ദളിത് യുവതി മഞ്ജു ശബരിമലയിലേക്ക്; പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടു
ദളിത് യുവതി മഞ്ജു ശബരിമല സന്ദർശനത്തിന് പമ്പയിലെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ മഞ്ജു ഇരുമുടിക്കെട്ടുമായി മാലയിട്ടാണ് പമ്പയിലെത്തിയത്. 38കാരിയായ മഞ്ജു കേരള ദലിത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കൂടിയാണ്. താൻ വിശ്വാസിയാണെന്നും തനിക്ക് സുരക്ഷ ഒരുക്കണമെന്നും മഞ്ജു പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇവരുടെ വിശ്വാസപരമായ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന് ശേഷം മാത്രമാണ് ഈ ഒരു കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയൂ എന്നുമാണ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ വ്യക്തമാക്കിയത്.
“ഞാന്‍ ഒരു അയ്യപ്പ ഭക്തയാണ്. ഭക്തരായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവുണ്ട്. എന്ത് സംഭവിച്ചാലും മുന്നോട്ട് പോകും.” മഞ്ജു പറഞ്ഞു. എന്നാൽ പൊലീസ് സന്നിധാനത്ത് ഉൾപ്പടെ കനത്ത മഴയാണെന്നും കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധങ്ങളെ പറ്റിയും മഞ്ജുവിനോട് സൂചിപ്പിച്ചുവെന്നാണ് അറിയുന്നത്. എന്നാൽ തനിക് സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്വം പോലീസിനുണ്ടെന്നും മഞ്ജു പറഞ്ഞു. ഐ.ജിമാരായ മനോജ് എബ്രഹാമും ശ്രീജിത്തും പമ്പയിലെത്തിയിട്ടുണ്ട്.