ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നിരോധിച്ച് കേന്ദ്രം, സംഘടനയ്ക്കെതിരെ യുഎപിഎ

By on

ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (യാസിൻ മാലിക് വിഭാ​​ഗം) ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. ഭീകരപ്രവർത്തന നിരോധന നിയമമായ യുഎപിഎ ചുമത്തിയാണ് നിരോധനം.

“ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും തകർക്കുന്ന പ്രവർത്തനങ്ങളാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നടത്തുന്നത്, ജമ്മു കശ്മീരിൽ വിവിധ സംഘടനകൾ നടത്തുന്ന വിഘടനവാദ പ്രവർത്തനങ്ങളുമായി ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് ചേർന്നുനിൽക്കുന്നു, രാജ്യത്തിന്റെ അഖണ്ഡത തകർക്കുന്ന രീതിയിലുള്ള വിഘടനവാദ പ്രവൃത്തികൾക്ക് പിന്തുണ നൽകുന്നുണ്ട്” എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് ആഭ്യന്തര മന്ത്രാലയം ജെകെഎൽഎഫിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

“ജെകെഎൽഎഫ് നിരോധിച്ചില്ലെങ്കിൽ ഇന്ത്യൻ യൂണിയനിൽ നിന്നും കശ്മീർ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയ സാഹചര്യം ഉടൻ ഉണ്ടാകും, രാജ്യത്ത് അതിക്രമത്തിന് ആഹ്വാനം ചെയ്യും എന്നീ കാരണങ്ങളാലുള്ള മുൻകരുതലുകളാണ്” ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് യുഎപിഎ ചുമത്തി നിരോധിക്കാനുള്ള കാരണങ്ങളെന്ന് കേന്ദ്ര ​സര്‍ക്കാര്‍ പ്രസ്താവനയിൽ വ്യക്തമാക്കി.

യുഎപിഎ നിയമത്തിന്‍റെ 1, 3 ഉപവകുപ്പുകളും മൂന്നാം വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.
സായുധ സംഘടനയായ ജെകെഎൽഎഫ് 2000ൽ അടൽബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കേന്ദ്ര സർക്കാരുമായി സമാധാന ചർച്ചയ്ക്ക് തയ്യാറായിരുന്നു.


Read More Related Articles