‘അതെ ഇത് തൊപ്പിക്കാരുടെയും ബുർഖക്കാരുടെയും പ്രക്ഷോഭമാണ്, കൂടെ നിൽക്കാൻ നിങ്ങളുണ്ടോ?’ ഇടത് പക്ഷത്തോട് കണ്ണൻ ഗോപിനാഥൻ ഐഎഎസ്
പൗരത്വ ഭേദഗതി ബില്ലിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരായി മുസ്ലിങ്ങൾ നടത്തുന്ന പ്രക്ഷോഭത്തിൽ അണി നിരക്കാൻ ഇടത് പക്ഷവും ലിബറലുകളും തയ്യാറുണ്ടോ എന്ന രാഷ്ട്രീയ പ്രസക്തമായ ചോദ്യം ഉന്നയിച്ച് കശ്മീർ വിഷയത്തിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽ നിന്നും രാജിവച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. മുസ്ലിങ്ങൾ നടത്തുന്ന പ്രക്ഷോഭത്തിൽ മുസ്ലിമല്ലാതെ നിലകൊള്ളാൻ തയ്യാറുണ്ടോ എന്ന് കണ്ണൻ ഗോപിനാഥൻ റ്റ്വീറ്റിൽ ചോദിച്ചു. അപ്പോഴാണ് അവരിൽ ഒരാളായി അവർക്കൊപ്പം നിൽക്കുന്നു എന്ന് പറയാനാവുകയുള്ളൂ എന്നും ചോദ്യം വലതുപക്ഷത്തോടല്ല ഇടത് പക്ഷത്തോടാണെന്നും കണ്ണൻ ഗോപിനാഥൻ പറയുന്നു.
”അതെ ഇത് തൊപ്പികളുടെയും ബുർഖകളുടെയും പ്രതിഷേധമാണ്! അത് എല്ലായ്പോഴും അങ്ങനെ തന്നെ ആവുമായിരുന്നു. തൊപ്പിക്കാരുടെയും ബുർഖക്കാരുടെയും ആ ആൾക്കൂട്ടത്തിൽ തൊപ്പിയില്ലാത്ത ബുർഖയില്ലാത്ത ആളാവാൻ നിങ്ങൾ തയ്യാറാണോ എന്നതാണ് ചോദ്യം. അതിനെയാണ് അവരിൽ ഒരാളായി അവർക്കൊപ്പം നിൽക്കുക എന്ന് പറയുന്നത്. ആ പരീക്ഷ വലതുപക്ഷത്തിനുള്ളതല്ല. പക്ഷേ ഇടത് പക്ഷത്തിനും ലിബറലുകൾക്കുമുള്ളതാണ്”. കണ്ണന്‍ ഗോപിനാഥന്‍ റ്റ്വീറ്റ് ചെയ്തു.
മുസ്ലിങ്ങളെ വംശീയമായി ലക്ഷ്യം വച്ചുകൊണ്ട് രാജ്യവ്യാപകമായി ബിജെപി സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന സിഎബിയ്ക്ക് എതിരെ മുംബൈയിൽ പ്രക്ഷോഭം നടത്തിയ കണ്ണൻ ഗോപിനാഥനെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. സിഎബിയ്ക്കും എൻ ആർ സിയ്ക്കും എതിരെ തെരുവിലിറങ്ങാനും കണ്ണൻ ഗോപിനാഥൻ ആഹ്വാനം ചെയ്തിരുന്നു.