മനുഷ്യത്വ വിരുദ്ധമായ ജാമ്യവ്യവസ്ഥകൾ വേദനാജനകം; അബ്ദുൽ നാസർ മഅ്ദനി

By on

മനുഷ്യത്വ വിരുദ്ധമായ ജാമ്യവ്യവസ്ഥകൾ വേദനാജനകമെന്ന് അബ്ദുൽ നാസർ മഅ്ദനി. അസുഖം മൂർച്ഛിച്ച് കഴിയുന്ന മാതാവ് അസ്മ ബീവിയെ കാണാൻ ആറുദിവസത്തേക്ക് ജാമ്യവ്യവസ്ഥയിൽ ഇളവനുവദിച്ചതിന് എൻഎെഎ കോടതി നിർദ്ദേശിച്ച നിബന്ധനകളെക്കുറിച്ച് തന്‍റെ ഫെയ്സ്ബുക് പേജിൽ പങ്കിട്ട വീഡിയോയിലാണ് മഅ്ദനിയുടെ പ്രതികരണം.

മഅ്ദനിയുടെ വാക്കുകളിലേക്ക്

“പ്രിയപ്പെട്ട സഹോദരങ്ങളെ, എന്‍റെ പ്രിയപ്പെട്ട ഉമ്മ കാൻസർ രോ​ഗം വല്ലാതെ മൂർച്ഛിച്ച് ഏതാണ്ടൊരു അവസാന സ്റ്റേജിലെത്തിയ അതീവ ​ഗുരുതര അവസ്ഥയിലാണ്. ബോധം വരുമ്പോഴൊക്കെ എന്നെ ചോദിക്കുകയും കാണണമെന്ന് ആ​ഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നത് കൊണ്ട് ഞാൻ കോടതിയിൽ പെർമിഷന് വേണ്ടി അധികം പബ്ലിസിറ്റി ഒന്നും ഇല്ലാതെ തിരുവനന്തപുരം എയർപോർട്ടിലെത്തി ഉമ്മായെ ഒന്ന് കണ്ട് ഏതാനും ദിവസം ഉമ്മാന്‍റെ കൂടെ തങ്ങി തിരിച്ചുവരണം എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് നിന്നത്. പക്ഷേ സാധാരണ തന്നെ ഏറ്റവും ശക്തമായി എതിർക്കാറുള്ള നികൃഷ്ടമായ സ്വഭാവമുളള ഒരാളാണ് പ്രോസിക്യൂട്ടർ. അയാൾ ഇപ്രാവശ്യം കൂടുതൽ‌ അനാവശ്യ കാര്യങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്, പോകാതിരിക്കുന്നതിന് വേണ്ടി, തടസം സൃഷ്ടിക്കുന്നതിന് വേണ്ടി പല ശ്രമങ്ങളും നടത്തി. അവസാനം എന്‍റെ അഡ്വക്കേറ്റുമാർ നിലവിലെ സാഹചര്യങ്ങളൊക്കെ കോടതിയിൽ ബോധിപ്പിച്ചു. ഉമ്മായുടെ മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കോടതിയിൽ ബോധിപ്പിച്ചു. അപ്പോൾ കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുന്നത് കാത്തിരിക്കുകയായിരുന്നു. ഇന്ന് മൂന്നു മണിക്ക് കോടതി ഓർഡർ പുറപ്പെടുവിച്ചപ്പോൾ ഒരു കാരണവശാലും എനിക്ക് വരാൻ കഴിയാത്തവണ്ണമുള്ള നിബന്ധനകൾ വെച്ചിട്ടാണ് ജാമ്യം തന്നത്. അതിൽ ഒരുപാട് നിബന്ധനകളുണ്ട്. അതിൽ മീഡിയാസിനെ കാണരുത്, കേസിനെ കുറിച്ച് സംസാരിക്കരുത്, അതൊക്കെ നമുക്ക് പാലിക്കാൻ കഴിയുന്ന നിബന്ധനകളാണ്. പക്ഷേ പാലിക്കാൻ കഴിയാത്ത നിബന്ധനകളുണ്ട്. ആരോടും ഒന്നും മിണ്ടരുത് പാർട്ടി പ്രവർത്തകരോടോ നേതാക്കളോടോ ബന്ധുക്കളോടോ മിണ്ടരുത്.ആരെങ്കിലും ഇങ്ങോട്ട് സംസാരിക്കാൻ വന്നാൽ അവരോട് മിണ്ടാതെ അവരെ തിരിച്ചയക്കണം. ഇത്തരത്തിലുള്ള കേട്ടുകേൾവി ഇല്ലാത്ത വിധമുള്ള നിബന്ധനകളാണ് വെച്ചിരിക്കുന്നത്.എങ്ങനെയാണ് അത് കഴിയുക?

എന്‍റെ സഹായികളായി നിൽക്കുന്നവർ എല്ലാവരും പി ഡി പി പ്രവർത്തകരാണ്. പാർട്ടി മെമ്പർമാരാണ്. എന്റെ കൂടെ നിൽക്കുന്നവരോടോ എന്റെ അയൽവാസികളോടോ എന്‍റെ മാതാവിനെ സന്ദർശിക്കാൻ എത്തുന്നവരോടോ ഞാനൊന്ന് സംസാരിച്ചു പോയാൽ അത് കോടതി അലക്ഷ്യമായി റിപ്പോർട്ട് ചെയ്ത് എനിക്കെതിരെ കരുക്കൾ നീക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് കോടതിയുടെ ഭാഗത്ത് നിന്ന് പോലും ഇത്തരം നീക്കങ്ങൾ ഉണ്ടായത് എന്നത് വളരെ വേദനാജനകമായ കാര്യമാണ്. ഈയൊരവസ്ഥയിൽ മാതാവ് മരണ ശയ്യയിൽ കിടക്കുമ്പോൾ പോലും എനിക്ക് കാണാൻ വരാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. വരണമെങ്കില്‍ എന്‍റെ കൂടെ യാത്രയിൽ അനുഗമിക്കേണ്ടവരുൾപ്പെടെ പാർട്ടി പ്രവർത്തകരാണ്.

രാഷ്ട്രീയ പ്രവർത്തകരെയോ ബന്ധുക്കളെയോ കാണരുത്i അവരോട് ആശയ വിനിമയം നടത്തരുത് എന്നൊക്കെ പറഞ്ഞാൽ എനിക്കത് ഒരിക്കലും സാധിക്കാത്ത കാര്യമാണ്. ചുരുക്കത്തിൽ പ്രോസിക്യൂട്ടർ ചെയ്യുന്നതിനേക്കാൾ ഉപദ്രവകരമായ കാര്യമാണ് വിധിയിൽ വന്നിട്ടുള്ളത്. എന്തായാലും കോടതി വിധിയെ വിമർശിക്കാൻ ജനാധിപത്യത്തിൽ അവകാശമുള്ളത് കൊണ്ട് ഈ വിധി തികച്ചും അസംബന്ധമാണെന്നു ഞാനീയവസരത്തിൽ പറയുകയാണ്. ഇത് തന്നെയായിരുന്നു സുപ്രീം കോടതി ശബരിമല വിഷയത്തിൽ നടത്തിയ വിധിയിലും ഞാനെന്‍റെ അഭിപ്രായം ഫേസ്ബുക്കിലൂടെ പങ്കു വെച്ചത്. കോടതികളുടെ ഭാഗത്ത് നിന്ന് അതേത് കോടതിയായാലും ശരി മനുഷ്യത്വ വിരുദ്ധമായ  വിധികൾ ഉണ്ടാകുമ്പോൾ വേദനാജനകമാണ് എന്നു മാത്രമേ പറയാൻ സാധിക്കുകയുള്ളു.

ഏതായാലും എന്‍റെ പ്രിയപ്പെട്ട മാതാവിനെ ഒരുപക്ഷേ അവസാനമായി ഇന്നോ നാളെയോ ആയി കാണാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു. അതിനി എത്രമാത്രം ഫലവത്താകുമെന്നു അറിയില്ല. എന്തായാലും വക്കീലുമാരുമായി ആലോചിച്ച് നിയമപരമായി എന്ത് ചെയ്യാൻ പറ്റുമെന്ന് ആലോചിക്കും.എല്ലാ പ്രിയപ്പെട്ട സഹോദരങ്ങളും നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക. എന്തായാലും ഒരു കാര്യം ഉറപ്പാണ് . ഇതുവരെയും സർവ്വശക്തനായ ദൈവത്തിന്‍റെ മുൻപിലല്ലാതെ ആരുടെ മുൻപിലും തലകുനിച്ചിട്ടില്ല. ആരുടേയും അടിമയായിട്ടില്ല. ഇനിയും എത്ര വലിയ പ്രതിസന്ധി മുന്നിൽ എത്തിയാലും നാഥന്‍റെ മുൻപിലല്ലാതെ തലകുനിക്കാൻ ഉദ്ദേശിക്കുന്നില്ല. അതിനുള്ള ഇച്ഛാശക്തി തരാൻ നിങ്ങളെല്ലാവരും പ്രാർത്ഥിക്കുക. നാഥൻ തുണക്കട്ടെ. അസ്സലാമുവലയ്ക്കും വറഹ്മത്തുല്ലാഹി വബറക്കാത്തുഹു.”


Read More Related Articles