അമേരിക്കയിലേക്കുള്ള കയറ്റുമതി മുൻഗണനാ പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി റ്റ്രംപ്
അമേരിക്കയിലേക്കുള്ള കയറ്റുമതിയ്ക്ക് മുൻഗണന നൽകുന്ന പട്ടികയിൽ നിന്നും ഇന്ത്യയെ ഒഴിവാക്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് റ്റ്രംപ്. ജെനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് എന്ന സവിശേഷ സ്ഥാനം ആസ്വദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്നുമാണ് അമേരിക്കൻ പ്രസിഡൻറ് ഇന്ത്യയെ ഒഴിവാക്കിയത്. ആ പട്ടികയിൽ തുടരാനുള്ള മാനദണ്ഡങ്ങൾ ഇന്ത്യ പാലിക്കാത്തതാണ് നടപടിക്ക് കാരണം. ജി എസ് പി താരിഫ് അനുസരിച്ചുള്ള ഇളവ് പ്രകാരം 560 കോടി ഡോളറിന്റെ കയറ്റുമതിയ്ക്കുള്ള ഇളവ് ഇന്ത്യയ്ക്ക് ലഭ്യമായിരുന്നു. 1970 ൽ ജി എസ് പി നടപ്പാക്കപ്പെട്ടത് മുതൽ ഇന്ത്യയാണ് ലോകരാജ്യങ്ങളിൽ അതിന്‍റെ ഏറ്റവും വലിയ ഉപയോക്താവ്.
”1974 ലെ വ്യാപാര കരാറിന്റെ 502(F)(2) സെക്ഷൻ പ്രകാരം ഇന്ത്യയ്ക്ക് ജി എസ് പി പദ്ധതിയിൽ ഒരു വികസ്വര രാജ്യമെന്ന നിലയിലുള്ള ഉപയോക്താവിന്‍റെ സ്ഥാനം റദ്ദാക്കാൻ ഞാൻ നോട്ടീസ് നൽകുന്നു” എന്നാണ് പ്രതിനിധി സഭയുടെ സ്പീക്കർക്ക് എഴുതിയ കത്തിൽ റ്റ്രംപ് പറയുന്നത്. ”ഇന്ത്യൻ വിപണിയിൽ തുല്യവും ന്യായവുമായ ഇടം നൽകുന്നതിന് ഏറെക്കാലത്തെ ചർച്ചകൾ നടത്തിയിട്ടും ഇന്ത്യ സർക്കാർ ഒരു ഉറപ്പും നൽകാത്ത സാഹചര്യത്തിലാണ് ഞാൻ ഇതെഴുതുന്നത്” എന്നും അമേരിക്കൻ പ്രസിഡന്‍റ് കത്തിൽ പറയുന്നു. ഇന്ത്യയെക്കൂടാതെ റ്റർക്കിയെയും ജി എസ് പിയിൽ നിന്നും അമേരിക്ക ഒഴിവാക്കി.