പൊലീസ് വിളിപ്പിച്ച കശ്മീരി മാധ്യമപ്രവർത്തകനെക്കുറിച്ച് വിവരമില്ല; യുവാവിനെ അന്വേഷിച്ച് സഹോദരൻ

By on

ജമ്മു കശ്മീർ പൊലീസ് ചോദ്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച കശ്മീരി മാധ്യമപ്രവർത്തകനെ അന്വേഷിച്ച് സ​ഹോദരൻ. ദ കശ്മീരിയത് എന്ന വാർത്താ വെബ്സെെറ്റിന്‍റെ ‌എഡിറ്ററും റിപ്പോർട്ടറുമായ ഖ്വാസി ഷിബിലിയെ ജൂലെെ അവസാനവാരമാണ് ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാൻ കശ്മീരിയതിലെ മറ്റൊരു മാധ്യമപ്രവർത്തകനൊപ്പം ഷിബിലിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. അയാളെ വിട്ടയക്കുകയും ഷിബിലിയെ കസ്റ്റഡിയിലാക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ അഞ്ച് ദിവസങ്ങളോളം ഷിബിലിയെക്കുറിച്ച് യാതൊരു വിവരവും പുറത്തുവന്നിരുന്നില്ല.

“അവർ എന്‍റെ ഇളയ സഹോദരനെ അറസ്റ്റ് ചെയ്ത് ആ​ഗ്രയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയുന്നത്. കശ്മീരിൽ നിന്നും അറസ്റ്റ് ചെയ്ത് ആ​​ഗ്രയിലേക്ക് മാറ്റിയവരെ ഏത് ജയിലിലാണ് തടവിലാക്കിയിരിക്കുന്നത് എന്ന് ആർക്കെങ്കിലും അറിയുമോ? കുടുംബാം​ഗങ്ങൾക്ക് കാണാൻ അവർ സമ്മതിക്കുമോ?” എന്ന് ചോദിച്ചാണ് സഹോദരൻ ഖ്വാസി ഒമെെർ സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഏത് വകുപ്പിലാണ് ഷിബിലിയെ അറസ്റ്റ് ചെയ്തതെന്നോ എപ്പോഴാണ് ആ​ഗ്രയിലേക്ക് മാറ്റിയത് എന്നോ കുടുംബാം​ഗങ്ങളെ അറിയിച്ചിട്ടില്ല.

പബ്ലിക് സെക്യൂരിറ്റി ആക്റ്റ് പ്രകാരം കശ്മീരിൽ ഇതുവരെ 6000 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കശ്മീരിൽ തടവറകൾ തികയാത്തതിനാൽ ഇന്ത്യയിലെ ജയിലുകളിലേക്ക് ഇവരില്‍ പലരെയും മാറ്റി എന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.


Read More Related Articles