനം പരാമർശിക്കുന്നു.