മണിപ്പൂരിൽ ബിജെപി സർക്കാർ വിമർശനങ്ങളെ അറസ്റ്റ് കൊണ്ട് നേരിടുന്നു; എലാങ്ബം രഞ്ജിത
By Mrudula Bhavani
മണിപ്പൂരിൽ ബിജെപി സർക്കാർ വിമർശനങ്ങളെ നേരിടുന്നത് അറസ്റ്റുകളിലൂടെയാണെന്ന് ഝാൻസി റാണി ജന്മവാർഷികം ആചരിച്ച സർക്കാരിനെ വിമർശിച്ചതിന് ഒരു വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാങ്ഖെംചയുടെ ഭാര്യ എലാങ്ബം രഞ്ജിത. മണിപ്പൂരിന്റെ ചരിത്രത്തിൽ ഝാൻസി റാണി എന്ത് പങ്കാണ് വഹിച്ചിട്ടുള്ളത് എന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ നരേന്ദ്രമോദിയുടെ കളിപ്പാവയാണ് എന്നും പറയുന്ന ഫെയ്സ്ബുക് വിഡിയോയുടെ പേരിലാണ് ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി വാങ്ഖെംചായെ ജയിലിൽ അടച്ചിരിക്കുന്നത്.
“ഈ അറസ്റ്റ് സംഭവിക്കുമെന്ന് നമുക്ക് നേരത്തെ അറിയാമായിരുന്നു. അറസ്റ്റ് തടയാൻ കഴിയുന്നതെല്ലാം നമ്മൾ ചെയ്തിരുന്നു. ഓഗസ്റ്റിലും കിഷോർചന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് മുന്‍കരുതല്‍ എടുത്തു. മണിപ്പൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സമരത്തെക്കുറിച്ച് സംസാരിച്ചതിനായിരുന്നു അറസ്റ്റ്. ഈ വിഡിയോ പോസ്റ്റ് ചെയ്ത ഉടൻ തന്നെ നമ്മൾ അഡ്വക്കേറ്റിനെ സമീപിച്ചിരുന്നു. ഐഎസ്റ്റിവി എന്ന പ്രാദേശിക വാർത്താ ചാനലിലാണ് കിഷോർ ചന്ദ്ര ജോലി ചെയ്തിരുന്നത്. ആ സ്ഥാപനത്തിന് ഈ കേസ് പ്രശ്നമാകരുത് എന്ന് കരുതി കിഷോർചന്ദ്ര ജോലി രാജിവെക്കുകയും ചെയ്തിരുന്നു.
രാത്രി പന്ത്രണ്ട് മണിയോടെ ഞങ്ങളുടെ വീട്ടിലേക്ക് ഏഴോളം പൊലീസുദ്യോഗസ്ഥർ കയറിവന്നു. സിവിൽ ഡ്രസ്സിലാണ് അവര്‍ വന്നത്. വീട് മുഴുവൻ തിരച്ചിൽ നടത്തിയ ശേഷം കിഷോർചന്ദ്രയെ “ഒരു കാര്യം സംസാരിക്കാനുണ്ട്” എന്നുപറഞ്ഞ് കൊണ്ടുപോകുകയായിരുന്നു. നിങ്ങൾക്ക് പിന്നിൽ ആരാണ് എന്നും ഇതൊക്കെ ചെയ്താൽ നിങ്ങൾക്ക് എത്ര പണം കിട്ടും എന്നുമൊക്കെ ചോദിച്ചു. ഇവിടെ ഇങ്ങനെയാണ് പൊലീസ് നടപടികൾ.
ബിജെപി സർക്കാരിനെ ഏതെങ്കിലും തരത്തിൽ വിമർശിക്കുന്നവർക്കെതിരെ ഇവിടെ കേസ് ചാർജ് ചെയ്യുകയും തടവിലിടുകയും ചെയ്യാറുണ്ട്. പക്ഷേ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിൽ സർക്കാരിനെ വിമർശിച്ചത് കൊണ്ട് ഒരാൾക്ക് എൻഎസ്എ ചുമത്തപ്പെടുന്നത് ആദ്യമായിട്ടാണ്. ജാമ്യം അനുവദിച്ച സമയത്ത് കോടതി പറഞ്ഞത് ആ വിഡിയോയിൽ രാജ്യദ്രോഹപരമായ ഒന്നുമില്ലെന്നാണ്. എങ്കിലും എൻഎസ്എ ചുമത്തപ്പെട്ടു. എൻഎസ്എ എന്ന നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണ് ഇവിടെ.
ബിജെപി അധികാരത്തിൽ വന്ന ശേഷം ഇവിടെ പല കാര്യങ്ങളും മാറിയിട്ടുണ്ട്. വിമർശനങ്ങളെ അറസ്റ്റ് കൊണ്ടാണ് ഇവിടെ സർക്കാർ നേരിടുന്നത്. മണിപ്പൂരിലെ മാധ്യമസ്ഥാപനങ്ങളൊന്നും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല. പുറത്തുനിന്നുള്ള മാധ്യമങ്ങളിൽ മാത്രമാണ് എൻഎസ്എ ചുമത്തിക്കൊണ്ടുള്ള അറസ്റ്റ് വാർത്തയായത്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പിന്തുണയുണ്ട്. മണിപ്പൂർ സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥികളും ഞങ്ങൾക്കൊപ്പം നിൽക്കുന്നുണ്ട്. എന്നാൽ മണിപ്പൂരിലെ ജേർണലിസ്റ്റ് കൂട്ടായ്മ തികഞ്ഞ മൗനമാണ് സ്വീകരിച്ചിരിക്കുന്നത്. ഞങ്ങൾക്ക് ഒന്നും അഞ്ചും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ഉള്ളത്. ഇത്തരമൊരു പ്രതിസന്ധിയിൽ വളരെ ബുദ്ധിമുട്ടുന്നുണ്ട്.
ബിജെപി സർക്കാർ ഝാൻസി റാണിയുടെ ജന്മവാർഷികം ആഘോഷിച്ചതിനെ വിമർശിച്ച് കിഷോർചന്ദ്ര പോസ്റ്റ് ചെയ്ത വിഡിയോ കാരണം ഇവിടെ വർഗീയ കലാപമൊന്നും ഉണ്ടായിട്ടില്ല. ആരും പ്രകോപിക്കപ്പെട്ടിട്ടില്ല, പിന്നെ എങ്ങനെയാണ് അതൊരു ദേശീയ സുരക്ഷാപ്രശ്നം ആകുന്നത്?” രഞ്ജിത പറയുന്നു.