പൗരത്വ ഭേദഗതി ബിൽ; ജാമിയ ക്യാംപസിൽ പൊലീസ് അടിച്ചമർത്തൽ രൂക്ഷം, നിരവധി വിദ്യാർത്ഥികൾ ആശുപത്രിയില്‍
പൗരത്വ ഭേദഗതിക്കെതിരായ ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ചിന് നേരെ ഡൽഹി പൊലീസിന്റെ ലാത്തിച്ചാർജ്. ലാത്തിച്ചാർജിനെ തുടര്‍ന്ന് ക്യാംപസിനകത്തും പൊലീസ് വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയാണ്. പരിക്കേറ്റ വിദ്യാർത്ഥികൾ ചികിത്സയിലാണ്. ജാമിയയിലെയും ഓഖ്ല വിഹാറിലെയും ജനങ്ങളും വിദ്യാർത്ഥികൾക്കൊപ്പം തെരുവിൽ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്നു മണിക്കൂറുകളിലേറെ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതിക്കുമെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള മാർച്ച് തുടര്‍ന്നു. മാതാ മന്ദിർ റോഡിനടുത്തായി പൊലീസ് ടിയർ ഗ്യാസും ലാത്തിച്ചാർജും ഉപയോഗിച്ച് മാർച്ചിനെ അടിച്ചമർത്താൻ നോക്കുകയായിരുന്നു.
“പൊലീസ് ഇപ്പോൾ ക്യാംപസിനകത്തേക്ക് പ്രവേശിച്ചു വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം തുടങ്ങി, ഇതേത്തുടർന്ന് വിദ്യാർത്ഥികൾ ലെെബ്രറിക്കകത്ത് കയറിയെങ്കിലും ലെെബ്രറിയും ടിയർ ഗ്യാസ് ഉപയോഗിച്ച് ആക്രമിക്കുകയാണ്, ലെെബ്രറിയുടെ ടെറസ് ഗേറ്റ് തകർത്ത് ടെറസിലേക്ക് കടക്കാനാണ് ശ്രമിക്കുന്നത്” എന്നുമാണ് ജാമിയ ക്യാംപസിൽ നിന്നും വന്ന സന്ദേശം.വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം തുടരുമ്പോഴും ക്യാംപസിന്‍റെ സമീപ പ്രദേശങ്ങളിലേക്കും പൊലീസ് നീങ്ങിയിട്ടുണ്ട് എന്നുമാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാർത്ഥികൾ പൗരത്വ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും സമരം ചെയ്തുവരികയാണ്. സമരത്തിന്റെ രണ്ടാം ദിവസം വിദ്യാർത്ഥികൾക്ക് നേരെ ടിയർ ഗ്യാസ് ഷെല്ലിങ്ങും കല്ലേറുമുണ്ടായി. ഒരു വിദ്യാർത്ഥിയുടെ പെരുവിരലിന് പരിക്കേറ്റതടക്കം നിരവധി വിദ്യാർത്ഥികൾക്ക് കല്ലേറിലും ഷെല്ലിങ്ങിലും പരിക്കേറ്റിട്ടുണ്ട്. അതിശക്തമായ പ്രതിരോധമാണ് അപ്പോഴും ജാമിയയിലെ വിദ്യാർത്ഥികൾ തുടർന്നത്. മൂന്നാം ദിവസമാണ് ജാമിയയിലെ ജനങ്ങളടക്കം വിദ്യാർത്ഥികൾക്കൊപ്പം ചേർന്നത്. സമരത്തെ അവസാനിപ്പിക്കാൻ ക്യാംപസിൽ ശീതകാല അവധി പ്രഖ്യാപിക്കുകയും ഉണ്ടായി.