ഒടിയനില്‍ ഉടയുന്ന മലയാള സവര്‍ണ സിനിമ

By on

Opinion by Aravind Indigenous

എന്തുകൊണ്ടാണ് മോഹൻലാലിനെതിരെ ഇത്രയും രോഷമുണ്ടാകുന്നത്. ഒരു സിനിമ മോശമായെന്നു കരുതി ഈ സിവിൽ സമൂഹം എന്തിനാണ് മോഹൻലാലിനെ ഇങ്ങനെ വലിച്ചു കീറി ഒട്ടിക്കുന്നതു. അത് ശരിക്കും ആ ശ്രീകുമാർ മേനോനെതിര അല്ല അത് മോഹൻലാലിനെ ആണ് അറ്റാക്ക് ചെയുന്നത്. ഒരു വലിയ ആൾകൂട്ടം അത് വെറുതെ മറ്റു നടന്മാരുടെ ഫാൻസ്‌ മാത്രമൊന്നുമല്ല. സത്യത്തിൽ മോഹൻലാൽ എന്ന നടനോട് തന്നെയാണ് ആ ആക്രമണം നടക്കുന്നത്.

തൊണ്ണൂറുകൾ കടന്നു രണ്ടായിരാമാണ്ടിൽ അതിന്‍റെ ആദ്യ രണ്ടു ദശാബ്ദത്തിൽ എന്താണ് ആ താരരാജാവിനെ ഒരു വലിയ സമൂഹത്തിനു അത്ര താല്പര്യമില്ലാത്ത ഒരാളാക്കിയത്? അത് വെറുതെ ഒരു ദിവസം സംഭവിച്ചതാണെന്നു കരുതുന്നെങ്കിൽ അത് തെറ്റാണ്.ശ്രദ്ധിച്ചാൽ മനസിലാകും പഴയ ബിംബങ്ങൾ ഒക്കെ ഒരു വശത്തു നിന്നും ഉടയുന്നുണ്ട്. മലയാളിയുടെ പൊതുബോധം ഉള്കൊള്ളുന്നതിൽ മലയാള സിനിമക്കുള്ള പങ്കു നമ്മൾ തിരിച്ചറിയുന്നുണ്ട്. ശരിയാണ് വർണ വെറിയായും ജാതി വെറിയായും പുരുഷാധിപത്യമായും ഇൻസ്‌പെക്ടർ ബിജുമാരും സുഭാഷ്ചന്ദ്രന്മാരും സന്തോഷ് ഏച്ചിക്കാനങ്ങളും നമുക്കിടയിലേക്ക് വലിഞ്ഞു കയറി വരുന്നുണ്ട് തർക്കമില്ല, എന്നാലും ചക്രവാളത്തിന്‍റെ അങ്ങേ അറ്റത്തു ഒരു ചെറിയ ഇരമ്പൽ കേൾക്കുന്നില്ലേ… വളരെ നേർത്ത ഓരോ ഇരമ്പൽ….

സിനിമയിൽ മാത്രമായി അതിനെ ഒതുക്കേണ്ടതുണ്ടെന്നു എനിക്ക് തോന്നുന്നില്ല എന്നാലും സിനിമ മാത്രമെടുക്കാം വെറുതെ… അത്ര റാഡിക്കൽ ആയ മാറ്റമൊന്നുമില്ല ഒരു ചെറിയ 22 ഫീമെയിൽ കോട്ടയം മുതലോ ട്രാഫിക് മുതലോ ഇന്നലെ മഹേഷിലൂടെ കമ്മട്ടിപ്പാടത്തിലൂടെ അങ്കമാലി ഡയറീസിലൂടെ സുഡാനിയിലൂടെ പറവയിലൂടെ ആമേനിലൂടെ ഇന്ന് ഈ മ ഔസേപ്പിലൂടെ ഒക്കെ ഒരു മാറ്റം നമുക്കറിയാൻ കഴിയുന്നില്ലേ? അതിനിടക്ക് കാലയും, പരിയറും പെരുമാളും ഒക്കെ ചേർത്തുപിടിപ്പിക്കാൻ മലയാളി ശീലങ്ങളെ ആരൊക്കെയോ നിർബന്ധിക്കുന്നില്ല ?

ഞാൻ വിചാരിച്ചു നേരത്തെ പറഞ്ഞ ആ ഇരമ്പൽ എനിക്ക് മാത്രമേ കേള്കുന്നുള്ളു എന്ന് ഇനി ശ്രദ്ധിച്ചുകഴിഞ്ഞാൽ നിങ്ങൾക്കും കേൾക്കും. ഒന്ന് കൂടി ശ്രദ്ധിച്ചാൽ അതിലൊരു സ്വാഭാവികമായ ഉൾക്കലഹം നടന്നു കൊണ്ടിരിക്കുന്നുണ്ടെന്നു നമുക്ക് സ്വാഭാവികമായും മനസിലാകും. വളരെ പതുക്കെയാണ് കേട്ടോ പട പടാന്നല്ല… പതുക്കെ ഒരു പൂവിരിയുമ്പോലെ പതുക്കെ….

നോക്ക് ആ വള്ളുവനാടിന്‍റെ നായർ തറവാടിന്‍റെ ദൈന്യതയിൽ നിന്നും മലയാള സിനിമ പതുക്കെ പുറത്തു വരുന്നുണ്ട്. സവർണ ദൈന്യതയുടെ സ്റീരിയോടൈപ്പ്‌ ദുരന്ത നിവാരണ നായകനിലേക്കും അവിടെ നിന്ന് മസ്കുലർ അഗ്രെസ്സിവ് സവർണ എക്സ്റ്റസികളിലേക്കും കൂപ്പുകുത്തിയ മലയാള സിനിമ പതുക്കെ തിരിച്ചു കരകയറുകയാണ്. ആസ്വാദനബോധം മാറുകയാണ്. നായർ നമ്പൂതിരി എക്സ്റ്റസികൾ അപ്രത്യക്ഷമാക്കിയ പലധാരകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ലാറ്റിൻ കാത്തലിക്, മുസ്ലിം ദളിത് ആദിവാസി സാംസ്‌കാരിക പ്രതലങ്ങൾ വെളിപ്പെട്ടു തുടങ്ങിയിരിക്കുന്നു. സവർണ ഇസ്ലാമിക ക്രിസ്ത്യാനി വ്യവഹാരങ്ങൾ അപ്രത്യക്ഷമായെന്നല്ല.. പതുക്കെ പല പ്രതലങ്ങളിലേക്ക് നമ്മുടെ ആസ്വാദനം ചലിക്കുന്നു എന്നാണ്.വൈവിധ്യമാർന്ന സാംസ്‌കാരിക സങ്കലനങ്ങൾ അസ്സേർട് ചെയ്തു തുടങ്ങിയിരിക്കുന്നു. ജീവിത പരിസരങ്ങളുടെ തളിമയാർന്ന വൈവിധ്യങ്ങൾ, ബോധത്തിനും അബോധത്തിനുമിടയിലുള്ള മാജിക്കൽ റിയലിസ്റ് ആസ്വാദന സൗന്ദര്യങ്ങൾ, പുതിയ രാഷ്ട്രീയ ചോദ്യങ്ങൾ എല്ലാം വരുന്നു.

പഴയ സോപാന സംഗീതത്തിന്റെയും പടിപ്പുര ദൈന്യതയുടെയും റിജെക്ഷൻ ആണിത്, റിസർവേഷൻ വിരുദ്ധതയുടെ റിജെക്ഷൻ ആണിത്… ആ ഭൂപരിഷ്കരണ ഇര വാദം, നവോത്ഥാനത്തിന്‍റെ ഇരവാദം ഒന്നും ഇനി പഴയതുപോലെ വിറ്റുപോകില്ലെന്നു ‘അമ്മ’ കരയോഗം നായന്മാർക്ക് ഇപ്പോഴും മനസിലായിട്ടില്ല. പ്രിയദർശൻ മോഹൻലാൽ എംജി ശ്രീകുമാർ നായന്മാർ അതൊക്കെ ഇനിയെങ്കിലും ഒന്ന് മനസിലാക്കുന്നത് നന്നായിരിക്കും… ആ അബോധത്തിന്‍റെ അവസാനത്തെ ഇരയാണ് ഈ പറയുന്ന ശ്രീകുമാര മേനോൻ. എന്തായാലും സവര്‍ണ എക്സ്റ്റസികൾക്ക് മോഹൻലാലിൻറെ വലിച്ചുകെട്ടിവെച്ച വയറുപോലെ വടിവൊത്തു നിൽക്കാൻ എല്ലാകാലവും കഴിയില്ല എന്നതാണ് വാസ്തവം. അതിന്റെ ആസ്വാദന മികവ് പോയിക്കഴിഞ്ഞു. എല്ലാം അടിമുടി മാറുകയാണ് സവർണ്ണ പുരുഷ സൗന്ദര്യ സങ്കൽപം പോലും പൊതുബോധത്തിൽ നിന്നും പതുക്കെ മാറിത്തുടങ്ങി. സാംസ്കാരിക സങ്കലനം ആസ്വാദനബോധം ഇവയൊക്കെ മാറുകയാണ്. സാമൂഹ്യസ്വഭാവം മാറുകയാണ്. സ്റ്റീരിയോടൈപ്പ്‌ സവര്‍ണത ഒരു വശത്തു നിന്നും പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു… വൻ വിഗ്രഹങ്ങളാണ് പൊളിക്കുന്നത്. മമ്മൂട്ടിയുടേത് പോലുള്ള സവർണ ശരീരങ്ങൾ കാണിക്കുന്ന മൗനമാവും എല്ലാവര്ക്കും അഭിലഷണീയം. അല്ലെങ്കിൽ പുതിയ കാലം ഓടിയനെ തേച്ചൊട്ടിച്ചതുപോലെ മതിലേൽ ഒട്ടിക്കും. ആ ഓഡിറ്റിംഗ് വെറുമൊരു ഓഡിറ്റിംഗ് അല്ല അതൊരു സാംസ്‌കാരിക സങ്കലനമാണ്.

മോഹൻലാലിന്‍റെ സവർണ്ണതയെ ജനങ്ങൾ ബ്രാഹ്മണ്യമായി കണ്ടു വെറുക്കാൻ തുടങ്ങിയിരിക്കുന്നു. അയാളുടെ ബ്ലോഗെഴുത്തും അരാഷ്ട്രീയതയും ഹിന്ദുത്വബിംബവത്കരണവും ജനങ്ങൾ സംഘപരിവാറിനെ കാണുന്നതിന് തുല്യമായിട്ടാണ് കാണുന്നത്. ഇത് മനസിലാകാത്തത് ആകെ കൂടി ഔട്ട് പൊട്ടൻ ഗ്രൂപ്പ് ഫോളോ ചെയുന്ന ഫാൻസ്‌ സംഘികൾക്ക് മാത്രമാണ്.
ബാക്കിയുള്ളവർക്ക് ഏകദേശം സാഹചര്യം വ്യക്തമായിട്ടുണ്ട്. ചിലപ്പോൾ അയാളുടെ സിനിമകൾ ഇനിയും വിജയിച്ചേക്കാം സവര്‍ണത അങ്ങ് തകർന്നു പൊളിഞ്ഞു പാളീസായെന്നല്ല,  തകരുന്നുണ്ട് എന്നാണ്.

ആ പൊളിഞ്ഞ തുടങ്ങിയ സവര്ണതയുടെ ശ്രീകോവിലിലേക്കാണ് അത് ഒന്ന് കൂടി തകർത്തിട്ടാണ് വിനായകൻ കടന്നു വരുന്നത്. എന്തുകൊണ്ടാണ് വിനായകനിസത്തിൽ പുതിയൊരു ഉണർവുണ്ടെന്നു അടിത്തട്ടിൽ നിന്ന് ഒരു ഇരമ്പമുണരുന്നത്? തിയേറ്ററിൽ നിങ്ങൾക്കത് കാണാനാകും. ആ മുനഷ്യനെ സ്‌ക്രീനിൽ വെറുതെ ഒന്നു കാണിച്ചാൽ മതി ആ മാറ്റം നിങ്ങൾക്കറിയാനാകും. സത്യത്തിൽ അത് പികെ റോസിക്കും മണിച്ചേട്ടനും വിജയൻ ചേട്ടനുമുള്ള ഒരു
ട്രിബൂട്ട് ആണ്. തിരസ്കൃതമായിപ്പോയ അനേകം ജനതയുടെ സാംസ്‌കാരിക ഇടപെടൽ ആണ്. അതാണ് പൊതുബോധത്തെ മാറ്റുന്നത്.

അയ്യങ്കാളി മുതൽ അംബേദ്‌കർ മുതൽ ദാക്ഷായണി വേലായുധൻ മുതൽ അനേകമാളുകളിലൂടെ, ഇന്ന് സണ്ണിമാഷിലും, രേഖ ചേച്ചിയിലും, ലീല സന്തോഷിലും ദിനുവിലും വിഷ്ണു വിജയനിലും വരെ എത്തിനിൽക്കുന്ന പോരാട്ടങ്ങളുടെ തലമുറകൾ കടന്നുള്ള രാഷ്ട്രീയ അധ്വാനത്തിന്റെ വിയർപ്പിന്റെ കണക്കു കൂടിയാണത്.

സത്യത്തിൽ ഇവിടെ ആരാണ് മോഹൻലാലിന്‍റെ സാംസ്‌കാരിക മൂലധനത്തെ ആ സവർണ ശരീരത്തിന്‍റെ പ്രിവിലേജുകളെ അതുപോലുള്ള അനേകം ശരീരങ്ങളെ ഉപയോഗിച്ച് പ്രിയദർശൻമാരും ദാമോദരന്മാരും ഉണ്ടാക്കിയെടുത്ത ദളിത് വിരുദ്ധതയെ ഇസ്ലാമിക വിരുദ്ധതയെ പൊളിക്കുന്നതു എന്ന് ചോദിച്ചാൽ അത് പൊളിച്ചു ഒരു ലെവലിൽ എത്തിച്ചത് ഈ നാട്ടിൽ ഉണർന്നിരിക്കുന്ന ദളിത് വ്യവഹാരങ്ങൾ കൂടിയാണ്.

നിങ്ങൾ മലയാളി സവര്‍ണതയുടെ ആസ്വാദന ശീലങ്ങളെ ഞങ്ങൾ ഒരു വശത്തു നിന്ന് പൊളിച്ചു ഒരു ലെവലിൽ എത്തിച്ചിട്ടുണ്ട്. അവിടേക്കാണ് വിനായകനും ശബരിമലയിലെ ആദിവാസിയായ അയ്യപ്പനും കടന്നു വരുന്നത്. അതിനെ തിരസ്കരിക്കാൻ നിങ്ങൾക്ക് കഴിയില്ല.


Read More Related Articles