‘താത്കാലിക നിരോധനം പോര’; പരപ്പ ക്വാറി സമരവുമായി മുന്നോട്ട് പോവുമെന്ന് സാധുജന പരിഷത്ത്

By on

കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ പരപ്പ മുണ്ടത്തടം കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം പരിസ്ഥിതി പഠന റിപ്പോർട്ട്  വരും വരെ നിര്‍ത്തിവയ്ക്കാന്‍ കാസര്‍ഗോഡ് ജില്ലാ കലക്റ്റര്‍ ഡോ. ഡി സജിത് ബാബുവിന്‍റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷിയോ​ഗ തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന ദലിത് സംഘടന സാധുജന പരിഷത്. പരിസ്ഥിതി പഠന റിപ്പോർട്ട് ഇല്ലാതെ തന്നെ ക്രഷർ പ്രവർത്തനം തുടങ്ങിയിരുന്നതിനാൽ പഠന റിപ്പോർട്ട് ക്വാറി മാഫിയക്ക് അനുകൂലമാവും എന്ന ആശങ്കയിലാണ് സമരക്കാർ.
കലക്റ്റര്‍ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിൽ എടുത്ത എല്ലാ തീരുമാനങ്ങളും അംഗീകരിക്കില്ല എന്നും സമരവുമായി മുന്നോട്ട് പോകുമെന്നും സാധുജനപരിഷത്ത് അറിയിച്ചു.

പരിസ്ഥിതി പഠന റിപ്പോർട്ട് വരും വരെ ക്വാറി അടച്ചു പൂട്ടാമെന്നും നിലവിൽ പൊളിച്ച കരിങ്കൽ കൊണ്ടുപോകാമെന്നും ക്രഷർ നിർമ്മാണം തുടരാനും സ്കൂൾ സമയം വാഹനങ്ങൾക്ക് നിയന്ത്രണം വരുത്താം എന്നതടക്കമുള്ളവയാണ് സർവ്വകക്ഷി യോഗം തീരുമാനം എടുത്തത്. ക്വാറി സംബന്ധിച്ച വിദഗ്ധപഠനത്തിന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ വിദഗ്ധ ശാസ്ത്രജ്ഞരോട് ആവശ്യപ്പെടുമെന്നും ഈ ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നുമാണ് കലക്റ്റർ പറഞ്ഞത്. കലക്റ്ററുടെ ചേംബറിലായിരുന്നു യോ​ഗം.

ക്വാറിയും ക്രഷറും പൂർണ്ണമായും അടച്ചുപൂട്ടും വരെ സമരം തുടരുമെന്ന് സമരസമിതിയും അറിയിച്ചു. ക്രഷർ നിർമ്മാണം തടയുമെന്നും ടിപ്പർ തൊഴിലാളികളെ മാത്രമേ ക്വാറിയിലേക്ക് കടത്തി വിടു എന്നും സമര നേതാക്കൾ പറഞ്ഞു. അതേസമയം സമരപ്പന്തലിൽ കഴിയുന്ന വിദ്യാർത്ഥികളെ അവരുടെ അധ്യാപകർ സമരപന്തലിൽ സന്ദർശിച്ചു. രാവിലെ നിയുക്ത എംപി രാജ് മോഹൻ ഉണ്ണിത്താൻ സമരപന്തൽ സന്ദർശിച്ചു. സമരം ന്യായമായാതാണെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് വിധു ബാലയും ഇന്ന് സമരപന്തൽ സന്ദർശിച്ചു.


Read More Related Articles