പൽവാമയുൾപ്പെട്ട അനന്ത് നാഗ് ലോക്സഭാ സീറ്റിൽ നാഷനൽ കോൺഫറൻസിന് വിജയം
കശ്മീരിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായ പൽവാമയുൾപ്പെട്ട അനന്ത്നാഗ് മണ്ഡലത്തിൽ നാഷനൽ കോൺഫറൻസ് വിജയിച്ചു. പൽവാമ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്താനിലെ ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണവുമുണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ആയുധമാക്കിയ സംഭവങ്ങളായിരുന്നു പൽവാമ-ബലാക്കോട്ട് ആക്രമണങ്ങൾ. പാകിസ്താനുമായുണ്ടായ സംഘർഷവും ബിജെപി പ്രചരണ ആയുധമാക്കിയിരുന്നു.
ജെകെഎൻസി സ്ഥാനാർത്ഥി ഹസ്നെയ്ൻ മസൂദിയ 40,180 വോട്ടുകൾക്കാണ് അനന്ത്നാഗിൽ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി ഗുലാം അഹ്മദ് മിർ 33,504 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി സോഫി യൂസുഫ് 10,225 വോട്ടുകളും നേടി.
അനന്ത് നാഗ്, ശ്രീനഗർ മണ്ഡലങ്ങളിൽ നാഷനൽ കോൺഫറൻസ് വിജയം നേടി. ലഡാക്കിൽ സ്വതന്ത്ര സ്ഥാനാർത്ഥി സജ്ജദ് ഹുസൈനാണ് മുന്നിൽ. ബാരാമുള്ള, ഉദ്ദംപുർ, ജമ്മു എന്നിവടങ്ങളിലെ ഫലം വരാനുണ്ട്. നാഷനൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയാണ് ശ്രീനഗറിൽ വിജയിച്ചത്.