ഹൈദരാബാദിൽ അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിയെ മാതാപിതാക്കൾ ചുട്ടുകൊന്നു

By on

ഹൈദരാബാദിൽ അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിയെ മാതാപിതാക്കൾ ചുട്ടുകൊന്നു. ഹൈദരാബാദിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള മഞ്ചേരിയൽ ജില്ലയിലെ കലമഡുക്കു ഗ്രാമത്തിലാണ് ഇരുപത് വയസ്സുകാരിയായ അനുരാധയെ ബന്ധുക്കളുടെ സഹായത്തോടെ മാതാപിതാക്കൾ കത്തിച്ചുകൊന്നത്.

യുവതിയുടെ മാതാപിതാക്കളായ സത്തന്ന, ലക്ഷ്മി എന്നിവർ പോലീസ് കസ്റ്റഡിയിലാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഡിസംബർ 3 ന് കൊല ചെയ്യപ്പെട്ട അനുരാധയും ഭർത്താവ് ലക്ഷ്മണും ഹൈദരാബാദിലേക്ക് നാടുവിട്ട് വിവാഹം കഴിക്കുകയായിരുന്നു. 20 ദിവസത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു വരികയും ചെയ്തു. ഇതറിഞ്ഞ് വന്ന അനുരാധയുടെ മാതാപിതാക്കൾ ലക്ഷ്മണെ മർദ്ദിച്ചവശനാക്കുകയും അനുരാധയെ പിടിച്ചു കൊണ്ടുപോവുകയുമായിരുന്നു.

ലക്ഷ്മണെയുടെ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് അനുരാധയെ ചുട്ടുകൊന്ന വിവരം പുറത്തുവന്നത്. മല്ലാപൂർ ഗ്രാമത്തിൽ വെച്ച് അനുരാധയെ തീ കൊളുത്തി കൊലപ്പെടുത്തിയതിന് ശേഷം തെളിവ് നശിപ്പിക്കാനായി ചാരം നദിയിലൊഴുക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ സെപ്തംബർ മാസത്തിൽ തെലങ്കാനയിൽ പ്രണയ് കുമാർ എന്ന ദലിത് യുവാവിനെ ഭാര്യ പിതാവ് വെട്ടിക്കൊന്നിരുന്നു.  സവര്‍ണ വിഭാഗത്തില്‍പെട്ട അമൃതയെ വിവാഹം ചെയ്തതിനെ തുടർന്നായിരുന്നു പ്രണയ് കൊല ചെയ്യപ്പെട്ടത്.


Read More Related Articles