“കൊല്ലപ്പെട്ട് 16 ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്?”; സബ് ഇന്‍സ്പെക്ടര്‍ സുബോധ് സിങ്ങിന്‍റെ ഭാര്യ രജിനി സിങ്

By on

ഉത്തർപ്രദേശ് ബുലന്ദ്ഷഹറിൽ  ഗോരക്ഷക ഭീകരർ സബ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തി 16 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തര്‍പ്രദേശ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ് എന്ന് സുബോധ് സിങ്ങിന്‍റെ ഭാര്യ രജിനി സിങ്. കേസിലെ തെളിവുകളെല്ലാം നശിപ്പിക്കപ്പെടുകയാണ് എന്നും രജിനി സിങ് പറയുന്നു.

“ഡ്യൂട്ടിയിലായിരുന്ന എന്റെ ഭർത്താവിന്റെ കൊലപാതകത്തെ ഹൃദയാഘാതത്തെ തുടർന്നുള്ള മരണം എന്നാണ് അധികാരികൾ വിളിക്കുന്നത്. അത് എന്‍റെ ഹൃദയം തകര്‍ക്കുകയാണ്. ഇന്ന് എന്റെ ഭർത്താവിനാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഇത്തരം അതിക്രമങ്ങൾ ഇനിയും ഉണ്ടായേക്കാം. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് എനിക്ക് നൽകിയ വാ​ഗ്ദാനം എന്റെ ഭർത്താവിനെ കൊന്ന എല്ലാവരേയും അറസ്റ്റ് ചെയ്യുമെന്നാണ്. എന്നാൽ, കൊല്ലപ്പെട്ടിട്ട് 16 ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും പ്രതികൾ സ്വതന്ത്രരായി നടക്കുകയാണ്.”

കേസിലെ പ്രധാന കുറ്റാരോപിതൻ യോ​ഗേഷ് രാജ് എന്ന ബജ്രം​ഗ് ദൾ പ്രവർത്തകനാണ് ​ഗോഹത്യയെക്കുറിച്ച് ആദ്യം പരാതി നൽകിയത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് കലാപത്തിന് ശേഷം നടത്തിയ റിവ്യൂ മീറ്റിങ്ങിൽ ​ഗോഹത്യയെക്കുറിച്ച് മാത്രം സംസാരിക്കുകയും സുബോധ് സിങ് കൊല്ലപ്പെട്ടതിനെ പറ്റി ഒന്നും പറയാതിരിക്കുകയുമാണ് ചെയ്തത്.

സ്വയം നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ട് വീഡിയോകൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന യോ​ഗേഷ് രാജിനെയും കേസിൽ കുറ്റാരോപിതനായ പ്രാദേശിക ബിജെപി നേതാവ് ശിഖർ അ​ഗർവാളിനെ എന്തുകൊണ്ടാണ് പൊലീസ് ഇനിയും അറസ്റ്റ് ചെയ്യാത്തത് എന്ന് രജിനി സിങ് ചോ​ദിക്കുന്നു.

“എഫ് െഎഎ ആറിൽ പേര് ചേർക്കപ്പെട്ട 27 പേരിൽ ഉള്ളവരാണ് യോ​ഗേഷ് രാജും ശിഖർ അ​ഗർവാളും. ഒരു സെെനികനടക്കം കുറ്റാരോപിതരായ ഇരുപതുപേരാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത്. കേസിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അവർ അവരുടെ ആളുകളെ സംരക്ഷിക്കുകയാണ്. തെളിവുകളെല്ലാം ഒാരോന്നായി നശിപ്പിക്കപ്പെടുകയാണ്. അന്നേ ദിവസം ശരിക്കും എന്താണ് സംഭവിച്ചത് എന്ന് പറയാൻ ആരുമില്ല.” രജിനി സിങ് പറഞ്ഞു.

“പ്രതികളെ രാഷ്ട്രീയ നേതാക്കൾ സംരക്ഷിക്കുകയാണ്. യോ​ഗേഷ് രാജിനെ അറസ്റ്റ് ചെയ്യാൻ അതല്ലെങ്കിൽ മറ്റെന്താണ് തടസ്സം? എന്റെ അച്ഛന്റെ കൊലപാതകം പൊടിപിടിച്ച ഒരു ഫയലായി അവശേഷിക്കുകയില്ല എന്ന് മാത്രം പ്രതീക്ഷിക്കുകയാണ്.” ക്രിമിനൽ അഭിഭാഷകനാകാൻ ആ​ഗ്രഹിക്കുന്ന മകൻ അഭിഷേക് സിങ് പറയുന്നു.

ഗോഹത്യയുടെ പേരിൽ സംഘപരിവാർ സംഘടനകൾ അഴിച്ചുവിട്ട കലാപത്തിനിടെ ഒരു പൊലീസ് ഒഫീസര്‍ കൊല്ലപ്പെട്ടിട്ടും ഗോഹത്യയെക്കുറിച്ച് അന്വേഷിക്കാനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്. 2015ല്‍ ദാദ്രിയില്‍ ഗോരക്ഷക ഗുണ്ടകള്‍ കൊലപ്പെടുത്തിയ അഖ്ലാഖിന്‍റെ കേസില്‍ പ്രധാന വഴിത്തിരിവുകള്‍ സൃഷ്ടിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു സുബോധ് സിങ്. സുബോധിന്‍റേത് ആസൂത്രിതമായ കൊലപാതകം ആയിരുന്നു എന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.


Read More Related Articles