“ആളുകള്‍ വീടിനുള്ളില്‍ കൊല്ലപ്പെടുകയാണ്, ദിവസക്കൂലി തൊഴിലാളികള്‍ എങ്ങനെ ഇതിനെ അതിജീവിക്കും?”; ഒരു കശ്മീരി യുവതി ചോദിക്കുന്നു

By on

കശ്മീരിൽ നിന്നും കേരളത്തിൽ താമസിക്കുന്ന രക്ഷിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തിയ ഇരുപത്തഞ്ചുകാരിയായ കശ്മീരി യുവതി രണ്ടാഴ്ച പിന്നിട്ട കർഫ്യൂ നിയന്ത്രണങ്ങളെപ്പറ്റി കീബോർഡ് ജേണലിനോട് സംസാരിക്കുന്നു. പേരുവിവരങ്ങൾ വെളിപ്പെടുത്തരുത് എന്ന നിബന്ധനയിലാണ് അഭിമുഖം നൽകിയത്. ശ്രീന​ഗറിൽ ജോലി ചെയ്യുകയായിരുന്നു അവര്‍.

“ആളുകൾ തടവിലാക്കപ്പെട്ടാൽ, സ്കൂളുകൾ അടച്ചുപൂട്ടിയാൽ, സർവ്വകലാശാലകൾ അടച്ചുപൂട്ടിയാൽ, ആശയവിനിമയത്തിനുള്ള വഴികളെല്ലാം അടച്ചുപൂട്ടപ്പെട്ടിരിക്കുമ്പോൾ നിങ്ങൾക്ക് ആരോടും സംസാരിക്കാൻ പോലും പറ്റാതാകുമ്പോൾ, കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ നിങ്ങൾക്കെങ്ങനെയാണ് അവിടെ കാര്യങ്ങൾ നോർമൽ ആണ് എന്ന് പറയാൻ കഴിയുന്നത്? ഒന്നും നോർമൽ അല്ല. ഞങ്ങളുടെ മൗലികാവകാശങ്ങൾ തട്ടിപ്പറിച്ചിരിക്കുകയാണ്, ഞങ്ങൾക്ക് പ്രതിഷേധിക്കാൻ പോലും കഴിയുന്നില്ല, ചില പ്രദേശങ്ങളിൽ പ്രതിഷേധങ്ങളുയരുന്നുണ്ട്. ഞങ്ങളുടെ എല്ലാ അവകാശങ്ങളും ലംഘിക്കപ്പെടുകയാണ്. അതിജീവിക്കുവാൻ ബുദ്ധിമുട്ടാണ്, അവിടെ തുടരൽ പ്രയാസമാണ്. ഈദ് ദിവസം സോറയിൽ കളിക്കാൻ പുറത്തിറങ്ങിയ ഏഴുവയസ്സുകാരിയെ സെെന്യം വെടിവെച്ചു. അവളുടെ കണ്ണിലേക്കായിരുന്നു, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.

അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ല

കടകൾ അടഞ്ഞുതന്നെ കിടക്കുകയാണ്. ഒരിക്കൽ ഒക്കെയാണ് ചില പ്രദേശങ്ങളിൽ ഒരു തവണ ഒക്കെയാണ് കട തുറക്കുന്നത്. പക്ഷേ കടകളിലുള്ള സ്റ്റോക്ക് ഏകദേശം തീർന്നു. ബാങ്ക് ബ്രാഞ്ചുകളിലും പെെസ തീർന്നുകൊണ്ടിരിക്കുകയാണ്. എന്തോ സംഭവിക്കാൻ പോകുകയാണെന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞങ്ങൾക്കാർക്കും അറിവില്ലായിരുന്നു. സർക്കാർ ഏജൻസികൾ തന്നെ വ്യാജവാർത്ത പടർത്തുകയായിരുന്നു, ഭീകരവാദികൾ അമർനാഥ് യാത്രികൾക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട് എന്ന് ​ഗവർണർ തന്നെ നുണ പറഞ്ഞു. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. എല്ലാ വിനോദ സഞ്ചാരികളെയും ​ഗവർണർ ഒഴിപ്പിച്ചു. ഞങ്ങൾ പൗരർക്ക് മേൽ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജമ്മു കശ്മീരിൽ നിന്നും എല്ലാത്തരം യാത്രക്കാരേയും ഒഴിപ്പിച്ചു. എല്ലാവരും ഞങ്ങളോട് നുണ പറഞ്ഞു. ഇങ്ങനെ എന്തെങ്കിലും സംഭവിക്കുന്നതിനെ പറ്റി ഒന്നും അറിയില്ല എന്ന് ​ഗവർണർ തന്നെ പ്രസ്താവന നടത്തി.

ഞങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ലഭ്യമല്ല. ഒരു എസ്എംഎസ് പോലും അയക്കാൻ പറ്റില്ല. ഒരു വീട്ടിൽ രോ​ഗിയുണ്ടെങ്കിൽ, പൂർണ ​ഗർഭിണിയുണ്ടെങ്കിൽ അവർക്ക് ആംബുലൻസിനെയോ മറ്റ് അത്യാവശ്യ കാര്യത്തിനോ ആരെയും വിളിക്കാൻ പറ്റില്ല. മാരകരോ​ഗങ്ങൾ ബാധിച്ചവരുടെ ചികിത്സ മുടങ്ങുന്നു. 1947 മുതൽ ഇന്ന് വരെ ഞങ്ങൾ നേരിട്ട ഏറ്റവും കടുത്ത പ്രതിസന്ധിയാണിത്. നിയന്ത്രണങ്ങൾ മുമ്പും ഉണ്ടായിരുന്നു. പക്ഷേ അപ്പോഴെല്ലാം 4G യിൽ നിന്ന് 2G ആയി ഇന്റർനെറ്റ് ബ്ലോക് ചെയ്യുന്നത് പോലുള്ള നിയന്ത്രണങ്ങളായിരുന്നു. പക്ഷേ ഇതാണ് അവർ ചെയ്ത ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ തെറ്റ്. അവർ ആളുകളെക്കൊണ്ട് ഇതെല്ലാം അനുഭവിപ്പിക്കുന്നു, ആളുകളെ വീടിനുള്ളിലിട്ട് കൊല്ലുകയാണ്, കാരണം അവരെ സഹായിക്കാൻ ആരുമില്ല, അവർക്ക് സഹായം നൽകാനും ആരുമില്ല.

ദിവസവരുമാനം നിലച്ചു

ശാരീരികമായ കഠിനാധ്വാനമുള്ള ജോലികൾ ചെയ്യുന്ന തൊഴിലാളി വർ​ഗം എങ്ങനെ ജോലി ചെയ്യും? അവർ തീർച്ചയായും മരിച്ചുപോയേക്കും. ആരും അവരെ സഹായിക്കാൻ പോകുന്നില്ല. അവർക്ക് പരസ്പരം ആശയവിനിമയം നടത്താൻ പോലും പറ്റുന്നില്ല, ഓരോ മുക്കിലും മൂലയിലും സെെനികരാണ്. അവർ ഞങ്ങളെ എങ്ങോട്ടും പോകാൻ സമ്മതിക്കുന്നില്ല. ഈദ് ദിവസം പോലും ഈദ് പ്രാർത്ഥനയ്ക്കായി പുറത്തേക്ക് പോകാൻ അവർ നമ്മളെ സമ്മതിച്ചില്ല. കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസം​ഗത്തിൽ ഈദ് മുബാറക് എന്ന് പറയുന്നുണ്ട്, എന്തുതന്നെയായാലും ഞങ്ങൾക്ക് അയാളുടെ തീരുമാനത്തിൽ ഖേദമുണ്ട്.

നിയമവിരുദ്ധമായ കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്. എങ്ങനെയാണ് ഞങ്ങളെ അറിയിക്കാതെ, ഞങ്ങളോട് ചോദിക്കാതെ ഞങ്ങളുടെ സമ്മതമില്ലാതെ എങ്ങനെയാണ് ഇത് ചെയ്യാൻ കഴിയുന്നത്? അയാൾ ഞങ്ങളെയെല്ലാവരെയും തടവിലാക്കി. മധ്യകാലഘട്ടത്തിലെപ്പോലെ ഒരു രാജാവ് ചെയ്യുന്ന കാര്യങ്ങൾ പോലെയാണിത്. ഒരു ജനതയെ തടവിലാക്കിയിരിക്കുകയാണ്. അവർ അധികാരമാണ് അടിച്ചേൽപിക്കുന്നത്. അയാൾ ഇതിലൂടെ ഒന്നും നേടാൻ പോകുന്നില്ല, പക്ഷേ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുകയാണ്.

ഞങ്ങൾ നോക്കുകയാണ്, ഇന്ത്യൻ യുവത്വം നമുക്കുവേണ്ടി എന്ത് ചെയ്യുമെന്ന്

അവർ നമുക്ക് വേണ്ടി എന്തുചെയ്യും? ഇന്ത്യയിലെ വിദ്യാഭ്യാസം നേടിയ യുവത്വം നമ്മളനുഭവിക്കുന്ന പീഡനങ്ങളും വേദനയും മനസ്സിലാക്കി നമുക്കൊപ്പം നിൽ‍ക്കുമോ എന്ന് ഞങ്ങൾ നോക്കുകയാണ്. അവർ എന്തുചെയ്യുമെന്ന് കാത്തിരുന്നു കാണേണ്ട സമയമാണിത്.

മാധ്യമങ്ങളെ അവരുടെ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ല. ഭരണകൂടം തീരുമാനിക്കുന്ന ഫൂട്ടേജ് മാത്രമാണ് ഇന്ത്യൻ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത്. അവർ സ്വന്തമാക്കിയ ചാനലുകളാണ് അവ. കശ്മീർ നോർമൽ ആണെന്ന് കാണിക്കാനാണ് ആ ഫൂട്ടേജുകൾ. ആളുകളെ തടവിലാക്കി, സ്ഥാപനങ്ങൾ അടച്ചുപൂട്ടി, ആശയവിനിമയത്തിനുള്ള എല്ലാ വഴികളും വിച്ഛേദിച്ച് ഇങ്ങനെ ചെയ്യുന്നതിനെയാണോ നോർമൽ എന്ന് പറയുന്നത്? സോറി, അത് നോർമൽ എന്ന് പറയാവുന്ന അവസ്ഥയല്ല എന്നാണ് എനിക്ക് പറയാനുള്ളത്. പല പരീക്ഷകളും റദ്ദായി. വിദ്യാഭ്യാസ മേഖല ആകെ നിശ്ചലമായി. സ്ത്രീകളെ കുറിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞത് അയാൾ എത്രത്തോളം സ്ത്രീകളെ അപമാനിക്കുന്നു എന്നതിന് തെളിവാണ്. എത്രത്തോളം വിദ്യാഭ്യാസം നേടിയിട്ടുണ്ട് അയാൾ എന്നും ആ പ്രസ്താവന സൂചിപ്പിക്കുന്നു. സ്ത്രീകൾ ആർക്കും തെരഞ്ഞെടുത്ത് കൊണ്ടുപോകാൻ പറ്റുന്ന ല​ഗ്​ഗേജ് ഒന്നുമല്ല. സ്വാതന്ത്ര്യ പോരാട്ടത്തിൽ സ്ത്രീകളുടെ സമര ചരിത്രം വളരെ നിറവുള്ളതാണ്. സ്ത്രീകൾ മാത്രമല്ല, ചെറിയ ആൺകുട്ടികളും. ധീരരായ ആൺകുട്ടികൾ… കുട്ടികൾ പോലും ഇപ്പോൾ ഈ പോരാട്ടത്തിന്റെ ഭാ​ഗമാണ്.

അവരുടേത് രാഷ്ട്രീയമല്ല, ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് അവർ

നിലവിലുള്ള ഭരണകൂടം രാഷ്ട്രീയം കളിക്കുക പോലുമല്ല ചെയ്യുന്നത്. അവർ ​ഗൂണ്ടാരാജ് നടപ്പിലാക്കുകയാണ്, അവർ ഇന്ത്യൻ ജനാധിപത്യത്തെ കൊല്ലുകയാണ്.അവർ കശ്മീരിനോട് ഇത് ചെയ്തിട്ടുണ്ടെങ്കിൽ ഇന്ത്യയുടെ ഏത് ഭാ​ഗത്തും അവരിത് ചെയ്യും. അതിന് ആദ്യം അവർ നിയമസഭ പിരിച്ചുവിടും. പണം നൽകി എംപിമാരെ വിലയ്ക്ക് വാങ്ങണം. കശ്മീരിലെ പ്രശ്നങ്ങളെ കുറിച്ച് രാഹുൽ ​ഗാന്ധി പ്രതികരിച്ചപ്പോൾ അവർ രാഹുലിനെ ദേശവിരുദ്ധൻ എന്ന് വിളിച്ചു. പക്ഷേ രാ​ഹുൽ സത്യമാണ് പറഞ്ഞത്. അവരുടേത് രാഷ്ട്രീയമല്ല, ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് അവർ.

ഈ ​ഭരണകൂടവുമായി പിഡിപി സഖ്യം ചേർന്നതോടെ കശ്മീരിലെ സ്ഥിതി​ഗതികൾ കൂടുതൽ മോശമായി, അവിടത്തെ രാഷ്ട്രീയ അന്തരീക്ഷം തകർക്കാൻ‍ ബിജെപി പ്രവർത്തിച്ചു. അസംബ്ലി പിരിച്ചുവിടുകയും പിന്നീട് ഈ വകുപ്പുകൾ എടുത്തുകളയുകയും ചെയ്തു.
കശ്മീരിൽ നിങ്ങൾക്ക് ദാരിദ്ര്യം കണ്ടെത്താനാകില്ല. ജിഡിപിയും മികച്ചതാണ്. ഇന്ത്യ മുഴുവൻ നിലനിൽക്കുന്ന തൊഴിൽ പ്രതിസന്ധിയുടെ ശരാശരി ആറായിരിക്കെ കശ്മീരിൽ അത് അഞ്ചാണ്. നമുക്ക് മതിയായ വിഭവങ്ങളുണ്ട്. അതുകൊണ്ട് ഞങ്ങൾ ദാരിദ്ര്യത്തിലും സാമ്പത്തിക പ്രതിസന്ധിയിലും ആണെന്ന് പറഞ്ഞ് ഇതിനെ ന്യായീകരിക്കാൻ അവർക്ക് പറ്റില്ല, ഞങ്ങളുടെ രാഷ്ട്രീയ നേതാക്കൾ അഴിമതിക്കാരാണ് എന്നു പറഞ്‍ഞ് അവർക്കത് ന്യായീകരിക്കാൻ കഴിയില്ല.

ജനങ്ങളോട് അവർ ഇതാണ് ചെയ്തത്, ഒരു ജനത അതിൽ സന്തോഷിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നമ്മൾ തടവിലാക്കപ്പെട്ടുകഴിഞ്ഞാൽ, രക്ഷിതാക്കൾ മരിച്ചുകൊണ്ടിരിക്കുന്നത് കാണേണ്ടിവരുമ്പോൾ… അസുഖബാധിതർ‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ അവരെ എങ്ങനെ ആശുപത്രിയിലേക്ക് എത്തിക്കാൻ കഴിയും? ഡോക്ടറെ വിളിക്കാനോ മറ്റാരുടെയെങ്കിലും സഹായം തേടാനോ എങ്ങനെ കഴിയും? അവർ യുവാക്കളെ കൂടുതൽ രോഷാകുലരാക്കുകയാണ്. അവർ എല്ലാം നശിപ്പിച്ചു. അതാണ് ഇതിന്റെയെല്ലാം ആകെത്തുക. ശെെത്യകാലം അടുക്കുകയാണ്. ഇതിപ്പോൾ പന്ത്രണ്ട് ദിവസങ്ങളിലേറെയായി കശ്മീരികൾ ആശയവിനിമയത്തിന് പുറത്തായിരിക്കുകയാണ്. കുടുംബം പുലർത്താൻ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്.

മാധ്യമങ്ങളെ അവർ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്

ഇതൊരു അന്താരാഷ്ട്ര പ്രശ്നം ആയതുകൊണ്ടാണ് എല്ലാം നോർമൽ ആണ് എന്ന് അവർ‌ക്ക് പറയേണ്ടിവരുന്നത്. ഇതൊരു അന്താരാഷ്ട്ര പ്രശ്നമാണ്. അന്താരാഷ്ട്ര നേതാക്കൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പ്രശ്നം യുഎൻഓയിലും സുരക്ഷാ കൗൺസിലിലും എത്തി നിൽക്കുകയാണ്. ചെെന യുദ്ധത്തിനൊരുങ്ങുകയാണ് എന്ന് കേൾക്കുന്നുണ്ട്, അവർ ലഡാക് വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ചെെന അതിശക്തമാണ്. പാകിസ്ഥാനും ഈ പ്രശ്നമുയർത്തുന്നുണ്ട്.

സുപ്രിം കോടതിയിലെ ജഡ്ജിമാരെയെല്ലാം അവർ വിലക്കെടുത്തുകഴിഞ്ഞു, മാധ്യമങ്ങളെയും വിലക്കെടുത്തുകഴിഞ്ഞു. അവർ ഇന്ത്യയെ കൊള്ളയടിക്കുകയാണ്. ആധാർ അഴിമതി നോക്കൂ, അവർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇന്ത്യ സാമ്പത്തിക തകർച്ച നേരിടുകയാണ്.
ഞങ്ങൾ‍ക്ക് ടിക്കറ്റ് ബുക് ചെയ്യാൻ പോലും കഴിഞ്ഞിരുന്നില്ല. എങ്ങനെ പിഎൻആർ കിട്ടും? ഞങ്ങൾ കുറേ ദൂരെയുള്ള എയർപോർ‍ട്ടിൽ ഒരുപാട് കഷ്ടപ്പെട്ടാണ് എത്തിയത്. ടിക്കറ്റ് കൗണ്ടറിൽ വലിയ ക്യൂ ഉണ്ടായിരുന്നു. ഞങ്ങളുടെ ബഡ്ജറ്റിൽ പെടുന്ന ടിക്കറ്റ് കിട്ടുമോ എന്നറിയില്ലായിരുന്നു. പലരും ടിക്കറ്റ് വാങ്ങാൻ ബുദ്ധിമുട്ടി, ബുദ്ധിമുട്ടിയാണെങ്കിലും ടിക്കറ്റ് വാങ്ങി. കാരണം അവർക്ക് എങ്ങനെയും അവിടം വിടണമായിരുന്നു. ജമ്മുവിലെ പല ജില്ലകളിലും കർഫ്യൂ മയപ്പെടുത്തിയതായി വാർത്തകൾ വരുന്നു, പക്ഷേ എനിക്കതൊന്നും വിശ്വസിക്കാൻ തോന്നുന്നില്ല. ജമ്മുവിന്റെ പല പ്രദേശങ്ങളിലേക്കും ഫോൺ വഴിയെത്താൻ പറ്റുന്നില്ല.”

കവര്‍: പ്രതീകാത്മക ചിത്രം. ഫോട്ടോ: കമ്രാന്‍ യൂസുഫ്


Read More Related Articles