മലപ്പുറം പാണ്ടിക്കാട് ടവര്‍ വിരുദ്ധ ജനകീയ കൂട്ടായ്മ ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു

By on

മലപ്പുറം പാണ്ടിക്കാട് ജനവാസകേന്ദ്രത്തിൽ ജനങ്ങൾക്ക് ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന മൊബൈൽ ടവർ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്ന ടവർ വിരുദ്ധ ജനകീയ സമരസമിതി തങ്ങളുടെ വോട്ടുകൾ ബഹിഷ്കരിച്ചു. ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി ഏകപക്ഷീയമായി പഞ്ചായത്ത് സെക്രട്ടറിയെടുത്ത തീരുമാനമാണ് ടവറിന് അനുമതി നല്‍കല്‍. ഇതിനെതിരെ പാണ്ടിക്കാട് കുറ്റിപുളിയിലെ ജനങ്ങള്‍ സമരം തുടങ്ങിയിട്ട് എഴുപതോളം ദിവസങ്ങളായി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കുന്നതായി അറിയിച്ചുകൊണ്ട് ടവര്‍ വിരുദ്ധ ജനകീയ സമരസമിതി പുറത്തിറക്കിയ പ്രസ്താവന

പാണ്ടിക്കാട് പ്രദേശത്ത് അനധികൃതമായി, നിയമലംഘനം വഴി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച റിലയൻസ് ജിയോ ടെലികോം നെറ്റ്‌വർക്ക് ടവറിനെതിരെ കഴിഞ്ഞ എഴുപതോളം ദിവസങ്ങളിലായി ശക്തമായ സമരം നടത്തി വരികയാണ്. തികച്ചും ന്യായവും, ജനാധിപത്യപരവുമായ സമരത്തോട് വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾ മുഖം തിരിക്കുകയാണ് ഉണ്ടായത്. സമരത്തിന്റെ നാൾവഴികളിൽ ജനങ്ങളെ കോർപ്പറേറ്റുകൾക്ക് ഒറ്റു കൊടുത്തുകൊണ്ട് സമരം തകർക്കാൻ വേണ്ടി ശ്രമിക്കുകയാണ് ഇവർ ചെയ്തത്. ജനങ്ങളുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും സംരക്ഷകരാണ് എന്ന് പറയുന്ന ഈ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടിക്കാർ സത്യത്തിൽ ജനവഞ്ചകരാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ്.

ജനങ്ങൾക്ക് ആരോഗ്യപ്രശ്നം ഉണ്ടാകുമെന്നും പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉണ്ടെന്നും കാരണം കാണിച്ച് പഴയ പഞ്ചായത്ത് സെക്രട്ടറി ടോമി ജോൺ ടവർ നിർമ്മാണത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു. എന്നാൽ പുതിയ സെക്രട്ടറി എസ്. ബീന യാതൊരു നടപടിക്രമങ്ങളും നടത്താതെ ഏകപക്ഷീയമായി ടവറിന് അനുമതി നൽകുകയാണുണ്ടായത് അതിനു കാരണമായി അവർ പറയുന്നത് കോടതിവിധി ഉണ്ടെന്നാണ് എന്നാൽ വിധിയിൽ പറയുന്നത് 30 ദിവസത്തിനകം അപേക്ഷ പുന:പരിഗണിക്കണമെന്നു മാത്രമാണ്. അനുമതി നൽകണം എന്ന നിർബന്ധം കാണുന്നില്ല. ആയതിനാൽ ടവർ നിർമാണം നടക്കുന്ന പ്രദേശത്ത് യാതൊരു പഠനവും നടത്താതെ സെക്രട്ടറി പുതുതായി അനുമതി നൽകിയത് മറ്റു പല താൽപര്യങ്ങളെയും സംരക്ഷിക്കാൻ വേണ്ടി തന്നെയാണ്. ഇത് കടുത്ത അനീതിയാണ്, ജനവഞ്ചനയാണ്.

കേവലം ഗ്രാമപഞ്ചായത്ത് നിലപാടെടുത്താൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണ് ഇപ്പോൾ ഇവിടെ നിലനിൽക്കുന്നത്. എന്നാൽ പഞ്ചായത്ത്‌ സെക്രട്ടറിയും ഭരണ-പ്രതിപക്ഷ കക്ഷികളും ഉദ്യോഗസ്ഥ മേധാവിത്വവും ഒന്നു ചേർന്നുകൊണ്ട് ജനങ്ങളുടെ അവകാശങ്ങളെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്. ഈ കൂട്ടികൊടുപ്പിൽ പ്രതിഷേധിച്ച് കൊണ്ട് ടവർ വിരുദ്ധ ജനകീയ സമരസമിതി തങ്ങളുടെ വോട്ടുകൾ ബഹിഷ്കരിക്കുകയാണ്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഉറപ്പുവരുത്താനും തയ്യാറല്ലാത്ത ഈ രാഷ്ട്രീയക്കാരുടെ കള്ളത്തരങ്ങൾ മറന്നുകൊണ്ട് അവരെ സംരക്ഷിക്കാൻ ഞങ്ങളും തയ്യാറല്ല.

“വോട്ട് ബഹിഷ്കരിക്കുന്ന മുഴുവൻ ജനങ്ങളോടും അവരുടെ ധീര പോരാട്ടങ്ങളോടും  ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളുടെ വോട്ടും ഞങ്ങൾ സ്വയം ബഹിഷ്കരിക്കുന്നു”

കൺവീനർ
ടവർ വിരുദ്ധ ജനകീയ
സമരസമിതി.
പാണ്ടിക്കാട് – കുറ്റിപുളി.

23-04-2019


Read More Related Articles