ഡോ. കഫീല്‍ ഖാന്റെ പരോള്‍ തടഞ്ഞ് യുപി സര്‍ക്കാര്‍; കോവിഡ്19 ഭീഷണിയില്‍ തടവുകാരെ മോചിപ്പിക്കാനുള്ള സുപ്രിം കോടതി ഉത്തരവ് ലംഘനം

By on

ഗൊരഖ്പൂര്‍ ശിശുരോഗവിദഗ്ധന്‍ ഡോ.കഫീല്‍ ഖാന്റെ പരോള്‍ തടഞ്ഞ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കോവിഡ് 19 ഭീഷണിയില്‍ ഏഴ് വര്‍ഷത്തില്‍ കുറഞ്ഞ കാലയളവില്‍ തടവനുഭവിക്കുന്ന വിചാരണ തടവുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആറ് ആഴ്ചത്തെ പരോള്‍ അനുവദിക്കണമെന്ന സുപ്രിം കോടതി ഉത്തരവ് ലംഘിച്ചുകൊണ്ടാണ് ലക്‌നൗ ജയില്‍ അധികൃതര്‍ ഡോ.കഫീലിന്റെ മോചന ഉത്തരവ് തടഞ്ഞുവെച്ചിരിക്കുന്നത്. ജയിലിനകത്ത് രോഗം പടരാനുള്ള സാധ്യത പരിഗണിച്ചാണ് സുപ്രിം കോടതി ഉത്തരവ്.

മഥുര ജയിലില്‍ നിന്നും പരോള്‍ അനുവദിക്കപ്പെട്ട എല്ലാ തടവുകാരും ജയില്‍ മോചിതരായെങ്കിലും തന്റെ സഹോദരന്‍ ഡോ.കഫീല്‍ ഖാന്റെ പരോള്‍ ഉത്തരവ് മാത്രം ജയില്‍ അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുകയാണ് എന്ന് സഹോദരന്‍ അദീല്‍ ഖാന്‍ പറഞ്ഞു. പരോളില്‍ റിലീസ് ചെയ്യാനുള്ള തടവുകാരുടെ ലിസ്റ്റില്‍ നിന്നും അവസാന ഘട്ടത്തില്‍ ഡോ.കഫീല്‍ ഖാന്റെ പേര് നീക്കം ചെയ്യുകയായിരുന്നു എന്ന് ഭാര്യ ഡോ.ഷാബിസ്ത ഖാന്‍ പറഞ്ഞു.

“റിലീസ് ഓര്‍ഡര്‍ മഥുര ജയിലില്‍ എത്തിയിരുന്നു. 28ന് വൈകുന്നേരം പുറത്തിറങ്ങേണ്ടതായിരുന്നു ഡോ.കഫീല്‍ ഖാന്‍. പക്ഷേ ജയിലര്‍ക്ക് ലക്‌നൗവില്‍ നിന്നും ഡോക്ടറെ റിലീസ് ചെയ്യരുത് എന്ന ഉത്തരവ് കിട്ടി. ഒരു കുറ്റവും ചെയ്യാതെയാണ് ഈ തടവ് അനുഭവിക്കേണ്ടി വരുന്നത്. എന്‍എസ്എ അഡൈ്വസറി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മാര്‍ച്ച് 29നു മുമ്പ് വരേണ്ടതായിരുന്നു, ലോക് ഡൗണ്‍ കാരണം അത് പുറത്തുവന്നിട്ടില്ല. എനിക്ക് എന്ത് ചെയ്യാന്‍ കഴിയും? ഡോ. കഫീലിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. ഇത് ഭരണകൂടത്തിന്റെ പ്രശ്‌നമാണ്. ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്, അതും കൊറോണ് വൈറസ് പ്രതിരോധം നടക്കേണ്ട സമയത്ത്, ഈ സമയത്ത് എങ്ങനെയാണ് ഒരു കുറ്റവും ചെയ്യാത്ത ഒരു ഡോക്ടറെ തടവില്‍ നിര്‍ത്താന്‍ കഴിയുന്നത്?” ഡോ.ഷബിസ്ത ചോദിക്കുന്നു.

“മാര്‍ച്ച് ഇരുപത്തിമൂന്നിന് വന്ന സുപ്രിം കോടതി ഉത്തരവനുനസരിച്ച് മഥുര ജയിലില്‍ നിന്നും പരോള്‍ നല്‍കേണ്ടുന്ന തടവുകാരുടെ ലിസ്റ്റില്‍ ഡോ.കഫീല്‍ ഖാന്റെ പേരും ഉണ്ടായിരുന്നു, കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ലിസ്റ്റ് ആണ് അത്. എന്നാല്‍ മാര്‍ച്ച് 28ന് റിലീസ് ഉത്തരവ് കിട്ടിയിട്ടും ലക്‌നൗവില്‍ നിന്നും ഉന്നത അധികാരികളുടെ ഉത്തരവ് വന്നതിനാല്‍ ഡോ.കഫീലിനെ മാത്രം മോചിപ്പിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ എന്റെ ഭര്‍ത്താവ് ജയിലില്‍ നിന്നും വിളിച്ച് അറിയിച്ചതാണ് ഇത്. ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നതിനാല്‍ എന്റെ ഭര്‍ത്താവിനെ എത്രയും വേഗം ജയില്‍ മോചിതനാക്കണമെന്ന്
ബഹുമാനപ്പെട്ട സുപ്രിം കോടതിയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.” ഒരു വാട്സപ് സന്ദേശത്തില്‍ ഡോ.ഷബിസ്ത ആവശ്യപ്പെടുന്നു.

ശിക്ഷ വിധിക്കപ്പെട്ടവരും വിചാരണത്തടവുകാരുമായ, ഏഴുവര്‍ഷ കാലാവധിയില്‍ കുറഞ്ഞ് തടവനുഭവിക്കുന്ന എല്ലാ തടവുകാര്‍ക്കും പരോള്‍ അനുവദിക്കണം എന്നായിരുന്നു സുപ്രിം കോടതി ഉത്തരവ്.

“ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ ഡോ. കഫീല്‍ ഖാന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ട് അലഹാബാദ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിക്കും. കോവിഡ്19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തടവുകാരെ പരോളില്‍ വിടണമെന്ന സുപ്രിം കോടതിയുടെ ഉത്തരവിന്റെ ലംഘനമാണിത്. അദ്ദേഹം ഒരു നല്ല ഡോക്ടറാണ്, ജയില്‍ മോചിതനായാല്‍ സമൂഹത്തിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കും, നമുക്ക് ഡോക്ടറെ ആവശ്യമുണ്ട് എന്നാല്‍ ഭരണാധികാരികള്‍ അദ്ദേഹത്തിന് എല്ലാം നിഷേധിച്ചുകൊണ്ടിരിക്കുകയാണ്.” ഡോ. കഫീല്‍ ഖാന്റെ അഭിഭാഷകന്‍ ഇര്‍ഫാന്‍ ഗാസി പറയുന്നു.

മാര്‍ച്ച് 19ന്, കോവിഡ്19 നെ പ്രതിരോധിക്കാന്‍ തന്റെ സേവനം ഉറപ്പുനല്‍കിക്കൊണ്ട് ഡോ.കഫീല്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ജയില്‍ മോചനം ആവശ്യപ്പെട്ടിരുന്നു. വരാനിരിക്കുന്ന വലിയ ദുരന്തം ഒഴിവാക്കാന്‍ കോവിഡ്19 ടെസ്റ്റ് വ്യാപകമാക്കണമെന്നും ഡോ.കഫീല്‍ ഖാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം, ഓരോ ജില്ലകളിലും കോവിഡ്19 പരിശോധനാ കേന്ദ്രങ്ങളും ഐസൊലേഷന്‍ കേന്ദ്രങ്ങളും തീവ്രപരിചരണ സൗകര്യങ്ങളും വെന്റിലേറ്ററുകളും ഉറപ്പാക്കാനും കത്തില്‍ ഡോ.കഫീല്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴും ഇന്ത്യയിലെ ഡോക്ടര്‍മാര്‍ ആവശ്യത്തിന് വ്യക്തി സുരക്ഷാ സംവിധാനങ്ങള്‍ പോലും ലഭ്യമാകാതെ നില്‍ക്കുകയാണ്.

കോവിഡ്19ന്റെ പ്രതിരോധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ലോക് ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമ ക്ഷേത്ര നിര്‍മാണം തുടങ്ങി. രാമ നവമി ആഘോഷങ്ങളും തടസ്സമില്ലാതെ നടക്കുമെന്നും ആദിത്യനാഥ് പ്രഖ്യാപിച്ചു.
യാതൊരു മുന്നൊരുക്കങ്ങളും ചെയ്യാതെ, തൊഴിലാളികള്‍ക്ക് സാമ്പത്തിക പാക്കേജുകളും വീടുകളിലെത്താന്‍ വാഹനങ്ങളും ഉറപ്പുനല്‍കാതെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതു കാരണം മെട്രോ നഗരങ്ങളില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങേണ്ടിവന്നിരിക്കുകയാണ്. ഇതിനിടെ, പതിനേഴ് പേര്‍ കൊല്ലപ്പെട്ടതായി ദ വയര്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ സമരത്തിൽ അലി​ഗഢ് മുസ്ലിം സർവ്വകലാശാലയിൽ നടത്തിയ ഒരു പ്രസം​ഗത്തിന്റെ പേരിലാണ് ഡോ.കഫീലിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി ജാമ്യം അനുവദിച്ചിട്ടും കസ്റ്റഡി നീട്ടിക്കൊണ്ടുപോകുകയും പിന്നീട് ദേശീയ സുരക്ഷാ നിയമം ചുമത്തുകയുമായിരുന്നു.


Read More Related Articles