ശബരിമല സന്ദർശനം നടത്തിയ ‘സ്ത്രീകളെ കൊല്ലാൻ റെഡി’യാണെന്ന് സംഘപരിവാർ ​ഗ്രൂപ്പുകൾ; സംരക്ഷണം നൽകിയ പൊലീസുദ്യോ​ഗസ്ഥർക്കും സ്കെച്ച്

By on

ശബരിമലയിൽ സന്ദർശനം നടത്തിയ യുവതികളെ കൊല്ലാൻ ആഹ്വാനം ചെയ്തു സംഘപരിവാർ ​ഗ്രൂപ്പുകളിൽ പോസ്റ്റുകളുടെ പ്രളയം. കാവിപ്പട എന്ന സംഘപരിവാർ എഫ് ബി ​ഗ്രൂപ്പിലാണ് പ്രധാനമായും ശബരിമല സന്ദർ‌ശം നടത്തിയ യുവതികളെ കൊല്ലാൻ നിരവധി പേർ ആഹ്വാനം ചെയ്യുന്നത്. അവരെ കൊല്ലാൻ തയ്യാറാണെന്ന് പലരും പ്രഖ്യാപിച്ചിട്ടുമുണ്ട്. മല ചവിട്ടിയ സ്ത്രീകളെ അധിക്ഷേപിച്ച് അഭിസംബോധന ചെയ്തുകൊണ്ട് അവരെ എന്തു ചെയ്യാനാണ് പരിപാടി എന്ന ചോദ്യത്തിന് താഴെയാണ് കൊല്ലാൻ തയ്യാറാണെന്ന് പലരും പറയുന്നത്. കേറിയവർക്ക് ഇനി ഭൂമിയിൽ അഡ്രസ് ഇല്ലാത്തവരായി മാറണം എന്ന് ഒരാൾ പറയുന്നു. അവരെ കൊല്ലാൻ തയ്യാറാണെന്ന് നിരവധി പേർ പറയുന്നു.

ഇനി പുറത്ത് ഇറങ്ങാൻ അനുവദിക്കരുതെന്ന് ഒരാൾ പറയുമ്പോൾ. അവരെ ചുവന്ന തെരുവിലാക്കണമെന്ന് വേറൊരാൾ പറയുന്നു.


ശബരിമല ക്ഷേത്രത്തിൽ തൊഴുത യുവതികൾക്ക് സംരക്ഷണം ഒരുക്കിയ പൊലീസുകാരെന്ന് കരുതപ്പെടുന്നവരെയും അക്രമിക്കാൻ പലരും കാവിപ്പടയിൽ ആഹ്വാനം ചെയ്യുന്നു. യുവതികൾക്കൊപ്പമുള്ള പൊലീസുകാരൻ എന്ന് കരുതപ്പെടുന്ന ആളുടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നത്.

സ്ത്രീകളെ മാത്രമല്ല അവരുടെ വീട്ടിൽ ഉള്ളവരെയും ആക്രമിക്കണമെന്നും സംഘപരിവാർ ​ഗ്രൂപ്പിൽ ആഹ്വാനമുണ്ട്.

ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളാണ് ഇന്ന് പുലര്‍ച്ചയ്ക് 3.45 ഓടെ ശബരിമല സന്ദര്‍ശനം നടത്തിയത്. പൊലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.

ഡിസംബര്‍ 24 ന് ഇവര്‍ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്ന് പൊലീസ് ഇവരെ ബലം പ്രയോഗിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത് വിവാദമായിരുന്നു.

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ചതോടെ തന്ത്രി ക്ഷേത്രനടയടച്ച് ശുദ്ധികര്‍മ്മം നടത്തിയത് വന്‍ വിവാദമായി. ക്ഷേത്ര നട അടച്ച തന്ത്രിയ്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി വിമര്‍ശനമുന്നയിച്ചു. തന്ത്രിയ്ക്ക് തന്‍റെ നടപടി കോടതിയില്‍ വിശദീകരിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.


Read More Related Articles