സര്‍ക്കാര്‍ ഭവന പദ്ധതി; ബീമാപള്ളിക്കാരെ പരി​ഗണിക്കാതിരുന്നത് രണ്ട് പ്രദേശക്കാരെ ‘മിം​ഗിൾ’ ചെയ്യിക്കേണ്ട എന്ന തീരുമാനത്തിലെന്ന് ഫിഷറീസ് വകുപ്പ്

By on

മുട്ടത്തറയിലെ മത്സ്യത്തൊഴിലാളി പുനരധിവാസ ഫ്ലാറ്റ് പദ്ധതിയിൽ നിന്ന് ബീമാപള്ളിക്കാരെ ഒഴിവാക്കിയത് രണ്ട് പ്രദേശങ്ങളിലെ ആളുകളെ മിം​ഗിൾ ചെയ്യിക്കണ്ട എന്ന് കരുതിയാണ് എന്ന് ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോ​ഗസ്ഥർ. ”ആദ്യം അവർ ലിസ്റ്റിൽ ഉണ്ടായിരുന്നു പിന്നീട് ഒഴിവാക്കിയതാണ്. ഒരു പ്രദേശത്തുള്ളവർക്ക് വേറെത്തന്നെ ഫ്ലാറ്റ് നൽകാം എന്നാണ് തീരുമാനിച്ചത്. അതുകൊണ്ടാണ് ഒഴിവാക്കിയത്. നിലവിൽ 187 പേർക്കേ ഫ്ലാറ്റ് ആയിട്ടുള്ളൂ. മുഴുവൻ ലിസ്റ്റ് ലഭ്യമാകാൻ ദിവസങ്ങളെടുക്കും. വലിയതുറയിൽ സ്കൂളിൽ കഴിഞ്ഞവരെയാണ് ആദ്യം മാറ്റുന്നത്”

മത്സ്യതൊഴിലാളികൾക്കായുള്ള ഭവന പദ്ധതി പ്രദേശത്ത് നാല് മത്സ്യബന്ധന ​ഗ്രാമങ്ങളുണ്ട്, വലിയതുറ, ചെറിയതുറ, വലിയതോപ്പ്, കൊച്ചുതോപ്പ്- ഈ നാല് മത്സ്യബന്ധന​ ഗ്രാമങ്ങളിലുള്ളവരെ മാത്രമാണ് അതിനകത്ത് പരി​ഗണിച്ചിട്ടുള്ളത്. കടലിനോട് 50 മീറ്ററിനുള്ളിലുള്ളവരെയാണ് ആദ്യമായി പരി​ഗണിക്കുന്നത് എന്നും കമലേശ്വരത്തെ ഫിഷറീസ് ഡിപ്പാർട്മെന്റ് ഓഫിസിൽ നിന്നും അറിയിച്ചു.

”ഇനി ബീമാപള്ളിയിൽ ഫ്ലാറ്റ് പണിയുന്നത് അവർക്ക് മാത്രം വേണ്ടിയാണ് അവിടെ അവർ മാത്രമേ ഉള്ളൂ. ഒാരോ മേഖലയിലുള്ളവർക്കും വേറെ വേറെയാണ് അവരെ മിം​ഗിൾ ചെയ്യിക്കണ്ട എന്ന് കരുതിയിട്ടാണ്”. ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെ ഉന്നത  ഉദ്യോ​ഗസ്ഥർ പറയുന്നു. എന്നാൽ, ഘട്ടംഘട്ടമായി മാത്രമേ പദ്ധതി പൂർത്തിയാക്കാൻ കഴിയൂ എന്നും ബീമാപള്ളിക്കാർക്കായി പുതിയ കെട്ടിടങ്ങൾ പണിയുന്നുണ്ടെന്നുമാണ് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഡിഡി ബീന സുകുമാർ പറയുന്നു. ബീമാപള്ളിക്കാരെ മാറ്റിനിർത്തി എന്ന ആരോപണം ഇവർ നിഷേധിച്ചു.

അതേസമയം ഒാഖി അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ അനുഭവിച്ച മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ഫ്ലാറ്റ് പദ്ധതിയിൽ നിന്ന് തങ്ങൾ ഒഴിവാക്കപ്പെട്ടു എന്ന ആരോപണം ആവർത്തിക്കുന്ന ബീമാപ്പള്ളിക്കാർ ഒാഖി അടക്കമുള്ള പ്രകൃതിദുരന്തങ്ങളനുഭവിച്ച തങ്ങൾക്ക് എന്തുകൊണ്ടാണ് സമാനമായ സർക്കാർ സഹായം ലഭിക്കാത്തത് എന്നും ചോദിക്കുന്നു. വീടുകൾ തകർന്ന പലരും വാടകവീടുകളിലാണ് താമസിക്കുന്നത്. ഒാഖി വന്ന ശേഷം വീടിനൊപ്പം ഉപജീവനമാർ​ഗമായ കടയും നഷ്ടപ്പെട്ട ഖദീ​ജ ബീവി ഇപ്പോൾ ബീമാപള്ളി ബീച്ച് റോഡിനടുത്ത് 7000 രൂപ വാടക കൊടുത്ത് കട നടത്തുകയാണ്.

”ഒരു ​ഗ്രൂപ്പിനെ നോക്കുകയും മറ്റൊരു ​ഗ്രൂപ്പിനെ നോക്കാതിരിക്കുകയും ചെയ്യുമ്പോൾ അത് ദെെവത്തിന് കോപമുണ്ടാക്കും. വാടകയൊക്കെ എത്രയാണെന്ന് വെച്ചാണ് കൊടുക്കുക? കൊടുക്കുമ്പോൾ എല്ലാവർക്കും ഒരുപോലെ കൊടുക്കണ്ടേ? ബീമാപള്ളി സ്വദേശി ഹസൻകണ്ണ് ചോദിക്കുന്നു.

“ആറുമക്കളെ കെട്ടിച്ചു. ഇപ്പോഴും വീടും കുടിയും ഇല്ലാതെയാണ് ഞാനും കെട്ടിയോനും കഴിയുന്നത്. ഞങ്ങൾക്ക് വീട് വാങ്ങിച്ചുതരണം. ഈ ​ഗവണ്മെന്റ് ഞങ്ങളെ മാറ്റിനിർത്തിയിട്ടില്ലെന്നാണോ പറയുന്നത്? അങ്ങനെ എങ്കിൽ എനിക്കുള്ള വീടെവിടെ? എഴുതിക്കൊടുത്തിട്ട് പത്തുകൊല്ലം കഴിഞ്ഞു.” സിത്തുമ്മ പറയുന്നു.

“സുനാമി വന്ന് 12 കൊല്ലം കഴിഞ്ഞു. 100/200 മീറ്റർ അങ്ങോട്ടായിരുന്നു കടൽ. ഇപ്പോൾ കടൽ ഇങ്ങോട്ട് കേറി. പുളിമുട്ട് ഇട്ടിട്ടാണ് കടൽ കേറുന്നത്. പൂന്തുറയിൽ എട്ടെണ്ണം ഇട്ടിട്ടുണ്ട്. ഒാഖി വന്ന ശേഷമാണ് ഇവിടെ ഇട്ടത്. വീടുകൾ നഷ്ടപ്പെട്ടു. കമ്പുവലക്കാർക്ക് പണിക്ക് പോകാൻ ബുദ്ധിമുട്ടായി.14 കമ്പുവലകൾ ഇട്ടിട്ടുണ്ട്. ഒന്നിൽ 40/50 ആൾക്കാരുണ്ട്. നേരാംവണ്ണം പണിക്ക് പോകാൻ കഴിയുന്നില്ല. പരിഹാരം ചെയ്യാം എന്ന് പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. ഒാരോ കൊല്ലം കഴിയും തോറും നാൽപതുമുതൽ അമ്പത് വീടുകൾ വരെ കടലെടുക്കും. ആറുമാസം കഴിഞ്‍ഞാൽ ഇനിയും കുറേ വീടുകൾ പോകും. പുളിമുട്ട് കെട്ടാൻ 15 കൊല്ലം മുമ്പ് കൊണ്ടിട്ട കല്ലാണ് ഇതൊക്കെ. അന്ന് സമരം ചെയ്തതിന് കേസ് കിട്ടിയവരൊക്കെ ഉണ്ട്.” മത്സ്യത്തൊഴിലാളിയായ റാഫി പറയുന്നു.

കരയിൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ മൂന്ന് വള്ളങ്ങൾ കടലിൽ തന്നെയാണ് ഇട്ടിരിക്കുന്നത്. തുടർച്ചയായി കടലിൽ തന്നെ വെച്ചുകഴിഞ്ഞാൽ വള്ളങ്ങൾ വേ​ഗത്തിൽ നശിച്ച് പോകുകയും ചെയ്യും. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് തിരുവനന്തപുരം മുട്ടത്തറയിൽ നിർമ്മിക്കുന്ന ഫ്ലാറ്റുകളിലേക്ക് ​ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള മാർ​ഗനിർദേശങ്ങൾ അം​ഗീകരിച്ചതനുസരിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ വലിയതുറ, ചെറിയതുറ, വലിയതോപ്പ്, കൊച്ചുതോപ്പ് എന്നീ മത്സ്യ​ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളായിരിക്കും ​ഗുണഭോ​ക്താക്കൾ എന്നാണ് ഫിഷറീസ് വകുപ്പ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. 2015ൽ തയ്യാറാക്കിയ ​ഗുണഭോക്താക്കളുടെ ലിസ്റ്റിൽ ബീമാപള്ളിക്കാർ ഉണ്ടായിരുന്നു. നിലവിൽ കടലോരത്ത് ഒന്നും രണ്ടും നിരയിൽ താമസിക്കുന്നവരാണ് ​ഗുണഭോ​ക്താക്കൾ. ഒന്നും രണ്ടും നിരയിൽ താമസിക്കുന്ന ബീമാപള്ളിക്കാർക്കും വീടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.

”വളരെ വേദനാജനകമായ കാര്യമാണ് ഒരു പ്രദേശത്തെ ജനതയെ ഒഴിവാക്കി മത്സ്യബന്ധനതൊഴിലാളികളായവർക്ക് അവ​ഗണന നൽകിയത്. ബീമാപള്ളി കടലോര പ്ര​​ദേശത്ത് ഒരേ ദുരിതവും ഒരേ വിഷമവും അനുഭവിച്ച ഒരു ജനതയുടെ ലിസ്റ്റ് ​ഗവണ്മെന്റ് തയ്യാറാക്കി. തയ്യാറാക്കി വരുന്നതിനിടെ നിർഭാ​ഗ്യവശാൽ ഇന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രിയും ഫിഷറീസ് വകുപ്പും പുതിയ ഒരു ഉത്തരവിലൂടെ അർഹരായ ഒരു വിഭാ​ഗം ജനങ്ങളെ ഒഴിവാക്കുന്ന നിർഭാ​ഗ്യകരമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്” ബീമാപളളി കൗൺസിലറും ആക്ഷൻ കമ്മറ്റി ചെയർമാനുമായ ബീമാപള്ളി റഷീദ് പറയുന്നു.

”ഒാഖി ദുരന്തത്തിന് മുമ്പ് സുനാമി ദുരന്തത്തോട് കൂടി ബീമാപള്ളി കടലോര പ്രദേശത്ത് നൂറുകണക്കിന് വീടുകൾ നഷ്ടപ്പെട്ട ഹതഭാ​ഗ്യരായ ധാരാളം ആളുകൾ ഉണ്ടായിരുന്നു. അവരെല്ലാം വീടുകൾ നിർമ്മിച്ച് നൽകണം എന്ന ആവശ്യവുമായി ​ഗവണ്മെന്റിനെ സമീപിച്ചിരുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പരമാധികാരികളെ സമീപിച്ചപ്പോൾ അവർക്കെല്ലാം പുനരധിവാസം നൽകുന്നതിന് വേണ്ടി മുട്ടത്തറ ഫ്ലാറ്റ് ചൂണ്ടിക്കാണിച്ചിരുന്നു. നിർഭാ​ഗ്യവശാൽ ഭരണാധികാരികളും കലക്ടറും ശുപാർശ ചെയ്തിരുന്ന ബീമാപള്ളി പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ, 69ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പുതിയ ഒരു ലിസ്റ്റ് എടുക്കുവാൻ നിർദ്ദേശിച്ചത്. സർക്കാരിന്റെ പുതിയ ഉത്തരവിൻ പ്രകാരം ബീമാപള്ളിക്കാരെ ഒഴിവാക്കി ചെറിയതുറ, വലിയതുറ തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടുകൂടി അർഹരായ ഒരു വിഭാ​ഗം മത്സ്യത്തൊഴിലാളികളെ ഒഴിവാക്കുന്ന വേദനാജനകമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. ഫിഷറീസ് വകുപ്പ് മന്ത്രി എന്തുകൊണ്ട് ഇങ്ങനെയൊരു സമീപനമെടുത്തു എന്നറിയില്ല. മിനിസ്റ്റർ തെറ്റിദ്ധരിച്ചിട്ടുണ്ടോ അതോ മനപൂർവ്വം ഇങ്ങനെ ചെയ്യുന്നതാണോ അതോ മന്ത്രിയെ ഉദ്യോ​ഗസ്ഥർ തെറ്റിദ്ധരിപ്പിച്ചതാണോ എന്നാെന്നും അറിയില്ല ഞങ്ങൾക്ക് കാര്യങ്ങൾ നടക്കുന്നില്ല. ഒഴിവാക്കാൻ ഒരു കാരണവും പറയുന്നില്ല. ഒഴിവാക്കാൻ ഒരു ന്യായവും ഇല്ലതാനും” റഷീദ് പറയുന്നു.

തങ്ങൾക്ക് സർക്കാർ പുതിയ ഫ്ലാറ്റ് നിർമ്മിച്ചുതരും എന്ന കാര്യത്തിൽ വിശ്വാസമില്ലെന്നും കിട്ടുമെന്ന് ഏതെങ്കിലും തരത്തിലുള്ള ഉറപ്പോ ഇല്ലെന്നും ബീമാപള്ളി സ്വദേശിയായ ഷെരീഫ് പറയുന്നു. ബീമാപള്ളി വെടിവെപ്പ് ചൂണ്ടിക്കാട്ടി, ബീമാപള്ളിയിൽ പണ്ട് വെടിവെപ്പുണ്ടായല്ലോ, അതാണ് അവരെ മാറ്റിനിർത്താൻ കാരണമെന്നാണ് ഞാൻ ഊഹിക്കുന്നത് എന്ന് ജെസി എന്ന സ്ത്രീ പറഞ്ഞു.

മുട്ടത്തറയിൽ തുറന്നുകൊടുത്ത ഫ്ലാറ്റുകൾ പൂർണമായും പണികഴിഞ്ഞവയല്ല. സിമന്റ് തറ സ്വന്തം നിലയ്ക്ക് വൃത്തിയാക്കിയെടുക്കാനാണ് സർക്കാർ അധികൃതർ തങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നും ഫ്ലാറ്റ് ലഭിച്ചവർ പറയുന്നു. 5 വർഷത്തോളമായി സ്കൂൾ ക്യാമ്പിൽ കഴിയുന്നു. അതിൽ നിന്നും മോചനം കിട്ടിയതിലുള്ള സന്തോഷത്തിലാണ് പല സ്ത്രീകളും.

ഒരേപോലെ ദുരന്തങ്ങൾക്ക് ഇരയായ ഒരു വിഭാ​ഗം ആളുകൾക്ക് മാത്രം ആദ്യ പരി​ഗണന ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് സമീപകാലത്ത് ഉയർന്നത്. ഒരു പ്രത്യേക പ്രദേശത്തെ ആളുകളെ പരി​ഗണിച്ചില്ല എന്ന ആരോപണം ഉയർന്നപ്പോൾ അവർക്കായി ഭവന നിർമ്മാണം ഉടൻ ആരംഭിക്കുകയാണെന്നാണ് ഫിഷറീസ് മന്ത്രി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നത്. സാമുദായികമായി ഒഴിവാക്കി എന്ന ആരോപണം തള്ളിക്കളയുന്നുണ്ടെങ്കിലും അവർക്കായി നിർമ്മാണം ആരംഭിക്കുകയാണ് എന്ന പ്രസ്താവനയിലൂടെ ഒക്ടോബർ 31 ന് മുട്ടത്തറയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഫ്ളാറ്റുകളിൽ ബീമാപള്ളിക്കാർക്ക് ഇടം നൽകിയില്ല എന്ന ആരോപണം ശരിവക്കുകയാണ് മന്ത്രി ചെയ്തത്. 15-9-2015 ൽ ഉമ്മൻചാണ്ടി പുറത്തിറക്കിയ പട്ടികയിൽ ബീമാപ്പള്ളിക്കാരുടെ പേരുണ്ട്. എന്നാൽ പദ്ധതി ഉ​ദ്ഘാടനം ചെയ്ത് വീടുകൾ കൈമാറിയപ്പോൾ ഇവർക്ക് ഫ്ലാറ്റുകൾ ലഭിക്കാത്ത സ്ഥിതി ഉണ്ടായി. എൽഡിഎഫ് സർക്കാർ ഫ്ലാറ്റ് അനുവദിക്കാൻ ആധാരമാക്കിയ പട്ടികയിൽ വരുത്തിയ വ്യത്യാസം ആണ് ഇനി അറിയേണ്ടത്. ​പുതിയ ​ഗുണഭോക്താക്കളുടെ ലിസ്റ്റ് ലഭിക്കാൻ ദിവസങ്ങൾ എടുക്കുമെന്നാണ് ഫിഷറീസ് ഡിപ്പാർട്മെന്റ് അറിയിക്കുന്നത്.

ഭവനനിർമാണ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബീമാപള്ളിക്കാരെ ഒഴിവാക്കിയതിന് സർക്കാർ വകുപ്പുകൾ ഉന്നയിക്കുന്നതിൽ സാങ്കേതികമായി ഇനി നിലനിൽക്കുന്ന ഒരേയൊരു കാരണം കടൽത്തീരത്ത് നിന്നും 50 മീറ്റർ പരിധിയിലുള്ളവർക്ക് ആദ്യ പരി​ഗണന നൽകി എന്ന വാ​ദമായിരിക്കും. എന്നാൽ ദുരിതബാധിതരായ തങ്ങൾക്ക് ഏതെങ്കിലും ദുരിതാശ്വാസ പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ ചൂണ്ടിക്കാട്ടുന്ന ദൂരപരിധി വ്യവസ്ഥയെ ബീമാപള്ളിക്കാർ തള്ളിക്കളയുകയാണ്.


Read More Related Articles