‘കേരളത്തില്‍ ഇങ്ങനെ നടക്കുമെന്ന് കരുതിയില്ല’; കാസര്‍ഗോഡ് ആക്രമിക്കപ്പെട്ട അനസും ഫായിസും പ്രതികരിക്കുന്നു

By on

മെയ് 23 ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ബിജെപി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരം ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് മെയ് 27ന് ബന്ധുവിനെ കൂട്ടാന്‍ മംഗലാപുരം വിമാനത്താവളത്തിലേക്ക് പോയ അനസ്(21) ഫായിസ്(23) എന്നീ യുവാക്കളെ കാസര്‍ഗോഡ് വച്ച് വാഹനം തടഞ്ഞു നിര്‍ത്തി ഒരു സംഘം ആളുകള്‍ ആക്രമിച്ചു. പേര് ചോദിച്ച് മുസ്ലിങ്ങളാണെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു അക്രമം. സംഭവത്തെക്കുറിച്ച് അനസും ഫായിസും കീബോഡ് ജേണലിനോട് സംസാരിക്കുന്നു.

അനസ് പറയുന്നു

”ഞങ്ങളിവിടെ നിന്ന് എയർപോർട്ടിലേക്ക് പോകുകയായിരുന്നു, എന്‍റെ മൂത്താപ്പയെ കൂട്ടിക്കൊണ്ടുവരാൻ. ഫായിസ് എന്ന എന്‍റെ കൂട്ടുകാരനും ഉണ്ട്. രാത്രി 12 മണി ഒക്കെ ആകുമ്പോ ഇറങ്ങി, ഒരു 1.05, 1.10 ഒക്കെ ആകുമ്പോൾ പടന്നക്കാട് താളിപ്പടപ്പ് എന്ന സ്ഥലത്തെത്തി. ഫായിസിന് മൂത്രമൊഴിക്കാൻ വേണ്ടി വണ്ടി സൈഡാക്കി. മൂത്രമൊഴിച്ചു വണ്ടി റോഡിലേക്ക് കയറ്റാൻ തുടങ്ങുമ്പോൾ രണ്ടുപേർ എത്തി ഒരാൾ വണ്ടിക്ക് മുന്നിലും ഒരാൾ സൈഡിലും നിന്നു. അവർ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. വണ്ടി നിർത്തി. “എന്തെ ഇവിടെ?”എന്ന് ചോദിച്ചു. പുറത്തിറങ്ങാൻ പറഞ്ഞു. “എന്തിനാ ഏട്ടാ?” എന്നു ചോദിച്ചപ്പോൾ വീണ്ടും പുറത്തിറങ്ങാൻ പറഞ്ഞു. ഒന്നുകൂടി ആവശ്യപ്പെട്ടപ്പോൾ ഫായിസ് പുറത്തേക്കിറങ്ങി. അപ്പോൾ ഫായിസിനോട് നിന്‍റെ പേര് എന്താണെന്ന് ചോദിച്ചു. അവൻ പേര് പറയലും അവർ അടി തുടങ്ങലും. പിന്നെ ചറപറ അടിയായിരുന്നു. ഞാൻ വണ്ടിയിൽ തന്നെ ഇരുന്നു, വണ്ടി സ്റ്റാർട്ട് ചെയ്യാം എന്ന് വിചാരിച്ച്. അവർ വണ്ടിയിലേക്ക് തന്നെ അവനെ തിരിച്ചു വിടും എന്നും വിചാരിച്ചു. പക്ഷെ അടി എങ്ങനെയും നിർത്തുന്നില്ല. ഞാനെന്നിട്ട് “ഫായിസെ”ന്നു വിളിച്ചിട്ട് വണ്ടി മൂവാക്കി. അവൻ പാഞ്ഞുവന്ന് വണ്ടിയിൽ കേറാൻ നോക്കുമ്പോൾ ഡോർ അടഞ്ഞുപോയിരുന്നു. പിന്നിലെ ഡോറും ലോക്ക്. വീണ്ടും അവർ അവനെ പിടിച്ചു നല്ലോണം ഇടിച്ചു. അടിക്കുന്നതിന്റെ ഇടയിലെല്ലാം ചോദിച്ചു കൊണ്ടിരിക്കുകയാണ് എവിടെ പോകുന്നു എന്ന്. അവൻ പറഞ്ഞു “നമ്മൾ എയർപോർട്ടിൽ പോകുകയാണ്, ഇച്ചാനെ കൊണ്ടുവരാൻ” എന്ന്. അത് പറഞ്ഞപ്പോൾ അവർ ചോദിക്കുന്നു.

“ആരെയാണ് നീ ഇച്ച എന്ന് വിളിക്കുന്നത്, നിനക്കെങ്ങനെ ഇവിടെ വന്ന് ഇച്ച ന്നൊക്കെ വിളിക്കാൻ ധൈര്യം വരുന്നു? ഏതാടാ നിന്‍റെ അല്ലാഹ് ?” എന്നൊക്കെ. അവരുടെ കയ്യിൽ എന്തോ ചെറിയ ആയുധം ഉണ്ടായിരുന്നു. അതവന്റെ മുഖത്തിട്ടു വലിച്ചു. തലയ്‌ക്കിട്ടു കുത്തി. നല്ലോണം പരിക്ക് പറ്റി”.

അതിനിടയിൽ ഞാൻ പോയി. “തല്ലല്ല ഏട്ടാ” എന്നൊക്കെ പറഞ്ഞ്. അതിനിടയ്ക്ക് എനിക്കും തല്ല് കിട്ടി, മുറിവ് പറ്റി. അതൊക്കെ കഴിഞ്ഞ് അവസാനം അവർ തന്നെ നമ്മളെ കൊണ്ടുവന്നു വണ്ടിയിൽ ഇരുത്തി, അവർ ചോദിച്ചു, “എന്തിനാ നിന്നെ തച്ചതെന്ന് മനസിലായോ?”
ഞങ്ങൾ അവിടെ നിന്ന് വണ്ടി വിട്ടു. പരിക്ക് പറ്റിയിട്ടുണ്ട് എന്നറിയാമായിരുന്നു. നോക്കുമ്പോ ഫായിസിന്‍റെ മുഖത്തു നിന്ന് ചോര വരുന്നു. വണ്ടി സൈഡാക്കി ഞങ്ങൾ മുഖം കഴുകാൻ ഇറങ്ങിയപ്പോൾ ഒരാളെ കണ്ടു. അയാളോട് ഞങ്ങൾ ആദ്യം പേര് ചോദിച്ചു. അതാണ് ആദ്യം ചോദിച്ചത്, പേര് കേട്ടപ്പോൾ ഞങ്ങൾക്ക് സമാധാനമായി, ബിലാൽ. ഞങ്ങൾ അയാളോട് കാര്യങ്ങൾ പറഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു അതവിടെ സ്ഥിരം നടക്കുന്ന സംഭവമാണെന്ന്. അയാൾ സുഹൃത്തുക്കളെ കൂട്ടി വന്നു. മംഗലാപുരത്തേക്കുള്ള റൂട്ടിൽ താളിപ്പടപ്പ് മുതൽ അങ്ങോട്ട് രണ്ട് കിലോമീറ്റർ പ്രദേശത്തു ഇത് സ്ഥിരം നടക്കുന്നതാണ് എന്ന്. ഞങ്ങൾ പൊലീസിനെ വിളിച്ചു, പൊലീസ് വന്നു. എന്നെ പൊലീസ് ജീപ്പിലും അവനെ വേറൊരു വണ്ടിയിലും കൊണ്ടുപോയി. അതൊരു അപകടം പിടിച്ച സ്ഥലം ആണെന്നും അവിടെ ഒറ്റക്ക് നിൽക്കാൻ പാടില്ലെന്നും പറഞ്ഞു. എന്നാൽ ആ ഭാഗത്ത്‌ ഒരു സിസിടിവി പോലും വെക്കാത്തത് എന്താണ്? അവിടെ നിന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി. എയർപോർട്ടിൽ പോകേണ്ടിയിരുന്നത് കൊണ്ട് അഡ്മിറ്റ് ആയില്ല. എയർപോർട്ടിൽ പോയി വന്ന ശേഷമാണ് പരാതി കൊടുത്തത്. ഒരു പോലീസുകാരൻ കുറേപ്പേരുടെ ഫോട്ടോ കാണിച്ചു തന്നു. അതിൽ നമ്മളെ മെയ്‌നായി ദ്രോഹിച്ച ഒരുത്തന്‍റെ മുഖം കണ്ടു. 9 കേസുകളിൽ പ്രതിയാണ് അവൻ. സൈനുൽ ആബിദ് വധക്കേസിലെ എട്ടാമത്തെയോ ഒമ്പതാമത്തെയോ പ്രതിയാണ് അവൻ എന്നു പറഞ്ഞു. അത് കൂടാതെ വേറെയും കേസുകളിൽ അവൻ പ്രതിയാണ്. സ്റ്റേഷൻ ഓഫീസർക്ക് റിപ്പോർട്ട് കൊടുക്കാൻ പോയി. അതിന് ശേഷം സംഭവം നടന്ന സ്ഥലത്ത് പോയി. അവിടെ നിന്ന് റിപ്പോർട്ട് എടുത്തു നമ്മൾ നാട്ടിലേക്ക് വന്നു.
ചില പൊലീസ് ഉദ്യോഗസ്ഥർ നല്ല സപ്പോർട്ടിവ് ആയിരുന്നു. അതുമാത്രമല്ല അവിടെയുണ്ടായിരുന്ന മുസ്ലിം ലീഗിന്‍റെയും എസ്  ഡി പി ഐ യുടെയും നേതാക്കൾ കുറച്ചുപേർ നമുക്ക് വേണ്ടി മാത്രമാണ് രണ്ടു ദിവസം ചെലവാക്കിയത്. കാസർഗോഡ് ടൗൺ  സ്റ്റേഷനിൽ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്‌ഥർ ഒക്കെ അവരെ പിന്തുണയ്ക്കുന്നുണ്ട് എന്നു തോന്നി. എന്താണെന്ന് വെച്ചാൽ ഈ ദ്രോഹിച്ചവൻ സ്റ്റേഷനിലേക്ക് വരുമ്പോൾ അവനോടുള്ള ആറ്റിറ്റ്യൂഡ് കണ്ടിട്ടാണ് അങ്ങനെ തോന്നിയത്. പിറ്റേ ദിവസം സ്റ്റേഷനിൽ പോയപ്പോൾ അവർക്ക് നമ്മളോട് നെഗറ്റീവ് മനോഭാവം ആണ് ഉള്ളതെന്ന് തോന്നി.  അക്രമിച്ചവരിൽ ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. അവിടെ മുമ്പ് മൂന്നു കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നാണ് കേട്ടത്.
നമ്മുടെ നാട്ടിൽ പൊതുവെ എല്ലാവരും തമ്മിൽ നല്ല ഐക്യമാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ. ഇതൊക്കെ ആദ്യമായി കേൾക്കുന്നതാണ്. പുറത്തെ സംസ്ഥാനങ്ങളിൽ നിന്ന് ഇതുപോലെ വാർത്തകൾ ഒരുപാട് കേട്ടിട്ടുണ്ട്. പേര് ചോദിച്ചു തല്ലുന്നതും ബീഫിന്‍റെ പേരിൽ കൊല്ലുന്നതും, നമ്മുടെ നാട്ടിൽ ഇത് ആദ്യമായാണ് കേൾക്കുന്നത്. ഇവിടെ നമ്മൾ നല്ല ഐക്യത്തിലാണ്. ഹിന്ദുക്കളായ സുഹൃത്തുക്കൾ ഈ കാര്യം അറിഞ്ഞതുമുതൽ വിളിക്കുകയുണ്ടായി. നല്ല ഹിന്ദുക്കളും ഉണ്ട്, ഒരു പത്തു ശതമാനം മാത്രമാണ് ഇങ്ങനെ. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കുന്നത് ഒരു പ്രത്യേക പാറ്റേണില്‍ ആണ്. പക്ഷെ കേരളത്തിൽ ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കലും വിചാരിച്ചതല്ല. നമ്മുടെ നാട്ടിൽ, കാസർഗോഡ് ജില്ലയിൽ. കാസർഗോഡ് ജില്ലയുടെ ചില പ്രദേശങ്ങളിൽ ആർ എസ് എസ് പിടിമുറുക്കിയിട്ടുണ്ട്.

ചിലർ ഞങ്ങളെ കുറ്റപ്പെടുത്തി. അങ്ങോട്ട് തിരിച്ചും തല്ലാമായിരുന്നു എന്നൊക്കെ പറഞ്ഞ്. അങ്ങനെ ചിലർ വിമർശിച്ചിരുന്നു. പക്ഷെ അവരുടെ പ്രദേശത്ത് വെച്ചു അവരെ ആക്രമിച്ചിട്ടുണ്ടെങ്കിൽ ഇതൊരു കൊലപാതകത്തിലേക്ക് നീങ്ങാനുള്ള സാധ്യത ഉണ്ടായിരുന്നു. കാരണം അതവരുടെ ഏരിയ ആണ്.

കർണാടകത്തിൽ നിന്നൊക്കെ ഇതുപോലെയുള്ള വാർത്തകൾ കേൾക്കാറുണ്ട്. നമ്മുടെ സംസ്ഥാനത്തു ആദ്യമായാണ് കേൾക്കുന്നത്. വേറൊരു കേസിന്‍റെ പേരിൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ആണ് ഈ പ്രതിയെ അറസ്റ്റ് ചെയ്തത്. പക്ഷെ അവൻ ഇതുവരെ കുറ്റസമ്മതം നടത്തിയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

കോണ്‍ഗ്രസിന്‍റെയും മുസ്ലിം ലീഗിന്‍റെയും നേതാക്കൾ ഞങ്ങളെ വീട്ടിൽ വന്ന് കണ്ടിരുന്നു. മാർക്സിസ്റ്റുകാർ ഇവിടെ ഞങ്ങൾക്ക് വേണ്ടി പ്രകടനം നടത്തിയിരുന്നു. എല്ലാവരും പിന്തുണച്ചു. ഞങ്ങൾ നാട്ടിലെത്തുന്നത് വരെ എസ്ഡിപിഐക്കാർ പ്രൊട്ടക്ഷൻ തന്നിരുന്നു”.

ഫായിസ് പറയുന്നു

”എനിക്ക് അടി കൊള്ളുമ്പോൾ ഒന്നും മനസ്സിലായിരുന്നില്ല. എന്തിനാണ് എന്നെ അടിക്കുന്നത് എന്നോ ഒന്നും. ഞാനവരെ “ഇച്ചാ”എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. എനിക്കറിയില്ലായിരുന്നു ഇത് ഇങ്ങനത്തെ തല്ലാണെന്ന്. ഞാൻ വിചാരിച്ചത് വേറെന്തോ കാരണത്തിന്, ആളുമാറി തല്ലുന്നത് ആണെന്ന്. തല്ലുമ്പോഴൊന്നും മനസ്സിലായിരുന്നില്ല എന്തിനാണ് തല്ലുന്നത് എന്ന്. പിന്നെയാണ് മനസിലായത് മുസ്ലിം പേര് കേട്ടത് കൊണ്ടാണ് തല്ലിയത് എന്ന്. ഫേസ്‌ബുക്കിൽ പലരും വാർത്തയ്ക്ക് കമന്‍റ് ചെയ്തിട്ടുണ്ട് തങ്ങൾക്കും ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട് എന്ന്.

ഇതിപ്പോൾ എനിക്കോ നമ്മൾക്കോ വേണ്ടിയല്ല നാളെ ഇതുപോലെ മറ്റു പിള്ളേർക്ക് ഇങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് കേസുമായി മുന്നോട്ടു പോകാൻ നമ്മൾ തീരുമാനിച്ചത്. എല്ലാവരും കേസ് എന്നു പറയുമ്പോൾ രണ്ടു തവണ ചിന്തിക്കും. പക്ഷെ ഞങ്ങൾ അങ്ങനെയല്ല ആലോചിച്ചത്. അതുകൊണ്ടാണ് പരാതി നൽകിയത്.

പലരും മെസേജ് ചെയ്തു എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിരുന്നു എന്ന് പറഞ്ഞു. കേസ് എന്നു പറയുമ്പോൾ നാളെ നമുക്ക് എന്തെങ്കിലും പറ്റുമോ എന്നായിരിക്കും എല്ലാവർക്കും പേടി.

ഏതായാലും ഇതുവരെയെത്തി, ഇനിയിതിൽ ആർക്കെങ്കിലും ഉപകാരം ഉണ്ടാകുമെങ്കിൽ ഉണ്ടായിക്കോട്ടെ. ഞങ്ങൾ ഒരു പാർട്ടിയിലും ഉള്ളവരല്ല. ഈ വിഷയത്തോട് എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിച്ചതിൽ സന്തോഷമുണ്ട്”.

ഫായിസിനെയും അനസിനെയും ആക്രമിച്ച രണ്ടുപേരിൽ ഒരാളെ ഐപിസി 308 ചാർജ് ചെയ്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഡ്‌ലു സ്വദേശിയായ തേജു എന്ന അജയ് കുമാർ ഷെട്ടിയെയാണ് അറസ്റ്റ് ചെയ്തത്. 2014 ഡിസംബറിൽ സൈനുൽ ആബിദ് എന്ന യുവാവിനെ തളങ്കര നുസ്രത് റോഡിലെ കടയിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ 12 പ്രതികളിൽ ഒമ്പതാം പ്രതി ആണ് അജയ് കുമാർ ഷെട്ടി. ഈ കേസ് കൂടാതെ വേറെയും ക്രിമിനൽ കേസുകളിൽ അജയ് കുമാർ ഷെട്ടി പ്രതിയാണ് എന്ന് കാസർഗോഡ് വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
2015ൽ പൊലീസ് സ്റ്റേഷനിൽ കയറി പൊലീസിനെ ആക്രമിച്ചു,2016ൽ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ചു, 2018 മാർച്ചിൽ ബീരന്ത്ബയലിൽ വെച്ച് ഒരാളെ കുത്തിയും ഇരുമ്പുവടി കൊണ്ട് തലക്കടിച്ചും പരിക്കേൽപിച്ചു, 2019 ജനുവരിയിൽ അടുക്കത്ത്ബയലിൽ വെച്ച് ഒരാളെ ആക്രമിച്ചു എന്നിങ്ങനെയാണ് അജയ് കുമാർ ഷെട്ടിയുടെ പേരിലുള്ള കേസുകൾ.
സൈനുൽ ആബിദ് കൊലക്കേസിനു പുറമെ ഐപിസി 308 പ്രകാരം മൂന്ന് കേസുകൾ ആണ് അജയ് കുമാർ ഷെട്ടിയുടെ പേരിൽ ഉള്ളത്. സമാനമായ രീതിയിൽ മറ്റൊരു യുവാവും കറന്തക്കാട് പെട്രോൾ പമ്പിൽ വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. കാറിൽ എത്തിയ രണ്ടുപേരാണ് പേര് ചോദിച്ച ശേഷം നെല്ലിക്കുന്ന് സ്വദേശി സിറാജുദ്ദീൻ നെ ആക്രമിച്ചത്. ഈ കേസിൽ ബുധനാഴ്ച ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും കൂടുതൽ അന്വേഷണം തുടരുകയാണ് എന്നും അന്വേഷണ ഉദ്യോഗസ്ഥൻ രാഘവൻ പറഞ്ഞു.  അതേസമയം ഫായിസിനെയും അനസിനെയും ആക്രമിച്ച കേസിൽ ഒരാൾ ഇനിയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.


Read More Related Articles