സുപ്രീം കോടതി വിധിയെ നിയമനിർമ്മാണം കൊണ്ടോ ഓർഡിനൻസ് കൊണ്ടോ മറികടക്കാനാവില്ലെന്ന് മുഖ്യമന്ത്രി

By on

കോടതി വിധിയെ മറ്റൊരു ഓര്‍ഡിനന്‍സ് കൊണ്ടോ നിയമനിര്‍മ്മാണം കൊണ്ടോ മറികടക്കാനാവില്ലെന്ന് മുഖ്യമന്ത്രി. ഭരണഘടന തത്വത്തിലുള്ള ഒരു തീരുമാനം നിയമനിര്‍മ്മാണത്തിലൂടെ മറികടക്കാനാവില്ല. ഭരണഘടനാ വിരുദ്ധമെന്ന് കോടതി പറഞ്ഞതിനെ നിയമംകൊണ്ട് മറികടക്കാന്‍ സാധിക്കില്ലെന്ന് നിയമ പരിജ്ഞാനമില്ലാത്തവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി എന്താണോ അത് നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. സ്ത്രീകള്‍ പോകേണ്ട എന്ന് കോടതി വിധിച്ചാല്‍ അതിനൊപ്പവും നില്‍ക്കും. അതുകൊണ്ടാണ് പുനഃപരിശോധന ഹര്‍ജിക്ക് സര്‍ക്കാര്‍ പോകുന്നില്ല എന്ന് പറഞ്ഞതെന്നും പിണറായി തിരുവനന്തപുരത്ത് പറഞ്ഞു.

കേസുകളുടെ ചരിത്രമെടുത്താല്‍ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിയമനിര്‍മ്മാണം നടത്തുകയോ ഉത്തരവിറക്കുകയോ ചെയ്തിട്ടില്ല. ആര്‍എസ്എസിന്റെ ഭാഗമായി നില്‍ക്കുന്നവരാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് 2006-ല്‍ സുപ്രീംകോടതിയില്‍ പോയത്. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി. ഇതിനാല്‍ സര്‍ക്കാരിന് സത്യവാങ്മൂലം നല്‍കേണ്ട ബാധ്യതയുണ്ടായി. ഈ ഘട്ടത്തിലും ദേവസ്വം ബോര്‍ഡ് നിലവിലുള്ള സ്ഥിതിയെ അനുകൂലിച്ചിരുന്നു. നിരവധിപേര്‍ കേസില്‍ കക്ഷിചേരുകയും ചെയ്തു. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും ഇതില്‍ കക്ഷി ചേര്‍ന്നില്ല. ഈ രണ്ടുകൂട്ടരും കോടതിക്ക് പുറത്ത് പരസ്യമായ നിലപാടെടുത്തു. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നായിരുന്നു കേസ് നടന്നുക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഇരുവരും എടുത്തിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മതനിരപേക്ഷത എന്ന് പറയുന്നത് ഏതൊരാള്‍ക്കും അയാളുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശമാണ്. മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും മതനിരപേക്ഷത അനുവദിക്കുന്നുണ്ടന്നും പിണറായി വിജയൻ പറഞ്ഞു. അടിസ്ഥാനപരമായ പ്രശ്‌നം പുരുഷനും സ്ത്രീക്കും തുല്യാവകാശം ഉണ്ടോയെന്നാണ്. അതായിരുന്നു എല്‍ഡിഎഫിന്റെ സമീപനം. ഈ വിഷയത്തില്‍ ഒരു നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എല്ലാം പരിശോധിച്ച് സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധി എന്താണോ അത് നടപ്പാക്കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞതെന്നും പിണറായി പറഞ്ഞു.

വിശ്വാസികളുമായി ഏറ്റമുട്ടാന്‍ സർക്കാർ തയ്യാറല്ലെന്നും പിണറായി വ്യക്തമാക്കി. ഏത് വിശ്വാസിക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ സഹായിക്കുന്ന ഉറച്ച നിലപാടുള്ളവരാണ്. എന്നാല്‍ ഞങ്ങളുടെ വിശ്വാസമനുസരിച്ചേ ജീവിക്കാന്‍ പാടുള്ളൂ നിന്റെയൊന്നും വിശ്വാസം ഇവിടെ പാടില്ലെന്ന് പറഞ്ഞ് ആക്രമിച്ചവരെ നേരിടാന്‍ ഞങ്ങള്‍ അറച്ചു നിന്നിട്ടില്ല. കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്നും പിണറായി പറഞ്ഞു.


Read More Related Articles