‘കശ്മീരിൽ ഹിതപരിശോധന നടത്തണം, അത് മാത്രമാണ് പരിഹാരം’; അലിഗഢ് സര്‍വ്വകലാശാലയിലെ കശ്മീരി വിദ്യാര്‍ത്ഥി സംസാരിക്കുന്നു
ആർട്ടിക്കിൾ 370 റദ്ദാക്കപ്പെട്ടതിന് ശേഷം ഇന്ത്യയിലെയും ഇന്ത്യക്ക് പുറത്തുമുള്ള കശ്മീരി വിദ്യാർത്ഥി സമൂഹം നിരവധി പ്രശ്നങ്ങൾ നേരിടുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് അതിൽ ഏറ്റവും ഗുരുതരമായ പ്രശ്നം. ഇതിനു മുമ്പ് ഞങ്ങൾ ഇതുപോലൊരു പ്രശ്നം നേരിട്ടിട്ടില്ല. എല്ലാ മേഖലയിലുള്ള വിദ്യാർത്ഥികളും ഈ പ്രതിസന്ധിയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷിതാക്കളെ ആശ്രയിച്ച് പഠിക്കുന്ന ബിരുദ വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ഓഗസ്റ്റ് അഞ്ചിന് ശേഷം രക്ഷിതാക്കളുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളും ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഞങ്ങളുടെ കയ്യിൽ പണമില്ലാത്തതിനാൽ അവശ്യവസ്തുക്കൾ വാങ്ങാൻ പോലും കഴിയുന്നില്ല. കടമായി ഞങ്ങൾക്ക് സാധനങ്ങൾ തരാൻ കടയുടമകൾ പോലും തയ്യാറാകുന്നില്ല, ഞങ്ങളുടെ അസ്തിത്വം തന്നെയാണ് അതിന് കാരണം. ഒരു കശ്മീരി ആയിരിക്കുക എന്നാൽ എന്താണെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ. ഞങ്ങളാണ് എല്ലാ പീഡനങ്ങളും അനുഭവിക്കുന്നത്. മരണങ്ങൾക്ക് സാക്ഷികളാകുന്നത്. ഞങ്ങളുടെ അനുഭവങ്ങൾ പോലും അത്രയും വിലയില്ലാത്തവയാക്കപ്പെട്ടിരിക്കുകയാണ്. ആർക്കും ഞങ്ങളെക്കുറിച്ച് വേവലാതിയില്ല. വിദ്യാർത്ഥി സമൂഹത്തിൽ നിന്നും ഞങ്ങൾ അനുകൂല പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ഞങ്ങൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് മുഴുവൻ ഇന്ത്യൻ വിദ്യാർത്ഥി സമൂഹവും നിഷ്ക്രിയരായി തുടരുകയാണ്.
ഓഗസ്റ്റ് 5 കശ്മീരിനെ സംബന്ധിച്ച് ഏറ്റവും ഭയം നിറഞ്ഞ ദിവസമാണ്. എനിക്കോർമയുണ്ട്, ഞാൻ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ബസ്സിലെ ഒരു വൃദ്ധ പറഞ്ഞത്, ‘മോനെ, നമ്മളെ അവരിന്ന് കൊല്ലും’. നമ്മുടെ ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും വേദനയിലാണ്. നമ്മുടെ സാമൂഹ്യ സാമ്പത്തികാവസ്ഥകൾ ഓരോ ദിവസം കഴിയുംതോറും തകരുകയാണ്. കശ്മീരിന്‍റെ സമ്പദ്വ്യവസ്ഥയെയും എല്ലാത്തരം പുരോഗതികളെയും ഇല്ലാതാക്കുകയാണ് ഈ ഭരണകൂടത്തിന്‍റെ ലക്ഷ്യം. കശ്മീരികളോടുള്ള വിദ്വേഷം എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണ്. കശ്മീരിൽ എന്ത് സംഭവിച്ചാലും കശ്മീരിന് പുറത്ത് ജീവിക്കുന്ന വിദ്യാർത്ഥികളും വ്യാപാരികളുമാണ് അതിന്‍റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത്. പുൾവാമ ആക്രമണത്തിന് ശേഷം കശ്മീരികൾ ഇന്ത്യയിൽ എല്ലായിടത്തും ആക്രമണം നേരിട്ടു, നായ്ക്കൾക്ക് പ്രവേശിക്കാം കശ്മീരികൾക്ക് പ്രവേശനമില്ല എന്നെഴുതിയ പ്ലക്കാർഡ് പോലും പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ ഭീകരവാദികളായോ കല്ലേറുകാരായോ മുദ്രകുത്തപ്പെട്ടു. കശ്മീരി സമുദായമെന്ന നിലയിൽ ഞങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു.
ഞാൻ അലിഗഢിൽ തിരിച്ചെത്തിയോ എന്ന് എന്‍റെ ഉമ്മയ്ക്ക് അറിയില്ല. ഞാൻ സുരക്ഷിതനായി എത്തണേ എന്ന് അവർ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തു. ആശയ വിനിമയത്തിനുള്ള വഴികളില്ലാതെ ഞങ്ങൾ കടുത്ത പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കശ്മീരിൽ ഭൂമികുലുക്കം കൂടി വന്നപ്പോൾ പ്രശ്നങ്ങളുടെ തീവ്രത കൂടി. ഈയിടെ പൊളിറ്റിക്കൽ സയൻസിൽ ബിഎ ചെയ്യുന്ന ഒരു വിദ്യാർത്ഥി അവന്‍റെ രക്ഷിതാക്കൾക്ക് കത്തെഴുതി, അവരിൽ നിന്നും പെെസ ആവശ്യപ്പെട്ടുകൊണ്ടാണ് എഴുതിയത്. പക്ഷേ ഈ കത്ത് അവന്‍റെ വീട്ടിൽ എത്തുമോ എന്നുപോലും അവന് അറിയില്ല. ഞങ്ങളാണ് ജീവിക്കാൻ ബുദ്ധിമുട്ടുന്നത്, ഞങ്ങളുടെ കുടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്, ശീതീകരിച്ച മുറികളിൽ ഇരിക്കുന്നവരല്ല. ഞങ്ങളുടെ കശ്മീരിനോട് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഞങ്ങൾ ഞങ്ങളുടെ ജനതയ്ക്കൊപ്പമാണ്. പൂർണമായ ആശയവിനിമയ തടസ്സം നേരിടുന്നതോടെ ഞങ്ങൾക്ക് പറയാനുള്ളതെല്ലാം പറയാൻ പറ്റാതെ കിടക്കുകയാണ്. ഞങ്ങളുടെ പ്രശ്നങ്ങൾ രക്ഷിതാക്കളെ അറിയിക്കാനോ അവരുടെ ശബ്ദം കേൾക്കാനോ ഞങ്ങൾക്ക് കഴിയുന്നില്ല. യൂണിവേഴ്സിറ്റിയിലെ മറ്റ് വിദ്യാർത്ഥികളുടെ കാര്യമെടുത്താൽ, അവർ ഈ പ്രശ്നത്തെ ഗൗരവത്തിൽ സമീപിച്ചിട്ടില്ല എന്നാണ് പറയാനുള്ളത്. കശ്മീരി വിദ്യാർത്ഥികളെ കള്ളന്മാരെ നോക്കുന്നതുപോലെയാണ് അവർ നോക്കുന്നത്. കശ്മീരിലെ ഞങ്ങളുടെ സെെന്യത്തിന് നേരെ നിങ്ങളെന്തിനാണ് കല്ലെറിയുന്നത് എന്നൊക്കെയാണ് അവർ ഞങ്ങളെ കാണുമ്പോൾ പറയുന്നത്. കശ്മീരിൽ സംഭവിക്കുന്നതെല്ലാം നിരാകരിക്കുകയാണ് അവർ ചെയ്യുന്നത്. നമ്മൾക്ക് മാത്രമാണ് എന്താണ് സംഭവിക്കുന്നത് എന്നറിയുന്നത്.
രാത്രിയിൽ വീടിന് പുറത്ത് ചെറിയൊരു ശബ്ദം കേട്ടാൽ ഞങ്ങളുടെ ഹൃദയമിടിപ്പിന്‍റെ വേഗം കൂടും. ഞങ്ങളെ അറസ്റ്റ് ചെയ്യാൻ ആർമി ഞങ്ങളുടെ വീടിന് പരിസരത്ത് എത്തിയെന്നും ഞങ്ങളെ അവർ അവരുടെ വാഹനത്തിലേക്ക് വെെകാതെ തള്ളിയിടും എന്നും ഞങ്ങൾ ഭയക്കും. ഞങ്ങൾ ഇതേക്കുറിച്ചെല്ലാം ആശങ്കപ്പെട്ടിരിക്കുകയാണ്. ഇതിലൂടെയെല്ലാം കടന്നുപോകുന്ന ഞങ്ങൾ വിഷാദരോഗികളാകുകയാണ്. അഡ്മിനിസ്ട്രേഷനും സംസ്ഥാന സർക്കാരും കശ്മീരികളുടെ അവസ്ഥയിലേക്ക് തീ പകരുകയാണ് ചെയ്യുന്നത്. ഞങ്ങളെ സഹായിക്കാനുള്ള ഒരു നടപടിയും അവർ സ്വീകരിച്ചിട്ടില്ല. കശ്മീരിൽ ലാൻഡ് ലെെനുകൾ പ്രവർത്തിക്കുന്നുണ്ട്, എന്നാൽ അവയെല്ലാം സർക്കാർ ഓഫീസുകളിലോ പൊലീസ് സ്റ്റേഷനുകളിലോ പ്രവർത്തിക്കുന്നവയാണ്. ഫോൺ കോൾ ചെയ്യാൻ വേണ്ടി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങൽ ഒരു സ്ത്രീയെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കർഫ്യൂ സമയത്ത് ഞാൻ കശ്മീരിൽ ഉണ്ടായിരുന്നു, സുഹൃത്തുമായി ഒരു അത്യാവശ്യ ഫോൺകോൾ ചെയ്യാൻ വേണ്ടി എനിക്ക് പൊലിസ് സ്റ്റേഷനിൽ പോകേണ്ടിവന്നു. പക്ഷേ നമ്പർ ഡയൽ ചെയ്യാൻ പോലും പൊലീസ് എന്നെ അനുവദിച്ചില്ല. ഏകദേശം മൂന്നുമണിക്കൂറോളം ഞാൻ കാത്തുനിന്നു, ‘നെറ്റ്വർക്ക് ഇല്ല തിരിച്ചുപോയ്ക്കോ’ എന്നാണ് അവരെന്നോട് പറഞ്ഞത്. വെറും ഒരൊറ്റ ഫോൺ കോൾ ചെയ്യാൻ ശ്രമിച്ച എനിക്ക് സംഭവിച്ചത് ഇതാണ്. കശ്മീരിന്‍റെ ഓരോ ഇഞ്ചും സായുധ സേന കയ്യടക്കിയിരിക്കുകയാണ്, എല്ലായിടത്തും ചെക് പോസ്റ്റുകളാണ്. ഈ ചെക് പോസ്റ്റുകൾ മറികടന്ന് പോകുക വലിയ ബുദ്ധിമുട്ടാണ്. പ്രാദേശിക പൊലീസ് സ്റ്റേഷനിൽ നിന്ന് കർഫ്യൂ പാസ് എടുത്തു, എന്നാൽ ഈ കർഫ്യൂ പാസുമായി യാത്ര ചെയ്യുമ്പോൾ സെെന്യം പറയുന്നത് ഇത് നമ്മുടെ കർഫ്യൂ പാസ് അല്ല, സിആർപിഎഫ് ക്യാമ്പിൽ നിന്നും കർഫ്യൂ പാസ് എടുക്കണം എന്നാണ്. എല്ലാവർക്കും സിആർപിഎഫ് ക്യാമ്പിൽ പോകാൻ ഭയമാണ്, പോയിക്കഴിഞ്ഞാൽ തിരിച്ചുവരാൻ കഴിയുമോ എന്ന് ആർക്കും ഉറപ്പില്ല.
ഇതിനെല്ലാം പുറമേ, കശ്മീരിന്‍റെ വിദ്യാഭ്യാസ രംഗം കനത്ത നഷ്ടം നേരിടുകയാണ്. ഗേറ്റ് എക്സാമിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു എന്‍റെ കസിൻ. എന്നാൽ അവന്‍റെ അപേക്ഷാ ഫോം എന്ന് വരും എന്ന കാര്യത്തെപ്പറ്റി അവന് അറിയില്ല. ഇവിടെ എത്തി ഞാൻ നോക്കിയപ്പോൾ ഇന്നാണ് (24-09-2019) അവസാന തീയ്യതി എന്നാണ് കണ്ടത്. നെറ്റ്, ഗേറ്റ് പോലുള്ള ഇത്തരം പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത്? പല പരീക്ഷകളും വരികയാണ്. പക്ഷേ അതിന്‍റെ നോട്ടിഫിക്കേഷൻ വിദ്യാർത്ഥികൾക്ക് എങ്ങനെ കിട്ടാനാണ്? ഡോഗ്ര രാജഭരണ കാലത്തിലേതുപോലെ കശ്മീരികൾ പട്ടിണി കിടന്നു മരിക്കുന്ന അവസ്ഥയാണ് ഇനി വരാൻ പോകുന്നത്. ദാരിദ്ര്യത്തിന്‍റെ സമയങ്ങൾ ഇനി വ്യാപകമാകുകയും അതിനെ മറികടക്കുക വിഷമകരവുമായിരിക്കും ഞങ്ങൾക്ക്. അവരെങ്ങനെയാണ് അധിക സെെന്യത്തെ കെെകാര്യം ചെയ്യാൻ പോകുന്നത്? സെെനിക ക്യാമ്പുകളിലേക്ക് ദരിദ്രരായ ഗ്രാമീണരെ മാറ്റി താമസിപ്പിക്കാൻ പോകുകയാണോ സെെന്യം? അടിച്ചമർത്തപ്പെട്ടവരെ വീണ്ടും അടിച്ചമർത്താൻ? കശ്മീരികൾക്ക് മേലെ കൂടുതൽ അധികാരം ഉപയോഗിക്കാൻ? പ്രതിരോധിക്കുകയും രക്തസാക്ഷിത്വം നേടുകയും മാത്രമാണ് കശ്മീരികൾക്ക് മുന്നിലുള്ള വഴി. അത് മാത്രമാണ് കശ്മീരികൾക്ക് ചെയ്യാൻ ബാക്കിയുള്ളത്.
എന്നെങ്കിലും ഒരിക്കൽ കശ്മീർ പ്രശ്നത്തിന് യുഎൻ പരിഹാരം കാണുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ യാഥാർത്ഥ്യത്തിലേക്ക് നോക്കുമ്പോൾ യുഎന്നിന് അതിനുള്ള അധികാരമില്ലെന്നാണ് മനസ്സിലാകുന്നത്. ഇന്ത്യയും പാകിസ്ഥാനും വിഭജിക്കപ്പെട്ട ദിവസം തുടങ്ങിയതാണ് കശ്മീരിന്‍റെ പ്രശ്നം, അതിപ്പോഴും നിലനിൽക്കുന്നു. ഈ രാജ്യങ്ങൾക്കെല്ലാം കശ്മീരി ജനതയ്ക്കൊപ്പം നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നം എന്നേ പരിഹരിക്കപ്പെടുമായിരുന്നു. പക്ഷേ അവരെന്താണ് ചെയ്യുന്നത്, അവർ ഞങ്ങളുടെ ചോര കൊണ്ട് കളിക്കുകയാണ്. ഓരോ ദിവസവും ഞങ്ങൾക്ക് നഷ്ടപ്പെടുന്നത് കനത്ത മനുഷ്യമൂലധനമാണ്. ഞങ്ങളിൽ നിന്നും വിദൂരമല്ലാത്ത സ്വാതന്ത്ര്യത്തെ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ലോകം ആർജ്ജവത്തോടെ കശ്മീർ പ്രശ്നത്തിൽ ഇടപെടണം. ഞങ്ങളുടെ സമരത്തെ ബഹുമാനിക്കൂ. പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങളും നമുക്കൊപ്പം ചേരണം, ഇന്ന് അവർ ഞങ്ങളുടെ പ്രത്യേക പദവി റദ്ദാക്കി, നാളെ അവരുടെയും പ്രത്യേക പദവി റദ്ദാക്കപ്പെട്ടേക്കാം. കശ്മീരികൾക്കൊപ്പം നിൽക്കാനുള്ള സമയമാണിത്. കശ്മീരികളെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും അടിച്ചമർത്തപ്പെട്ടവർക്കുമേൽ നിങ്ങൾ വിജയാഘോഷം നടത്തരുത്.
മുൻകാലങ്ങളിൽ സിആർപിസി സെക്ഷൻ 144 പ്രഖ്യാപിക്കുകയാണ് ചെയ്യുക. രണ്ട് പേർക്ക് ഒരുമിച്ച് നടന്നുപോകാൻ കഴിയില്ല. കശ്മീരികൾ തന്നെ കർഫ്യൂകൾക്കെതിരെ നിസ്സഹകരണ മുന്നേറ്റങ്ങൾ നടത്താറുണ്ട്, എന്നാൽ റോഡ് നിറയെ വിന്യസിച്ചിരിക്കുന്ന സായുധ സേനയ്ക്ക് നേരെ പ്രതിഷേധം കാണിക്കുന്നില്ല. സെെന്യത്തിന് നേരെ കല്ലേറ് നടന്നിരുന്ന ചില പ്രദേശങ്ങൾ കടുത്ത നിയന്ത്രണത്തിലും നിരീക്ഷണങ്ങളിലുമാണ്. പലയിടങ്ങളിലും കർഫ്യൂ അതിശക്തമായി തുടരുകയാണ്. ഗുരുതര രോഗം ബാധിച്ച രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും തടസ്സം നേരിടുന്നു. എന്നിട്ടും അവർ പറയുന്നു എല്ലാം നോർമൽ ആണെന്ന്. അസാധാരണമായതെല്ലാം അവർക്ക് സാധാരണമാണ്.
ഈ കർഫ്യൂ കശ്മീരിന്‍റെ എല്ലാ തലങ്ങളെയും ബാധിച്ചിട്ടുണ്ട്, ബിസിനസ് ആയാലും ആരോഗ്യമേഖലയായാലും. മരുന്നുകൾ ഇല്ലെങ്കിൽ ഡോക്ടർമാർ ആശുപത്രിയിൽ എന്ത് ചെയ്യും? വാഹനങ്ങൾ ഇല്ലെങ്കിൽ, പൊതു ഗതാഗത സൗകര്യം ഇല്ലെങ്കിൽ ഗ്രാമത്തിൽ താമസിക്കുന്ന ഒരു രോഗിക്ക് എങ്ങനെ ആശുപത്രിയിൽ എത്താൻ കഴിയും? തൊഴിൽ ചെയ്യാതെ ദരിദ്രനായ ഒരാൾക്ക് എങ്ങനെ കുടുംബത്തിന് ഭക്ഷണം നൽകാൻ കഴിയും? അതാണ് വലിയൊരു പ്രശ്നം. സങ്കടകരമായ സത്യം അവർ എല്ലാം സാധാരണമാണ് എന്ന് പറയുന്നതാണ്, ഒന്നും സാധാരണമല്ല. യുവാക്കൾ അറസ്റ്റ് ചെയ്യപ്പെടുകയാണ്, എത്രപേർ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന വിവരങ്ങൾ അവർ മറച്ചുപിടിക്കുകയാണ്.കശ്മീരിൽ എന്ത് സംഭവിക്കുന്നു എന്ന് അവർ ലോകത്തെ കാണിക്കുന്നില്ല. അത് മാധ്യമങ്ങളിൽ നിന്നും വിദൂരമാണ്. പത്തുവർഷം മുമ്പ് നടന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്നുപറഞ്ഞ് അവർ ലോകത്തെ കാണിക്കുന്നത്.
ആദ്യം വിശ്വസിക്കേണ്ടത് നമ്മളെല്ലാം മനുഷ്യരാണ് എന്നതിലാണ്, അതിന് ശേഷമാണ് നമ്മൾ ഇന്ത്യൻ ആണോ കശ്മീരി ആണോ എന്ന ചോദ്യം വരുന്നുള്ളൂ. ഇന്ന് ലോകത്തിന്‍റെ എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് അതിന് ബലിയാടാകുന്നവർ ആരാണെന്നാണ്. യുദ്ധം എന്താണെന്ന് അത് അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ. വീട്ടിലിരിക്കുന്നവർക്കോ സെെന്യത്തിന്‍റെ ക്രൂരമുഖം കണ്ടിട്ടില്ലാത്തവർക്കോ അത് മനസ്സിലാകില്ല. നമ്മൾക്കാണ് യുദ്ധം എന്താണ് എന്ന് അറിയുന്നത്. അത് സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങൾ എന്താണ് എന്ന് അറിയുന്നത്. കശ്മീരിലായിരുന്നപ്പോൾ ഒരിക്കൽ ഞാൻ റോഡിൽ ഒരു ചെറിയ ആൺകുട്ടിയെ കണ്ടു. അവൻ കളിക്കാൻ ശ്രമിക്കുകയായിരുന്നു, പക്ഷേ അവന് കൂടെ കളിക്കാൻ വേറെ ആരും അവിടെയില്ല. അവൻ അവിടെ നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു, അല്ലാഹുവിന്‍റെ പേരിൽ ഞാൻ സുരക്ഷിതനായിരിക്കട്ടെ…. ഇതാണ് അവരുടെ മാനസികാവസ്ഥ. ഇതാണ് അവരുടെ ഭാവി. നിരവധി മാനസിക പ്രശ്നങ്ങൾ നിറഞ്ഞ ഭാവി. അമ്പത് ദിവസങ്ങൾ കഴിഞ്ഞു. സ്കൂളുകൾ അടഞ്ഞുകിടക്കുന്നു. ആശുപത്രികൾ പ്രവർത്തിക്കുന്നില്ല. എല്ലാം അടഞ്‍ഞുകിടക്കുകയാണ്.കുട്ടികൾ വീടുകളിൽ തന്നെ കഴിയുകയാണ്. കളിക്കാൻ ആഗ്രഹമുള്ള കുട്ടികൾക്ക് മറ്റെന്തൊക്കെയോ ചെയ്യേണ്ടിവരികയാണ്. വീടുകളിലായിരിക്കുമ്പോൾ അവർ മൗലികാവകാശമായ വിദ്യാഭ്യാസത്തിൽ നിന്നും അകലെയാണ്. കശ്മീരിൽ എല്ലാ അവകാശങ്ങളും ലംഘിക്കപ്പെടുകയാണ്. ഒരു ഹിതപരിശോധന നടത്തണം, അതാണ് ഒരേയൊരു പരിഹാരം. ജനങ്ങൾക്ക് സ്വാതന്ത്ര്യം വേണോ, ഇന്ത്യയ്ക്കൊപ്പം നിൽക്കണോ പാകിസ്താനൊപ്പം നില‍്‍ക്കണോ എന്നെല്ലാം ഈ ഹിതപരിശോധനയിലൂടെ ജനങ്ങൾ പറയും. ഇതാണ് ഒരേയൊരു വസ്തുത. ഇതാണ് കശ്മീരികൾക്ക് നൽകിയ വാഗ്ദാനം. അവസാനമായി ഇതുകൂടെ പറയട്ടെ, മനുഷ്യർ കൊല്ലപ്പെടുന്നതിന് പുറമേ, നമ്മുടെ പക്ഷികൾ പട്ടിണി കിടന്നു മരിക്കുകയാണ്.