ശബരിമല സന്ദർശനത്തിനെത്തിയ തൃപ്തിയെ മണിക്കൂറുകളായി വിമാനത്താവളത്തിൽ തടഞ്ഞ് വച്ച് പൊലീസ്
ശബരിമല സന്ദർശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെയും കൂടെയുള്ള യുവതികളെയും എട്ടുമണിക്കൂറിലധികമായി വിമാനത്താവളത്തിൽ തടഞ്ഞ് വച്ച് കേരള പോലീസ്. സുരക്ഷ നൽകാനാവില്ലെന്നും അതിനാൽ പുനെയിലേക്ക് തന്നെ മടങ്ങിപ്പോവണമെന്നുമാണ് കേരള പൊലീസ് തൃപ്തിയോട് ആവശ്യപ്പെടുന്നത്. എന്നാൽ ക്ഷേത്ര ദർശനം നടത്താതെ മടങ്ങിപ്പോവില്ലെന്ന നിലപാടിലാണ് തൃപ്തിയും കൂടെയുള്ള ആറ് യുവതികളും.
രാവിലെ 4.30 നാണ് തൃപ്തി ദേശായിയും ആറു യുവതികളും പൂനെയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. തൃപ്തി ദേശായിയ്ക്കെതിരെ പ്രതിഷേധവുമായി നൂറുകണക്കിന് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകരാണ് വിമാനത്താവളത്തിൽ എത്തിയിരിക്കുന്നത്. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിൽ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തും വിധം പ്രതിഷേധം നടത്തുന്നവരെ നീക്കം ചെയ്യാൻ പൊലീസ് ഒരു ശ്രമവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമായി. തൃപ്തി ദേശായിയെ തിരിച്ചയക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാൽ ശബരിമല സന്ദർശനം നടത്താതെ തിരിച്ച് പോവില്ല എന്ന നിലപാടിലാണ് തൃപ്തി ദേശായിയും സുഹൃത്തുക്കളും.
തൃപ്തി രാവിലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ പ്രതിഷേധക്കാരും വിമാനത്താവളത്തിൽ എത്തിയിരുന്നു. ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ബിജെപി പ്രവർത്തകർ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിവൽ ഉപരോധിച്ചത്. വിമാനത്താവളത്തിൽ നിന്ന് പുറത്തേയ്ക്ക് ടാക്സി വിളിച്ചുവെങ്കിലും വാഹനം ബിജെപി പ്രവർത്തകർ തകർക്കുമെന്ന ഭയത്താൽ അവർ തന്നെ കൊണ്ടുപോവാൻ തയ്യാറായില്ലെന്ന് തൃപ്തി പറഞ്ഞു. പുറത്തേയ്ക്ക് കൊണ്ടുപോവാൻ നിവൃത്തിയില്ലെന്ന് പൊലീസും അറിയിച്ചതായി തൃപ്തി പറഞ്ഞു.