ടി.ടി.വി. ദിനകരൻ പക്ഷത്തിന് തിരിച്ചടി; 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവെച്ചു
ടി.ടി.വി. ദിനകരൻ പക്ഷത്തിന് തിരിച്ചടി നൽകികൊണ്ട് 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ ടി.ടി.വി ദിനകരന്‍ പക്ഷത്തുള്ള 18 എം.എല്‍.എമാരെ സ്പീക്കർ അയോഗ്യരാക്കിയ നടപടിയെ ചോദ്യം ചെയ്ത് എംഎൽഎമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്പീക്കറുടെ വിവേചനാധികാരത്തെ കോടതി ശരിവെച്ചു. ജസ്റ്റിസ് എം. സത്യനാരായണനാണ് വിധി പ്രഖ്യാപിച്ചത്. അതേ സമയം വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ദിനകരന്‍ പക്ഷത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങൾ.
എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനെ തുടര്‍ന്ന് സ്പീക്കര്‍ പി.ധനപാല്‍ ടി.ടി.വി ദിനകര പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കുകയായിരുന്നു. കേസില്‍ സ്പീക്കറുടെ നടപടി മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം.സുന്ദര്‍ വിയോജിച്ചിരുന്നു. തുടര്‍ന്നാണ് മൂന്നാമതൊരു ജഡ്ജിക്ക് കൈമാറിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കും സര്‍ക്കാരിനും ആശ്വാസം പകരുന്നതാണ് ഇപ്പോഴത്തെ വിധി.
എം.എല്‍.എമാരുടെ അയോഗ്യത ശരിവെച്ചതിലൂടെ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയിരിക്കുകയാണ് തമിഴ്‌നാട്ടിൽ. കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയും രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവും ചർച്ചയായിയ്ക്കുന്ന വേളയിൽ തമിഴ്‌നാട്ടിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമാണുള്ളത്.