ക്യാമറെയേയും തോക്കിനെപ്പോലെ ഭയപ്പെടുന്ന ഹിബ; കശ്മീരിന്‍റെ ഹൃദയം പകര്‍ത്തി കമ്രാന്‍ യുസുഫിന്‍റെ ചിത്രം
Story by Mrudula Bhavani
തന്‍റെ സഹോദരൻ തനിക്ക് നേരെ ക്യാമറ പിടിക്കുമ്പോൾ പോലും ഭീതിയിൽ ഇരു ചെവികളും പൊത്തിയിരിക്കുന്ന ഹിബ നാസറിന്‍റെ ചിത്രം കശ്മീരിന്‍റെ മാനസികാവസ്ഥയുടെ പ്രതീകമാണ്. ഇന്ത്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ മുറിയിൽ പുക നിറഞ്ഞു വരാന്തയിലേക്ക് മാറി നിന്നപ്പോൾ കണ്ണിൽ പെല്ലറ്റ് കൊണ്ട് കാഴ്ച തന്നെ ഏതാണ്ട് നഷ്ടമായ 18 മാസം പ്രായമുള്ള പെൺകുഞ്ഞാണ് ഹിബ നാസർ. കശ്മീരി ഫോട്ടോ ജേണലിസ്റ്റായ കമ്രാൻ യുസഫ് ആണ് കശ്മീരിനെ പ്രതീകവത്കരിക്കുന്ന ഹൃദയഭേദക ചിത്രം പകർത്തിയത്. “ഇന്നെടുത്ത ചിത്രമാണിത്. ഹിബയുടെ സഹോദരന്റെ കയ്യിലുള്ളത് എന്റെ ക്യാമറയാണ്. ഇതുപോലുളള ഇരുപതോളം ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ഒരു അസെെൻമെന്റിന്റെ ഭാഗമായി എടുത്ത ഫോട്ടോകളാണ്. ക്യാമറ മുന്നിൽ കണ്ടപ്പോൾ ഹിബ അസ്വസ്ഥയാകുകയും ഞെട്ടുകയും ചെയ്യുന്നുണ്ടായിരുന്നു. സഹോദരൻ ക്യാമറ അവൾക്ക് നേരെ തിരിച്ചപ്പോൾ രണ്ട് ചെവികളും പൊത്തി ഇരിക്കുകയാണ് ഹിബ ചെയ്തത്.” കമ്രാൻ യൂസഫ് കീബോഡ് ജേണലിനോട് പറഞ്ഞു.
കശ്മീരിലെ ഷോപിയാനിൽ കപ്രാൻ ഗ്രാമത്തിലെ വീട്ടിലായിരുന്നപ്പോഴാണ് നവംബർ 23ന് ഹിബയുടെ കണ്ണിൽ പെല്ലറ്റ് കൊണ്ടത്. ഹിബയുടെ കണ്ണിൽ പെല്ലറ്റ് കൊണ്ട സംഭനത്തെപ്പറ്റി ഹിബയുടെ മാതാവ് മുർസല ജാൻ പറഞ്ഞത് ഇങ്ങനെ ‘ടിയർ ഗ്യാസ് ഉണ്ടായിരുന്നു, കുട്ടികൾ ശ്വാസംമുട്ടി ഛർദ്ദിക്കാൻ തുടങ്ങി. ശ്വാസം മുട്ടിയത് കാരണം ഞാൻ കുട്ടികളെ വരാന്തയിലേക്ക് കൊണ്ടുപോയി, വരാന്തയിൽ നിൽക്കുമ്പോഴാണ് ഹിബയുടെ കണ്ണിൽ പെല്ലറ്റ് കൊണ്ടത്. എന്റെ മകനെ ഞാൻ തള്ളി താഴെയിട്ടു. ഹിബയുടെ മുഖം കെെകൾ കൊണ്ട് മറച്ചുപിടിക്കാൻ ശ്രമിച്ചു, പക്ഷേ അപ്പോഴേക്കും അവളുടെ മുഖത്തേക്ക് പെല്ലറ്റ് വന്ന് തറച്ചിരുന്നു. ഉടനെ ഞാൻ പുറത്തിറങ്ങി നിലവിളിച്ചു. ഒരു കൂട്ടം ആൺകുട്ടികൾ റോഡിലുണ്ടായിരുന്നു അവരാണ് ഹിബയെ ആശുപത്രിയിൽ കൊണ്ടുപോയത്. അവർ ബെെക്കിലാണ് ഹിബയെ കൊണ്ടുപോയത്. പിന്നീട് ശ്രീനഗറിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി’.
ഇപ്പോൾ വേദന കാരണം കണ്ണിൽ തൊട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഹിബ. കണ്ണിൽ പൊടി കയറിയാൽ അണുബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ വീടിന് പുറത്തേക്കൊന്നും കളിക്കാൻ പോകാതെ ഹിബയെ സംരക്ഷിച്ചു നിൽക്കുകയാണ് മാതാവ് മുർസലാ ജാൻ. ഹിബയുടെ വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.