“ഡോ.കഫീൽ ഖാനെതിരായ അന്വേഷണം അവസാനിപ്പിക്കണം”, സസ്പെൻഷൻ കാലത്തെ ശമ്പളം നൽകണമെന്നും യുപി സർക്കാരിനോട് സുപ്രിം കോടതി

By on

ഡോ. കഫീൽ ഖാന്‍റെ സസ്പെൻഷനുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ അവസാനിപ്പിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രിം കോടതി. സസ്പെന്‍ഷന്‍ കാലയളവിലെ ശമ്പളം നല്‍കണമെന്നും യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സസ്പെൻ‍ഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രിം കോടതിയിൽ 2019 മാർച്ചിൽ ഡോ.കഫീൽ ഖാൻ സമർപ്പിച്ച ഹർജിയിലാണ് വിധി.

വേതനം നൽകാൻ ഉത്തരവിട്ടെങ്കിലും സസ്പെൻഷൻ പിൻവലിക്കാൻ കോടതി തയ്യാറായില്ല. സസ്പെൻഷൻ പിൻവലിക്കാത്തതിനാൽ ഈ വിധിയിൽ തനിക്ക് വലിയ സന്തോഷമില്ലെന്ന് ഡോ. കഫീൽ ഖാൻ കീബോർഡ് ജേണലിനോട് പ്രതികരിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇന്ന് അലഹാബാദ് ഹെെക്കോടതി വിധി ഉയർത്തിപ്പിടിച്ചുകൊണ്ട് ഡോ. കഫീൽ ഖാന്റെ പരാതിയിൽ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുതിർന്ന അഭിഭാഷകരായ മീനാക്ഷി അറോറ, ഫുസെെൽ അഹമ്മദ് അയ്യൂബി എന്നിവരാണ് ഡോ. കഫീൽ ഖാനെ പ്രതിനിധീകരിക്കുന്നത്.

“ഞാൻ കോടതി ഉത്തരവ് കയ്യിൽ കിട്ടാൻ കാത്തുനിൽക്കുകയാണ്. ഈ വിധിയിൽ എനിക്ക് വലിയ സന്തോഷമൊന്നുമില്ല. ഞാൻ സസ്പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെട്ടുതന്നെയാണ് സുപ്രിം കോടതിയെ സമീപിച്ചത്. പക്ഷേ സുപ്രിം കോടതി വിധി അലഹാബാദ് ഹെെക്കോടതി വിധി പരി​ഗണിച്ചുകൊണ്ട് ഉത്തർപ്രദേശ് സർക്കാരിനോട് എനിക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നത്. 90 ദിവസം കൊണ്ട് അന്വേഷണം അവസാനിപ്പിക്കണം എന്ന് മാർച്ച് ഏഴിന് അലഹാബാദ് ​ഹെെക്കോടതി വിധിച്ചിരുന്നു. ഇതിനെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഇടപെടൽ. ഇപ്പോഴും എന്റെ സസ്പെൻഷൻ പിൻവലിക്കപ്പെടാത്തത് എന്തുകൊണ്ടാണ്?

20 മാസങ്ങൾ കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാരണമാണ് അന്വേഷണം പൂർത്തിയാക്കാത്തത് എന്നാണ് സർ‍ക്കാർ വാദം, ഈ വിഷയത്തിൽ തെരഞ്ഞെടുപ്പിനെ കുറ്റപ്പെടുത്താൻ കഴിയില്ല എന്നാണ് സുപ്രിം കോടതി ഈ വാദത്തോട് പ്രതികരിച്ചത്. കഴിഞ്ഞ 20 മാസത്തെ സസ്പെൻഷൻ അലവൻസ് നൽകണം എന്ന ഉത്തരവ് സന്തോഷിപ്പിക്കുന്നുണ്ട്, കാരണം ആ തുക കൊണ്ട് എനിക്കെന്റെ കേസുമായി മുന്നോട്ട് പോകാം. എനിക്ക് ജീവിക്കാം. എനിക്ക് പണം ആവശ്യമുണ്ടായിരുന്നു, ഇതുവഴി കുറച്ചുനാൾ അതിജീവിക്കാം. എനിക്കെതിരെ ഒരു തെളിവുകളും ഇല്ലെന്ന് അലഹാബാദ് ഹെെക്കോടതി വിധിയുണ്ട്, എന്നിട്ടും എന്തുകൊണ്ടാണ് ഞാൻ സസ്പെൻഷനിൽ തുടരുന്നത്? അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല, ഒരു മാസം അന്വേഷണം പൂർത്തിയാക്കാനുള്ള സമയം കൊടുക്കാം അതുകഴിഞ്ഞ് താങ്കൾക്ക് കോടതിയെ സമീപിക്കാം എന്നാണ് കോടതി പ്രതികരിച്ചത്. എല്ലാ അന്വേഷണ നടപടികളും എത്രയും വേ​ഗം പിൻവലിച്ച് എന്നെ പുനർനിയമിക്കണം എന്നതാണ് എന്റെ ആവശ്യം.” ഡോ. കഫീൽ ഖാൻ പറഞ്ഞു.

മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം എന്ന് മാർച്ച് ഏഴ് 2019ൽ അലഹാബാദ് ഹെെക്കോടതി വിധിച്ചിരുന്നു. ബിആർഡി മെഡിക്കൽ കൊളേജിൽ ലിക്വിഡ് ഓക്സിജൻ സിലിണ്ടറുകള്‍ ഇല്ലായ്മ കാരണം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ ഡോ. കഫീൽ ഖാന് യാതൊരു പങ്കുമില്ലെന്ന് തെളിവുകൾ നിലനിൽക്കെ, അലഹാബാ​ദ് ഹെെക്കോടതി ഡോ. കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകിയിട്ടും സസ്പെൻഷൻ പിൻവലിക്കപ്പെടുകയോ ഡോ.കഫീൽ ഖാനെ സർവ്വീസിൽ നിന്നും പുറത്താക്കാൻ സർക്കാർ തയ്യാറാകുകയോ ചെയ്തിട്ടില്ല. ഇപ്പോൾ സസ്പെൻഷന്റെ ഇരുപതാം മാസമാണ്.

മാർച്ചിൽ ലക്നൗവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകണമെന്നും ഡോ. കഫീൽ ഖാൻ ആവശ്യപ്പെട്ടിരുന്നു. ജാപ്പനീസ് എൻസിഫലെെറ്റിസിനെ നിയന്ത്രിക്കുന്നതിൽ തങ്ങളുടെ സർക്കാർ വിജയിച്ചു എന്ന് യോ​ഗി ആദിത്യനാഥ് സർക്കാർ അവകാശപ്പെടുന്നത് അടിസ്ഥാനരഹിതമാണെന്നും വിവരാവകാശ അപേക്ഷകളിലൂടെ ശേഖരിച്ച വിവരങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഡോ. കഫീൽ ഖാൻ പറഞ്ഞിരുന്നു.

ഹെൽത് ഫോർ ഓൾ എന്ന ആരോ​ഗ്യ പദ്ധതിയുടെ ക്യാംപെയ്ൻ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ഡോ. കഫീൽ ഖാൻ. ഗൊരഖ്പൂരില്‍  സൗജന്യ മെഡിക്കൽ ക്യാമ്പുകളും നടത്തിവരികയാണ്. പ്രാഥമിക ആരോ​ഗ്യമേഖല നേരിടുന്ന വെല്ലുവിളികളും ആരോ​ഗ്യമേഖലയിലെ അടിയന്തിര ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയുള്ള ആരോ​ഗ്യപദ്ധതിയുടെ മാർ​ഗരേഖ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കൾക്കും നൽകി, അവ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം എന്നും ഡോ. കഫീൽ ഖാൻ ആവശ്യപ്പെട്ടിരുന്നു.


Read More Related Articles