ഗജ ചുഴലിക്കാറ്റിന് പിന്നാലെ ഭരണകൂട അവഗണനയും; എല്ലാം നഷ്ടപ്പെട്ട് തീരദേശ, കർഷക ജനത
നവംബർ 16 പുലർച്ചെ 1.40 നാണ് ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തുകൂടെ കടന്നുപോയത്, നാഗപട്ടണത്തിനും വെടരന്നിയത്തിനും ഇടയിലൂടെ ആയിരുന്നു അത്. നാഗപട്ടണം, തഞ്ചാവൂർ, തിരുവരൂർ, പുതുക്കോട്ടെെ എന്നീ ഡെൽറ്റാ ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളാണ് ഗജ ഉണ്ടാക്കിയത്. ഇന്നലെ രാവിലെ വരെ 45 പേരാണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഒാഫീസ് നൽകുന്ന വിവരം അനുസരിച്ച് 1.7 ലക്ഷം മരങ്ങൾ കടപുഴകിയിട്ടുണ്ട്. 735 കന്നുകാലികൾ കൊല്ലപ്പെട്ടിട്ടുണ്ട്. 1.17 ലക്ഷം വീടുകൾ തകർന്നിട്ടുണ്ട്, 88,102 ഹെക്ടർ കൃഷിഭൂമിയെ ഗജ ബാധിച്ചിട്ടുണ്ട്.
2.5 ലക്ഷത്തോളം പേരെയാണ് ഗജ വീശിയ ജില്ലകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചിട്ടുള്ളത്. ആയിരക്കണക്കിന് ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് വീണതിനാൽ ഈ ജില്ലകളിൽ വെെദ്യുതി വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. 2004ൽ നാശം വിതച്ച സുനാമിക്ക് ശേഷമുണ്ടായ വലിയ പ്രകൃതി ദുരന്തമായാണ് ഗജ കണക്കാക്കപ്പെടുന്നത്. ഡെൽറ്റ ജില്ലകൾ പ്രധാനമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നതിനാൽ ഈ ഗ്രാമങ്ങളിലെ ജനങ്ങളുടെ ഉപജീവനം പ്രശ്നത്തിലായിരിക്കുകയാണ്.
വിളകൾക്ക് പൂർണനാശം സംഭവിച്ചിട്ടുണ്ട്. തെങ്ങ്, വാഴ, തേക്ക് തുടങ്ങിയവ പൂർണമായും നശിച്ചു. ഈ പ്രതിസന്ധി സൃഷ്ടിച്ച പരിഭ്രാന്തിയിൽ നിന്ന് ജനങ്ങൾ മുക്തരായിട്ടില്ല. അടുത്തുണ്ടായ പ്രകൃതിദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴുണ്ടായിരുന്ന ശ്രദ്ധയും ജാഗ്രതയും ഗജ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ കാണിച്ചിട്ടില്ല. ഇതുവരെയും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഈ പ്രദേശങ്ങൾ സന്ദർശിച്ചിട്ടില്ല. ഇതേപ്പറ്റി ചോദിച്ച മാധ്യമങ്ങളോട് മുമ്പേ പ്ലാൻ ചെയ്ത കെട്ടിടത്തിന്റെയും പാലത്തിന്റെയും ഉദ്ഘാടനം അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ട് എന്നായിരുന്നു മറുപടി.
ഈ പ്രദേശങ്ങളിലെ ഗതാഗതം സാരമായി തടസ്സപ്പെട്ടിട്ടുണ്ട്. അവശ്യവസ്തുക്കളുടെ ലഭ്യതയും ഇല്ലാതായിരിക്കുകയാണ്. കടപുഴകിയ മരങ്ങളും തകർന്ന വീടുകളും ബ്ലോക്കായ റോഡുകളും എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയാണ് ഇവിടെയുള്ള ജനങ്ങൾ.
പരിഭ്രാന്തിയോടൊപ്പം രോഷപ്രകടനങ്ങളും ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ഗവണ്മെന്റിന്റെ അലംഭാവത്തിനെതിരെ പ്രതിഷേധിച്ച് ജനങ്ങൾ പലയിടങ്ങളിലായി കൂട്ടം ചേരുന്നുണ്ട്.
ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങൾ ശരിയായ രീതിയിൽ റിപ്പോർട്ട് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ സെമ്പോടെെ ഗ്രാമത്തിലെ ജനങ്ങൾ ദിനതന്തി പത്രത്തിന്റെ കോപ്പികൾ കത്തിച്ചിരുന്നു.