‘ജെഎൻയു ക്യാംപസിലെ 3000 കോണ്ടം ‘ പരാമർശം നടത്തിയ ബിജെപി രാജസ്ഥാൻ എംഎൽഎ പാർട്ടി വിട്ടു

By on

ജവഹർലാൽ‌ നെഹ്രു സർവ്വകലാശാല ക്യാംപസിൽ നിന്നും 3000 ഉപയോ​ഗിച്ച കോണ്ടങ്ങളും 500 ഗർഭച്ഛിദ്ര ഇഞ്ചക്ഷൻ സാമ​ഗ്രികളും 50000 എല്ലിൻ കഷ്ണങ്ങളും 10000 സി​ഗരറ്റ് കുറ്റികളും കിട്ടുമെന്ന പ്രസം​ഗത്തിലൂടെ വിവാദത്തിൽപ്പെട്ട ബിജെപി എംഎൽഎ ​ഗ്യാൻ ദേവ് അഹൂജ സീറ്റ് ലഭിക്കാത്തതിനെതുടർന്ന് പാർട്ടി വിട്ടു. 2016 ഫെബ്രുവരിയിലായിരുന്നു അഹൂജയുടെ ‘ജെഎൻയു പ്രസം​ഗം’. ക്യാംപസില്‍ ആൺകുട്ടികളും പെൺകുട്ടികളും ന​ഗ്നരായി നൃത്തം ചെയ്യാറുണ്ടെന്നും അഹൂജ പറഞ്ഞിരുന്നു. രാജസ്ഥാനിലെ ആൽ‌വാർ ജില്ലയിലെ രാം​ഗഡ് മണ്ഡലത്തിലെ സിറ്റിം​ഗ് എംഎൽഎയാണ് അഹൂജ. സുഖ്വന്ത് സിം​ഗിനെയാണ് ബിജെപി ഇത്തവണ രാം​ഗഡിൽ നിന്ന് മത്സരിപ്പിക്കുന്നത്. തനിക്ക് സീറ്റ് നിഷേധിച്ച നടപടിയെ ഏകാധിപത്യപരം എന്നാണ് അഹൂജ വിശേഷിപ്പിച്ചത്. സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ അൽവാർ അടക്കം മൂന്ന് സീറ്റുകളിൽ കോൺ​ഗ്രസ് ആണ് വിജയിച്ചത്. ഈ സാഹചര്യത്തിലാണ് ബിജെപി അഹൂജയെ അടക്കം മാറ്റി പരീക്ഷിക്കുന്നത്.

”പാർ‌ട്ടിയുടെ ഏകാധിപത്യപരമായ മനോഭാവത്തിൽ പ്രതിഷേധിച്ച് ഞാൻ പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും രാജി വയ്ക്കുന്നു. ഗോരക്ഷ, രാമജന്മഭൂമി, ഹിന്ദുത്വം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഞാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും” അഹൂജ പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിമർശകൻ കൂടിയാണ് അഹൂജ. മന്ത്രിസ്ഥാനം ലഭിക്കാത്തിലുള്ള രോഷത്തിൽ സർക്കാർ സമിതികളിൽ നിന്നും രാജിവയ്ക്കുക തുടങ്ങിയ നടപടികൾ അഹൂജ സ്വീകരിച്ചിരുന്നു. അജ്മീർ, ആൽവാർ ലോക്സഭാ സീറ്റുകളിലെ പരാജയത്തിന് വസുന്ധരെ രാജെയാണ് ഉത്തരവാദിയെന്ന് അഹൂജ പറയുന്ന ഓഡിയോ ക്ലിപ്പും പുറത്ത് വന്നിരുന്നു.

വിദ്വേഷ പ്രസം​ഗങ്ങളിലൂടെ കുപ്രസിദ്ധനായ അഹൂജ പെഹ്ലുഖാനെ കൊലപ്പെടുത്തിയതിൽ തീരെ പശ്ചാത്താപമില്ലെന്ന പ്രസ്താവനയും നടത്തിയിരുന്നു. ‘നിയമം കയ്യിലെടുക്കാൻ പാടില്ല, പക്ഷേ അയാളെ കൊലപ്പെടുത്തിയതിൽ ഞങ്ങൾക്ക് പശ്ചാത്താപമില്ല’ എന്നാണ് അഹൂജ പറഞ്ഞത്.


Read More Related Articles