നടപ്പന്തല്‍ വരെയെങ്കിലും നിയമം പരിപാലിച്ച ഐജി ശ്രീജിത്താണ് ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ചത്
ഐജി ശ്രീജിത് സംഘപരിവാർ നാടകത്തിലെ കഥാപാത്രമാണ് എന്ന ഗൂഢാലോചനാ സിദ്ധാന്തമൊക്കെ മാറ്റി വച്ച് ആലോചിക്കാം. ഒരു പൊലീസുദ്യോഗസ്ഥനെന്ന നിലയ്ക്ക് അയാൾ പ്രതിനിധാനം ചെയ്യുന്ന നിയമവ്യവസ്ഥയെ വസ്തുനിഷ്ഠമായി നടപ്പാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ അയാളെ അതിഗംഭീരനായ പൊലീസ് ഉദ്യോഗസ്ഥനായി ചരിത്രം വിലയിരുത്തും. വിധി നടപ്പാക്കാൻ സർക്കാരും അതിന്‍റെ സംവിധാനങ്ങളും പ്രതിജ്ഞാ ബദ്ധമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് ആവർത്തിച്ച് നൽകിയ ഉറപ്പ് നിയമനിർവ്വഹണ ചുമതലയുള്ള ഒരാളെന്ന നിലയ്ക്ക് നടപ്പാക്കിയ ഉദ്യോഗസ്ഥനാണ് ശ്രീജിത്. കാരണം രഹ്ന ഫാത്തിമ, കവിത ജക്കാൾ എന്ന രണ്ട് സ്ത്രീകൾ , സുപ്രീം കോടതി പുറപ്പെടുവിച്ച വിധി തുറന്നു തന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് ശബരിമലയ്ക്ക് പോവാൻ തീരുമാനിക്കുന്നു. അവരുടെ ജാതിയോ മതമോ നോക്കാതെ അവർക്ക് ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം വിനിയോഗിക്കാനുള്ള അവസരം ഒരുക്കുമെന്ന് ഐജി ഉറപ്പു നൽകുന്നു. അവർക്ക് കവചം തീർത്ത് കുത്തനെയുള്ള ആ അഞ്ചു കിലോമീറ്റർ നടന്നു കയറുന്നു.
നടപ്പന്തൽ വരെ അവരെ അയാളും സംഘവും എത്തിക്കുന്നു. 100 മീറ്റർ അപ്പുറത്താണ് അയ്യപ്പ ക്ഷേത്രം. അവിടെ വച്ച് സുപ്രീംകോടതി ഉത്തരവ് മാത്രം നടപ്പാക്കാൻ ബാധ്യതയുള്ള സർക്കാരിലെ അംഗമായ മന്ത്രി ഐജിയെ ഫോണിൽ വിളിക്കുന്നു. ഐജിയുടെ ഫോണിൽ കിട്ടാത്തതു കൊണ്ട് മറ്റൊരു ഫോണിൽ വിളിക്കുന്നു. അവിടെ നിന്നാണ് ആ സ്ത്രീകളുടെ മടക്കയാത്ര ആരംഭിക്കുന്നത്. ഐജിയെ മന്ത്രി ശകാരിച്ചിട്ടുണ്ട് എന്ന് വ്യക്തം. സംഭവത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ സ്ത്രീകളെ സംരക്ഷിച്ചു കൊണ്ടുപോയ പൊലീസ് നടപടിയോടുള്ള അതൃപ്തി മന്ത്രി മറച്ചു വെച്ചില്ല. വരുന്നവരുടെ പശ്ചാത്തലം അന്വേഷിക്കണമായിരുന്നു എന്ന പിന്തിരിപ്പന്‍ നിലപാടും മന്ത്രി തുറന്നു പറഞ്ഞു. സര്‍ക്കാര്‍ സംരക്ഷണം നല്‍കേണ്ടത് വിശ്വാസികള്‍ക്കാണെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള മറുപടിയാണ് രഹ്ന ഫാത്തിമ തിരികെ എത്തിയ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് നല്‍കിയ മറുപടികളിലുള്ളത്. വിശ്വാസികളെ ഒന്ന് നിര്‍വ്വചിക്കാമോ എന്ന്.
സ്ത്രീകൾ എത്തിയാൽ അമ്പലം പൂട്ടുമെന്ന് തന്ത്രിയുടെ നിലപാട് ദേവസ്വം മന്ത്രിയുടെ പക്കൽ എത്തിയതിനു ശേഷമാണ് ഐജി ശ്രീജിത്തിന് മന്ത്രിയുടെ വിളിയെന്ന് വ്യക്തമാണ്. യഥാര്‍ത്ഥത്തില്‍ അമ്പലം അടച്ചിട്ടുപോവാൻ നിയമ പ്രകാരം തന്ത്രിക്ക് കഴിയില്ല. അതിലുമപ്പുറം തന്ത്രിയുടെയും പരികർമ്മികളുടെയും നിലപാട് കോടതിയലക്ഷ്യമാണ്. ലിംഗനീതിയും മൗലികാവകാശവും ഉറപ്പുവരുത്തുന്ന നിയമം നടപ്പാക്കിയ ഉദ്യോഗസ്ഥൻ ജനാധിപത്യ സംവിധാനത്തിന്റെ ശകാരം വാങ്ങി മടങ്ങുമ്പോൾ നിയമം ലംഘിച്ച സങ്കുചിത നിലപാട് വിജയിച്ചു. രഹ്നയെയും കവിതയെയും തിരിച്ചിറക്കിയ ശേഷം ശ്രീജിത് ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐയ്ക്ക് നൽകിയ ബൈറ്റിൽ പറഞ്ഞ ഒരു വാചകമുണ്ട്. ഇറ്റ്സ് എ റിച്വലിസ്റ്റിക് ഡിസാസ്റ്റർ! കടകംപള്ളിയ്ക്ക് അതിന്റെ അർത്ഥം മനസിലാവാൻ വഴിയില്ല.