കേരളത്തിന്‍റെ നവോത്ഥാന ഐക്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നു; പിണറായി വിജയന്‍

By on

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയിൽ പുനഃപരിശോധന ഹർജി നൽകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു വിധിയായാലും നടപ്പാക്കുമെന്ന സത്യവാങ്മൂലം സർക്കാർ നൽകിയിരുന്നു. ആ നിലപാടു സ്വീകരിച്ച സർക്കാർ എങ്ങനെ പുനഃപരിശോധന ഹർജി നൽകും. അതു കോടതിക്കു നൽകിയ ഉറപ്പിനു വിരുദ്ധമാകും. തെറ്റിദ്ധാരണകൾ തിരുത്താൻ ആരുമായും ചർച്ച നടത്താൻ സർക്കാർ തയാറാണ്. തുല്യതയാണു സർക്കാർ നിലപാട്. വിശ്വാസികളുമായി ഏറ്റുമുട്ടുക എന്നതു സർക്കാർ നയമല്ല. എന്നാൽ രാഷ്ട്രീയപ്രേരിതമായി സംഘർഷമുണ്ടാക്കുന്നവർക്കു മുന്നിൽ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളം വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ച നവോത്ഥാന മൂല്യങ്ങളെ എല്ലാം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നതെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹിന്ദുത്വ സംഘടനകളില്‍ നിന്നും ഇതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ആണ് നടക്കുന്നതെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പ്രളയകാലത്ത് ജാതിമത ഭേദമന്യേ എല്ലാവരും ഉണ്ടാക്കിയ ഒത്തൊരുമ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധിയെ നേരത്തെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ്‌ തങ്ങള്‍ മുന്‍പ് സ്വീകരിച്ചിരുന്ന നിലപാടുകള്‍ക്ക് എതിരാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധി നടപ്പാക്കാമെന്ന് ഉറപ്പു നൽകിയ സംസ്ഥാന സർക്കാറിന് പുനഃപരിശോധനാ ഹർജി നൽകാനാവില്ലെന്നും എന്നാൽ ആരെങ്കിലും ഹർജി നല്‍കിയാല്‍ സർക്കാർ തടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും തുല്യനീതിയും അവസരവും നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുകയാണ് സർക്കാർ നയം. കേരളത്തിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് ആർ.എസ്.എസ് നടത്തുന്നത്. സുപ്രീംകോടതി വിധിക്ക് പിന്നിൽ ഇടത് സർക്കാർ നിലപാടല്ലന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്‍റെ അഖിലേന്ത്യ നേതൃത്വം സുപ്രീംകോടതി വിധിയെ  സ്വാഗതം ചെയ്തിട്ടുണ്ട്. വിധി എല്ലാവർക്കും ബാധകമെന്നാണ് മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയത്. വിധിയെ സ്വാഗതം ചെയ്ത ചെന്നിത്തല നിലപാട് മാറ്റിയത് പ്രതിപക്ഷ നേതാവിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും വലിയ പാരമ്പര്യമുള്ള കോൺഗ്രസ് അത് കൈവിട്ട് വർഗീയതയോട് സമരസപ്പെടുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ആർ.എസ്.എസിനെയും ബിജെപിയെയും മറികടക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്‌ എന്നും ഇത് അവരുടെ തകര്‍ച്ചയ്ക്ക് കാരണം ആകുമെന്നും അദ്ദേഹം പറഞ്ഞു


Read More Related Articles