‘പൗരത്വ ഭേദ​ഗതി നിയമം കൊണ്ടു വരുന്നത് തദ്ദേശീയ ജനതയെ മായ്ച്ചു കളയാൻ’-അഭിമുഖം അഖു ചിങാങ്ബം

By on

പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ ‘Stand United Against CAB’ എന്ന പാട്ടിൽ ഇംഫാൽ ടാക്കീസിന്റെ അഖു ചിങാങ്ബം എഴുതിയത് ഹിന്ദുത്വത്തിന് ഇവിടെ ഇടമില്ല എന്നാണ്.

“നിങ്ങളുടെ അതിക്രമങ്ങൾക്ക് നന്ദി, അത് ഞങ്ങളെ കൂടുതൽ ഒന്നിപ്പിക്കുന്നു-

നിങ്ങളുടെ ബിജെപിക്കെതിരെ, നിങ്ങളുടെ പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ

നിങ്ങളുടെ സർക്കാരിനെതിരെ, നിങ്ങളുടെ പ്രചാരവേലയ്ക്കെതിരെ,

നിങ്ങൾക്ക് വേണ്ടത് ഞങ്ങളെയല്ല, ഞങ്ങളുടെ ഭൂമിയാണ്.

അടിച്ചമർത്തലാണ് നിങ്ങളുടെ സംസ്കാരം.” എന്ന്.

പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ വ്യക്തമാക്കുന്നത് ബിജെപി സർക്കാരിന് അത്ര എളുപ്പത്തിൽ മായ്ച്ച് കളയാൻ പറ്റുന്നതല്ല അവിടെ നടക്കുന്ന സ്വാതന്ത്ര്യ സമരങ്ങളും പ്രക്ഷോഭങ്ങളും എന്നാണ്. പുതിയ ചരിത്രവും കെട്ടുകഥകളും അത്ര എളുപ്പം ഉണ്ടാക്കാൻ കഴിയില്ല.

പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളെക്കുറിച്ച് അഖു ചിങാങ്ബം കീബോർഡ് ജേണലിനോട് സംസാരിക്കുന്നു.

പൗരത്വ ഭേദ​ഗതി ബിൽ ലോക്സഭയിൽ പാസാക്കിയപ്പോൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭങ്ങളുണ്ടായി. ബില്ലിന്റെ പേരിൽ അതുവരെയുണ്ടായിരുന്ന പ്രതിഷേധത്തേക്കാൾ ശക്തമാണ് ഇവ. ബിൽ പാസാക്കിയപ്പോൾ ഈ ബിൽ മുഴുവൻ രാജ്യത്തിനും ബാധകമായിരിക്കും എന്നാണ് ഞങ്ങൾ മനസ്സിലാക്കിയത്. ഈ ബിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മാത്രം ബാധിക്കുന്നതാണ് എന്ന വസ്തുത അവർ മറച്ചുപിടിച്ചു. സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ ഈ സമീപനത്തോട് എങ്ങനെ പ്രതികരിക്കുന്നു?

മണിപ്പൂരിന്റെ മാത്രമല്ല, മുഴുവൻ നോർത് ഈസ്റ്റിന്റെ ചരിത്രം പരിശോധിച്ചാൽ മതി, എനിക്ക് തോന്നുന്നത് ഇന്ത്യ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഈ മുഴുവൻ പ്രദേശത്തെയും ഇന്ത്യയിലേക്ക് കൂട്ടിച്ചേർക്കാനാണ്. ഇന്ത്യ എന്ന ആശയത്തിലേക്ക്, ഭൂരിഭാ​ഗവും ഹിന്ദി സംസാരിക്കുന്ന ഇന്ത്യയിലേക്ക് കൂട്ടിച്ചേർക്കാനാണ്.  പൗരത്വ ഭേദ​ഗതി ബിൽ ഇന്ത്യ ഉപയോ​ഗിക്കുന്ന ഒരു തന്ത്രമാണ്, ഈ ബിൽ പാസാക്കി നിയമമുണ്ടാക്കാൻ കഴിഞ്ഞാൽ ഉത്തർപ്രദേശോ ബിഹാറോ അല്ലെങ്കിൽ മറ്റേതെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനമോ പോലെയാക്കി മാറ്റി വടക്കുകിഴക്കൻ സംസ്ഥാനത്തെ നോക്കാൻ അവർക്ക് അവസരം കിട്ടും. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തന്നെ വെെവിധ്യത്തിന്റെതാണ്. മണിപ്പൂരിൽ തന്നെ പല സമുദായങ്ങളുണ്ട്, പല തലങ്ങളിലുള്ള ​ഗോത്രപരമായ സംഘർഷങ്ങൾ ഇവിടെയും ഉണ്ട്. പക്ഷേ ഇത്തവണ നമ്മളെല്ലാം ഒന്നിച്ച് നിൽക്കുകയാണ് കാരണം ഈ ബിൽ പാസാക്കിയാൽ മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയും ജനസംഖ്യാഘടനയെത്തന്നെ അത് മാറ്റും.

പൗരത്വ ഭേദ​ഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇംഫാലിൽ ഇന്ന് സ്ത്രീകളുടെ ധർണ-Photo-Akhu Chingangbam

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ അഭയാർത്ഥികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിലൂടെ ഇന്ത്യയിലെ മുൻകാല അന്തേവാസികളായിരുന്നവരെ തിരിച്ചുവിളിക്കുക കൂടിയല്ലേ ചെയ്യുന്നത്?

അതെ. പക്ഷേ എന്തുകൊണ്ട് നോർത്ത് ഈസ്റ്റിൽ മാത്രം? ഇന്ത്യ അത്രയും വിശാലഹൃദയമായ രാജ്യമാണെങ്കിൽ എന്തുകൊണ്ട് അവരെ രാജ്യത്ത് എല്ലായിടത്തുമായി ഉൾക്കൊള്ളിച്ചുകൂടെ? അവർക്കത് ചെയ്യണമെന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവർക്ക് നോർത്ത് ഈസ്റ്റിലേക്ക് അന്യരാജ്യക്കാരെ കൊണ്ടുവരണം, എന്നിട്ട് നോർത്ത് ഈസ്റ്റിനെ ഇന്ത്യ എന്ന യഥാർത്ഥ അർത്ഥത്തിലേക്ക് കൊണ്ടുവരണം. സ്വയം നിർണയാവകാശത്തിന് വേണ്ടിയുള്ള സായുധസമരങ്ങളുടെ ചരിത്രമാണ് നോർത്ത് ഈസ്റ്റിന്റേത്. ഈ മുന്നേറ്റങ്ങൾ ഇപ്പോഴും തുടരുന്നവയുമാണ്.തദ്ദേശീയ ജനതയുടെ സമരങ്ങളുടെ അടയാളങ്ങളും ഓർമ്മകളും സാന്നിധ്യവും മായ്ച്ചുകളയാനാണ് അവർ നോർത്ത് ഈസ്റ്റിലേക്ക് ഈ ബിൽ കൊണ്ടുവരുന്നത്. ഈ ബിൽ പാസാക്കിയാൽ നമ്മളെല്ലാവരും സ്വന്തം മണ്ണിൽ മാറ്റിനിർത്തപ്പെട്ടവരാകും.

താംഗ്മെയിബന്ദില്‍ റിലേ നിരാഹാര സമരം-Photo-Akhu Chingangbam

അസമിൽ നാലു ലക്ഷത്തോളം പേർക്ക് പൗരത്വം നിഷേധിച്ച ശേഷം അവരിൽ പലരെയും ഫോറിനേഴ്സ് ട്രിബ്യൂണൽ തടവിലാക്കിയിരിക്കുകയാണ്. എന്നാൽ ഇതേപ്പറ്റി മതിയായ വാർത്തകളും വിവരങ്ങളുമൊന്നും പുറത്തുവരുന്നില്ല. ഇതൊന്നും റിപ്പോർട്ട് ചെയ്യാത്തതിനെപ്പറ്റി എന്താണ് പറയാനുള്ളത്?

ഇന്ത്യയിൽ ഇപ്പോൾ ഈ മാധ്യമസ്ഥാപനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് ബിജെപി സർക്കാർ ആണ്. മുഖ്യധാരാ മാധ്യമങ്ങൾ എന്ത് റിപ്പോർട്ട് ചെയ്യണം എന്ത് റിപ്പോർട്ട് ചെയ്യരുത് എന്നൊക്കെ തീരുമാനിക്കപ്പെടുകയാണ്.

 

ഇന്ത്യൻ ഭരണകൂടത്തിന്റെ നയതന്ത്ര നീക്കങ്ങൾക്കെതിരെ, സെെന്യത്തിന് പ്രത്യേകാധികാരം നൽകുന്ന അഫ്സ്പ എന്ന നിയമത്തിനെതിരെ, വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെ എല്ലാം ശക്തമായ ഭാഷയിൽ സംസാരിക്കുന്നുണ്ട് ഇംഫാൽ ടാക്കീസ്. ഇപ്പോഴവർ എൻഎസ്എ (ദേശീയ സുരക്ഷാ നിയമം), രാജ്യദ്രോഹക്കുറ്റം തുടങ്ങിയ നിയമങ്ങൾ കൊണ്ട് എതിർശബ്ദങ്ങളെ നേരിടുകയാണ്. ഇത്തരം ഏകാധിപത്യ തീരുമാനങ്ങളോട് എതിർപ്പറിയിക്കുന്ന ഏതൊരാൾക്കും നോർത്ത് ഈസ്റ്റിൽ നിന്ന് ലോകത്തോട് സംവദിക്കൽ എത്രത്തോളം പ്രയാസകരമാണ്?

ഈ കാലഘട്ടത്തിൽ എന്നെപ്പോലൊരു വ്യക്തിക്ക് എന്തെങ്കിലും പറയണമെങ്കിൽ ട്വിറ്ററും ഫെയ്സ്ബുക്കും അങ്ങനെ സാധ്യമായ എല്ലാ സാമൂഹ്യ മാധ്യമ ഉപാധികളും ഉപയോ​ഗപ്പെടുത്തുകയാണ് ചെയ്യുക. ഞാൻ എഴുതുക മാത്രം ചെയ്യുകയാണെങ്കിൽ എന്റെ സുഹൃത്തുക്കൾ മാത്രമേ അത് കാണൂ. പാട്ടിലൂടെയാകുമ്പോൾ അത് ലോകം മുഴുവൻ കാണും. പത്തുവർഷത്തിലേറെയായി ‍ഞാനിത് ചെയ്യുന്നു. പാട്ടിലൂടെ പ്രതിഷേധിക്കൽ. പക്ഷേ ഈ ബിൽ നമ്മളെ കൊണ്ടെത്തിച്ചിരിക്കുന്ന ഒരു പ്രശ്നസന്ധിയിലാണ്. ഇതെല്ലാം പരസ്പര ബന്ധിതമാണ് എന്നെനിക്ക് തോന്നുന്നു, ഈ അടിച്ചമർത്തലും കോളനിവൽക്കരണവും ബില്ലും. എണ്ണമില്ലാത്തത്രയും മണിപ്പൂരികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്, നിഷ്കളങ്കരായ മനുഷ്യർ.

ഇപ്പോഴവർ മാധ്യമപ്രവർത്തകനായ കിഷോർചന്ദ്ര വാങ്ഖെംചായെ പോലുള്ളവരെ നിശ്ശബ്ദരാക്കുകയാണ്. കിഷോർചന്ദ്ര തടവിലാക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ വിദേശികളെ എന്റെ മണ്ണിലേക്ക് കൊണ്ടുവരാൻ ഇങ്ങനെയൊരു ബിൽ പാസാക്കാൻ നോക്കുകയാണ് അവർ. ആദ്യം അവർ നമ്മളെ കൊല്ലും, പിന്നീട് ബാക്കിയാകുന്നവരെ നിശ്ശബ്ദരാക്കും, അതുകഴിഞ്ഞ് നമ്മുടെ മണ്ണിലേക്ക് വിദേശികളെ ക്ഷണിക്കും. അങ്ങനെയാണ് അവർ സമുദായങ്ങളെ പൂർണമായും തുടച്ചുകളയുന്നത്. അങ്ങനെയാണ് ഞാനീ പ്രത്യേക സാഹചര്യത്തെ മനസ്സിലാക്കുന്നത്.

ഝാനന്‍സി റാണി വാര്‍ഷികത്തെ വിമര്‍ശച്ചതിന് ദേശീയ സുരക്ഷാ നിയ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ -കിഷോരെചന്ദ്ര വാംഖെംച

ഇന്ത്യൻ യൂണിയനിൽ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന നിരവധി ദേശീയതകളുണ്ട്, കശ്മീരും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളും ഇന്ത്യയിൽ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ശക്തമായി ശബ്ദമുയർത്തുന്നുണ്ട്. ഭരണകൂടത്തിന്റെ നിയമനിർമാണ താൽപര്യങ്ങളും നയതന്ത്ര രൂപീകരണവും എപ്പോഴും ഇത്തരം ദേശീയതകൾക്ക് എതിരാണ്. പൗരത്വ ഭേദ​ഗതി ബില്ലിന്റെ കാര്യത്തിൽ സംഭവിച്ചത് പോലെ ചില പ്രശ്നസന്ധികൾക്ക് ഇത്തരം മുന്നേറ്റങ്ങളെ ഒന്നുകൂടി ഉറപ്പുള്ളതാക്കും, പാട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ. ഇപ്പോൾ മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നത്?

അത് സത്യമാണ്. ഇന്നലെ ജനങ്ങൾ റോഡുകൾ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ജനങ്ങൾ വളരെ ജാ​ഗരൂകരാണ്. കൂടുതൽ സമരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.


Read More Related Articles