കുടിവെള്ളം കിട്ടുന്നത് വരെ സമരം ചെയ്യും; തോപ്പിൽ കോളനി പ്രത്യക്ഷ സമരത്തിലേക്ക്

By on

കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങിക്കിടന്ന പഞ്ചായത്ത് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിലെ അലംഭാവത്തിനെതിരെ കിളിമാനൂർ തോപ്പിൽ കോളനിയിലുള്ളവര്‍ പ്രത്യക്ഷ സമരത്തിൽ.  ഐഎസ്ആർഓ ഉദ്യോ​ഗസ്ഥന്റെ ഉടമസ്ഥതയില്‍ പന്ത്രണ്ട് വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ക്വാറിയും കോളനിയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഈ ക്വാറിക്കെതിരെ എഴുന്നൂറ് ദിവസത്തിലേറേയായി സമരം ചെയ്യുന്ന സേതുവിന്റെ നേതൃത്വത്തിൽ ഇരുപതോളം പേർ കിളിമാനൂര്‍ ബ്ലോക് പഞ്ചായത്ത് ഉപരോധം തുടങ്ങി.

കുടിവെള്ളം കിട്ടുന്നത് വരെ സമരത്തിൽ നിന്നും പിന്മാറില്ലെന്നാണ് സമരം ചെയ്യുന്ന സ്ത്രീകൾ പറയുന്നത്. നിരന്തര സമരത്തിന് ശേഷമാണ് കുടിവെള്ള പദ്ധതിക്ക് വേണ്ടി മൂന്ന് വർഷം മുമ്പ് സ്ഥാപിച്ച പെെപ് ലെെനുകൾ പുനസ്ഥാപിച്ച് പണി തുടങ്ങിയത്.

ഫെബ്രുവരി 15നകം പണി പൂര്‍ത്തിയാക്കാം എന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.  എന്നാൽ, പദ്ധതി പൂർത്തിയാക്കും എന്ന് കോളനിയിലുള്ളവര്‍ക്ക് പഞ്ചായത്ത് ഉറപ്പ് നൽകിയ തീയ്യതി കഴിഞ്ഞിട്ടും പഞ്ചായത്ത് അധികൃതർ പദ്ധതി പൂർത്തിയാക്കിയിരുന്നില്ല. പദ്ധതി നടപ്പിലാക്കുന്നതിലെ അലംഭാവം ചോദ്യം ചെയ്ത സമരനേതാവ് സേതുവിനെ പഞ്ചായത്ത് പ്രസിഡന്റ് കോൺട്രാക്ടറുടെ ഫോണിൽ വിളിച്ച് അറസ്റ്റ് ചെയ്യുമെന്ന് മാർച്ച് 17ന് ഭീഷണിപ്പെടുത്തിയിരുന്നു.


Read More Related Articles