നടൻ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

By on

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ മദീജിന്‍റെ ഉപ്പയുടെ കഥാപാത്രത്തെ അനശ്വരനാക്കിയ കെ ടി സി അബ്ദുള്ള അന്തരിച്ചു. 82 വയസായിരുന്നു. നാടക-സിനിമ-ടെലിവിഷൻ അഭിനേതാവെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു കെ.ടി.സി അബ്‌ദുള്ള അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അറുപതുകളിൽ കോഴിക്കോട് തുടങ്ങിയ യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമിയിലൂടെയാണ് കെ ടി സി അബ്ദുള്ള നാടകാഭിനയ രംഗത്തേയ്ക്ക് വരുന്നത്. കെ പി  ഉമ്മർ, മാമുക്കോയ തുടങ്ങിയവരുടെ കൂടെ അമേച്വർ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് നാല്പത്തിയഞ്ചിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അറബിക്കട, യെസ് യുവർ ഓണർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

എം.ടി. വാസുദേവൻ നായർ, സത്യൻ അന്തിക്കാട്, ഹരിഹരൻ, ടി. ദാമോദരൻ, ഐ.വി. ശശി, ഭരതൻ തുടങ്ങിയവരുടെയൊക്കെ സിനിമകളിൽ അബ്ദുള്ള അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ എം 80 മൂസ എന്ന സീരിയലിലും അഭിനയിച്ചുവരുന്നു. മലയാളചലച്ചിത്ര സഹൃദയവേദിയുടെ പ്രേംനസീർ അവാർഡ് ലഭിച്ചിട്ടുണ്ട്.


Read More Related Articles