ആനന്ദ് തെൽതുംദെയെ ജയിലിൽ അടയ്ക്കാനുള്ള നടപടിയ്ക്കെതിരെ പ്രതിഷേധിച്ച് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

By on

മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ആനന്ദ് തെൽതുംദെയ്ക്കെതിരായ മഹാരാഷ്ട്ര പൊലീസിന്റെ നടപടി അദ്ദേഹത്തെ തുറുങ്കിലടയ്ക്കാനുള്ള ഹീനമായ നീക്കമാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. ആനന്ദ് തെൽതുംദേയെ കള്ള കേസ് ചുമത്തി തുറുങ്കിലടക്കാനുള്ള ജനാധിപത്യവിരുദ്ധവും ഹീനവുമായ നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ജനകീയ മനുഷ്യാവകാശ പ്രസഥാനം വാർത്താക്കുറിപ്പിൽ പറയുന്നു. ”പൂനെ പോലീസ് അദ്ദേഹത്തിനെതിരെ ചുമത്തിയ വ്യാജ എഫ്ഐആർ റദ്ദാക്കണമെന്ന ന്യായമായതും നീതിപൂർവ്വവുമായ അദ്ദേഹത്തിന്റെ ആവശ്യം സുപ്രിം കോടതി ഈ ജനു.14 ന് തള്ളിയിരുന്നു. ഇത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്. ബോംബെ കീഴ്ക്കോടതിയിൽ ജാമ്യത്തിന് വേണ്ടി സമീപിക്കാൻ അദ്ദേഹത്തിന് നാല് ആഴ്ചത്തെ സമയം അനുവദിച്ചിരിക്കുന്നു. എന്നാൽ ഈ കേസിൽ പ്രതിചേർക്കപ്പെട്ട മറ്റുള്ളവരോടു കോടതി എടുത്ത സമീപനം പരിശോധിച്ചാൽ ഇതിൽ ആശാവഹകമായി ഒന്നും കാണാനാവില്ല.അത് കൊണ്ട് തന്നെ രാജ്യവ്യാപകമായി അതിശക്തമായ പ്രതിഷേധം ഉയർന്ന് വരേണ്ടത് ഇത്തരം അന്യായ അറസ്റ്റുകൾക്കെതിരെ അനിവാര്യമായിരിക്കുന്നു”.

അപ്രഖ്യാപിത അടിയന്തിരാവസ്ഥക്ക് സാഹചര്യമൊരുക്കുന്ന, തീവ്രമായ സൈനികവത്ക്കരണം സാധ്യമാക്കുന്ന യുഎപിഎ നിയമം ജനാധിപത്യ പരമായ സാമൂഹ്യ സാഹചര്യത്തെ അങ്ങേയറ്റം അപകടപ്പെടുത്തുന്നതാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പറയുന്നു. ആദിവാസി -ദളിത് ജനവിഭാഗങ്ങളെ അവരുടെ അതിജീവന സമരങ്ങളെ മുസ്ലിം ജനവിഭാഗങ്ങളെ ഒക്കെ വേട്ടയാടാൻ ഭരണകൂടത്തിന്റെ കയ്യിലെ ഫലപ്രദമായ ആയുധമായി മാറിയിരിക്കുന്ന ഈ നിയമം ഇന്ന് എഴുത്തുകാർ, ബുദ്ധിജീവികൾ, വക്കീലന്മാർ , കവികൾ, തൊഴിലാളി,സ്ത്രീ, മനുഷ്യാവകാശ രംഗത്തെ യടക്കം പ്രവർത്തകരെ വേട്ടയാടാനും മോഡി സർക്കാർ ഉപയോഗിക്കുകയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

”ഭീമ കൊറേഗാവില്‍ 1818ല്‍ നടന്ന ആംഗ്ലോ- മറാത്ത യുദ്ധത്തിന്റെ 200ാം വാര്‍ഷികം ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയവും ജാതീയവുമായ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്താനുള്ള സന്ദര്‍ഭമാക്കി മാറ്റണമെന്ന ആശയം മുന്നോട്ടുവെച്ച് ,അത്തരമൊരു വിപുലവും പ്രസക്തവുമായ അനുസ്മരണം സംഘടിപ്പിച്ചത് എൽ ഗാർ പരിഷത്ത് എന്ന പൊതുവേദിയാണ്. സാമൂഹ്യ ജീവിതത്തിന്റെ പല നിലയിലുള്ളവർ പങ്കാളിയായ ഈ ബഹുജന വേദിയുടെ പ്രധാന സംഘാടകർ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി ബി സാവന്തും ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീലുമായിരുന്നു. മറാത്താ ജനതയേയും ദളിതരേയും ഐക്യപ്പെടുത്തിയ ഭീ മാകോറോകോവ് അനുസ്മരണം നടന്ന 2017 ജനുവരിയിൽ പൂനെയിൽ വ്യാപകമായി ആക്രമണം അഴിച്ച് വിട്ടത് മിലിന്ദ് എക്ബോടെ, സാബാജി ബീഡെ തുടങ്ങിയ സംഘപരിവാർ നേതാക്കളുടെ നേതൃത്വത്തിൽ എത്തിയ ആൾകൂട്ടമാണ്. ഇത്തരം വസ്തുകളെ തീർത്തും മറച്ച് പിടിച്ച് അന്നത്തെ അക്രമത്തിന്റെ ഭാഗമായ ഹിന്ദുത്വ പ്രവർത്തകർ ജനുവരി 8 ന് നൽകിയ ആസൂത്രിതമായി തയ്യാറാക്കിയ കള്ള പരാതിയിൽ പോലീസ്‌ കേസെടുക്കുകയും പലരേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എൽഗാർ പരിഷത്തിന് മാവോയിസ്റ്റുകൾ ഫണ്ട് നൽകി എന്ന് മാത്രമല്ല പ്രധാനമന്ത്രി മോദിയെ രാജീവ് ഗാന്ധി മോഡലിൽ വധിക്കാൻ മാവോയിസ്റ്റുകൾ ശ്രമിച്ചെന്നും അതിന് അർബൻ മാവോവാദികളായ ആനന്ദ് അടക്കമുള്ളവരെ ചുമതലപ്പെടുത്തപ്പെടുത്തി എന്ന നീചമായ നുണയാണ് പൂനാ പോലീസ് അറസ്റ്റുകൾക്കും വേട്ടയാടലിനും വേണ്ടി പടച്ച് വിട്ടിരിക്കുന്നത്.
സുരേന്ദ്ര ഗാഡ്ലിങ്,സുധാ ഭരദ്വാജ് മുതൽ വര വരറാവുവരെ പലരും മാസങ്ങൾക്ക് മുൻപ് ഇതേ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു.അന്ന് തന്നെ പോലീസിന്റെ നുണകൾ പലതും ബഹുജനമധ്യത്തിൽ റൊമീലാ ഥാപ്പർ അടക്കമുള്ള പലരും തുറന്ന് കാട്ടിയതാണ്. മോദിയെ വധിക്കാനെത്തിയവരെന്ന് ആരോപിച്ച് പലരേയും ഗുജ്റാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടൽ കഥ പറഞ്ഞ് വധിച്ച ഭീകരമായ വസ്തുതകൾ ഇന്ന് പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. എന്നിട്ടും ഇതേ വ്യാജ കുറ്റം ചുമത്തി ആനന്ദ് തെൽതുംദെയെ വേട്ടയാടാൻ അധികാരികൾക്ക് സാധ്യമാവുന്നത് എന്ത് കൊണ്ട് എന്ന ചോദ്യം നാമുയർത്തണം. യു. എ. പി എ എന്ന ഭീകര നിയമത്തിന്റെ യാർത്ഥ ചിത്രമാണവിടെ അനാവരണം ചെയ്യപ്പെടുക.

ദരിദ്രമായ ദളിത് കുടുംബത്തിൽ ജനിച്ച് കൂലിപ്പണിയിലൂടെ മിച്ചം വെച്ച പണം ഉപയോഗിച്ച് പഠിച്ച് അഹമ്മദാബാദ് ഐഐറ്റി, ഐഐഎംഎ പ്രൊഫസർ, ബിപിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ സ്ഥാനങ്ങളിലെത്തിയ, ജാതിയെയും വർഗത്തെയും കുറിച്ചും സാമൂഹ്യ പരിതസ്ഥിതികളെ കുറിച്ചും എല്ലാം പഠനം നടത്തി 29 ഓളം പുസ്തകങ്ങൾ എഴുതിയ വലിയ അംഗീകാരമുള്ള ആനന്ദ് പോലും വേട്ടയാടപ്പെടുന്നു എന്നത് ചെറിയ കാര്യമല്ല. ദളിതരെ വ്യാപകമായി ഹിന്ദുത്വ രാഷ്ട്രീയത്തിന് കീഴിൽ അണിനിരത്തുക എന്ന RSS പദ്ധതി പ്രശസ്തമാണ്. കൂടുതൽ കൃത്യതയോടെ കരുതലോടെ അംബേദ്ക്കർ പ്രതിമകൾ തകർക്കുക,ദളിത് ബുദ്ധിജീവികളെ ഉപയോഗിച്ച് അംബേദ്കർക്കെതിരെ എഴുത്തുകളും പ്രചരണങ്ങളും സംഘടിപ്പിക്കുകയും ചെയ്യുക അതോടൊപ്പം ഹിന്ദുത്വ പക്ഷത്തുള്ള ഒരു അംബേദ്ക്കറെ നിർമ്മിക്കുക ഇതെല്ലാം വർഷങ്ങളായി സംഘപരിവാർ നടത്തി കൊണ്ടിരിക്കുന്ന നീക്കമാണ്.ഈ നീക്കങ്ങൾക്ക് അവർ നേരിട്ട ഏറ്റവും വലിയ സൈദ്ധാന്തിക വെല്ലുവിളി റാഡിക്കലായ അംബേദ്ക്കറെ വീണ്ടെടുക്കാൻ പൊരുതിയ പാർശ്വവത്കൃതർക്കൊപ്പം ധീരമായി നിലകൊണ്ട ചിന്തകൻ ആനന്ദ് തെല്തുംദെ ആയിരുന്നു.ഇത് തന്നെ ആണ് അദ്ദേഹത്തെ വേട്ടയാടുന്നതിന്റെ പ്രധാന കാരണം. അത് കൊണ്ട് തന്നെ ആനന്ദ് തെൽ ദുംതയെ അറസ്റ്റാൻ ചെയ്യാനുള്ള നീക്കത്തെ പ്രതിരോധിക്കാൻഎല്ലാ ജനാധിപത്യ വാദികളും രംഗത്തിറങ്ങണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു”


Read More Related Articles